അടിമാലി: വർധിച്ചുവരുന്ന വന്യമൃഗ ശല്യത്താൽ ദേവികുളം, ഉടുമ്പൻചോല താലൂക്കുകളിൽ ജനജീവിതം കൂടുതൽ ദുസ്സഹം. ആഴ്ചകളായി കാട്ടാനകളാണ് ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായിരുന്നെതെങ്കിൽ ഇപ്പോൾ ജനം കൂടുതൽ ഭയക്കുന്നത് കാട്ടുപോത്തുകളെയാണ്. ജൂലൈയിൽ കാട്ടാന വൈദ്യുതാഘാമേറ്റ് ചെരിഞ്ഞ കാഞ്ഞിര വേലിയിൽ ജനവാസ കേന്ദ്രത്തിൽ കാട്ടുപോത്തിറങ്ങി.
വഴിയിലൂടെ നടന്നുവന്ന രണ്ടുപേർ കാട്ടുപോത്തിന്റെ മുന്നിൽ അകപ്പെട്ടെങ്കിലും തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ആദ്യമായാണ് കാട്ടുപോത്ത് കാഞ്ഞിരവേലിയിൽ എത്തുന്നത്. തൊട്ടടുത്ത ഇഞ്ചത്തൊട്ടിയിൽ കാട്ടുപോത്ത് ഇറങ്ങിയിരുന്നു. തുടർന്നാണ് കാഞ്ഞിരവേലിയിലും കാട്ടുപോത്തിനെ കണ്ടത്. ഇരുമ്പുപാലം, പടിക്കപ്പ്, പ്ലാക്കയം തുടങ്ങിയ ജനവാസ മേഖലയിലും കാട്ടുപോത്ത് ഇറങ്ങിയിരുന്നു.
മാങ്കുളം, മൂന്നാർ, മറയൂർ, വട്ടവട, കാന്തല്ലൂർ പഞ്ചായത്തുകളിലും കാട്ടുപോത്തിന്റെ ശല്യമുണ്ട്. ഇതോടൊപ്പം കാട്ടുപന്നിയും വലിയ നാശമാണ് വരുത്തുന്നത്. ചിന്നക്കനാൽ, ശാന്തൻപാറ, മാങ്കുളം, മൂന്നാർ, ദേവികുളം, അടിമാലി പഞ്ചായത്തുകളുടെ വിവിധ പ്രദേശങ്ങളിൽ കാട്ടാന വലിയ ഭീഷണിയാണ്. ഒരാഴ്ചക്കിടെ നാല് വീട് കാട്ടാനക്കൂട്ടം തകർത്തു. പടയപ്പ, ചക്കക്കൊമ്പൻ, മുറിവാലൻ തുടങ്ങിയ ഒറ്റയായി നടക്കുന്ന കാട്ടാനകളും കൂട്ടമായി എത്തുന്ന കാട്ടാനകളും ഉണ്ടാക്കുന്ന നഷ്ടം വലുതാണ്.
എന്നാൽ, കർഷകർക്ക് ഒരു നഷ്ടപരിഹാരവും ലഭിക്കുന്നില്ല. വന്യജീവികൾ വനത്തിന് പുറത്തിറങ്ങാതെ പദ്ധതികൾ തയാറാക്കുമെന്ന് പറയുന്നതല്ലാതെ വനം വകുപ്പ് ഒന്നും ചെയ്യുന്നില്ല. ഉരുക്കുവടം, ഇലട്രിക് ഫെൻസിങ്, കിടങ്ങ് എന്നിവക്കായി കോടികൾ ചെലവഴിച്ച് പാഴാക്കിയിതല്ലാതെ ഒരുമെച്ചവും കാണുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.