അടിമാലി : ആദിവാസികളെ ചൂഷണം ചെയ്ത് വിളകളും ഭൂമിയും തട്ടിയെടുക്കുന്നവര്‍ക്കെതിരെ നടപടിയുമായി വനംവകുപ്പ്. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ 100 ഹെക്ടറിന് മുകളില്‍ ഭൂമിയാണ് വനംവകുപ്പ് പുറംനാട്ടുകാരില്നിന്ന് എറ്റെടുത്ത് ആദിവാസികള്‍ക്ക് നല്‍കിയത്. മൂന്നാര്‍ ഡി.എഫ്.ഒ രാജു കെ.ഫ്രാന്‍സിസ്, അടിമാലി റേഞ്ച് ഓഫിസര്‍ കെ.വി. രതീഷ് എന്നിവരുടെ നേതൃത്വത്തിലാണ് നടപടി. ഈ കാലയളവില്‍ 15 പേരെ അറസ്റ്റ് ചെയ്തു.
അടിമാലി റേഞ്ചിന് കീഴില്‍ കുരങ്ങാട്ടി മേഖലയിലാണ് ഇത്തരത്തില്‍ ഏറെ ഭൂമി ആദിവാസികള്‍ക്ക് നഷ്ടമായത്. തലമാലി, പീച്ചാട്, വട്ടയാര്‍, കട്ടമുടി, പെട്ടിമുടി, നൂറാംകര, കൊടകല്ല് മേഖലകളിലും ഹെക്ടര്‍കണക്കിന് സ്ഥലത്താണ് പുറം നാടുകളില്‍ നിന്നുള്ളവര്‍ ആദിവാസികളുമായി കരാര്‍ ഉണ്ടാക്കി ഭൂമി തട്ടിയെടുത്തിട്ടുള്ളത്. ഇതോടൊപ്പം ആദിവാസി ഊരുകളോട് ചേര്‍ന്നുള്ള വനഭൂമി കൈയേറി ഏലംകൃഷി ഇറക്കുകയും ചെയ്യുന്നുണ്ട്.
രോഗം, ഭക്ഷണം മുതലായ വിഷമതകള്‍ നേരിടുന്ന ആദിവാസികളെ സഹായിക്കാനെന്ന വ്യാജേന എത്തുന്നവര്‍ ഒരു വര്‍ഷം ആദിവാസികള്‍ ഉൽപാദിപ്പിക്കുന്ന വിളകള്‍ വാങ്ങും. പിന്നീട് ഭൂമി മൊത്തമായി കൈക്കലാക്കുന്ന പ്രവണതയാണ് കണ്ടുവരുന്നത്.
പാട്ട വ്യവസ്ഥയില്‍ കൃഷിചെയ്യുന്നതിന് ആദിവാസികളുമായി കരാറിൽ ഏർപ്പെടുന്നവർ ഇതിന്റെ മറവിൽ 10 മുതല്‍ 20 ഹെക്ടര്‍വരെ വനഭൂമിയിലാണ് ഏലകൃഷി ഇറക്കുന്നത്. ഷോല വനത്തിന്റെ ഭാഗമായി കിടക്കുന്ന വനത്തില്‍ അടിക്കാടുകള്‍ വെട്ടിമാറ്റി മണ്ണിളക്കി ഏലകൃഷി ഇറക്കുബോള്‍ വ്യാപകമായി ജൈവ സമ്പത്ത് നശിക്കുകയും വന്യമൃഗങ്ങളുടെ ആവാസ വ്യവസ്ഥ തകരുകയും ചെയ്യും. കഴിഞ്ഞദിവസം തലനിരപ്പന്‍ ആദിവാസികോളനിയില്‍ പാട്ടത്തിനെടുത്ത് ഭൂമി തട്ടിയെടുക്കുന്നതിനെതിരെ വനപാലകര്‍ ബോധവത്കരണ ക്ലാസ് നടത്തി. പനംകുട്ടി ഫോറസ്റ്റ് സ്റ്റേഷന് ഇന്‍ചാര്‍ജ് എ.വി. വിനോദിന്റെ നേതൃത്വത്തിലായിരുന്നു ക്ലാസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.