അടിമാലി: 2018ലെ പ്രളയത്തിൽ ഒലിച്ചുപോയ പാലം പുനർനിർമിച്ചില്ല; ഈറ്റകൊണ്ട് രണ്ടാമതും പാലം നിർമിച്ച് ആദിവാസികൾ. മാങ്കുളം ഗ്രാമപഞ്ചായത്തിലെ കള്ളക്കൂട്ടികുടി ആദിവാസി കോളനി നിവാസികളാണ് ഈറ്റപ്പാലം നിർമിച്ച് ഗതാഗത സൗകര്യം കണ്ടെത്തിയത്.
2018ലെ പ്രളയത്തിലായിരുന്നു പാലം തകര്‍ന്നത്. വേനല്‍ക്കാലത്ത് പുഴയില്‍ ഒഴുക്ക് കുറയുന്നതോടെ കുടുംബങ്ങള്‍ക്ക് പുഴ മുറിച്ചുകടന്ന് അക്കരെയിക്കരെയെത്താനാകും. എന്നാല്‍, മഴക്കാലമാരംഭിച്ചതോടെ കുടുംബങ്ങള്‍ മുന്‍വര്‍ഷങ്ങളിലെന്ന പോലെ ഇത്തവണയും യാത്രക്കായി താല്‍ക്കാലിക ഈറ്റപ്പാലമൊരുക്കി. 2018ൽ നിർമിച്ച പാലം കാലപ്പഴക്കത്താൽ നശിച്ചിരുന്നു. രണ്ട് മാസം മുമ്പ് വേനൽമഴയിൽ മലവെള്ളം ഉയർന്നപ്പോൾ കള്ളക്കൂട്ടികുടി ഒറ്റപ്പെട്ടിരുന്നു. റീബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തിയതായാണ് ഗ്രാമപഞ്ചായത്ത് അധികൃതരുടെ വിശദീകരണം.
പെരുമന്‍കുത്ത് മുതല്‍ ഈ ഭാഗത്തേക്കുള്ള ആദ്യ റീച്ച് റോഡിന്റെ നിർമാണത്തിന് തുടക്കം കുറിച്ചിട്ടുണ്ട്. രണ്ടാം റീച്ച് റോഡ് നിർമാണത്തിന്റെ ഭാഗമായി കള്ളക്കൂട്ടിയിലെ പാലത്തിന്റെ നിർമാണവും നടക്കും. തകര്‍ന്ന പാലത്തിന് പകരം ഗതാഗതം സാധ്യമാകുന പാലം നിർമിക്കണമെന്ന ആവശ്യകത കണക്കിലെടുത്താണ് റീബില്‍ഡ് കേരളയുടെ നിർമാണത്തിനായി കാത്തിരിക്കുന്നതെന്നും ഗ്രാമപഞ്ചായത്തംഗം അനില്‍ പറഞ്ഞു.
മഴകനത്താല്‍ കുതിച്ചൊഴുകുന്ന കാട്ടാറിന് കുറുകെ ഈറ്റപ്പാലത്തിലൂടെ സാഹസികമായാണ് ആദിവാസി കുടുംബങ്ങളുടെ യാത്ര. അവശ്യവസ്തുക്കള്‍ വാങ്ങാനുള്‍പ്പെടെ കുടുംബങ്ങള്‍ക്ക് പുറത്തെത്തണമെങ്കില്‍ മഴക്കാലത്ത് ഈ ഈറ്റപ്പാലത്തെ ആശ്രയിക്കണം. മഴക്കാലങ്ങളിലുള്ള യാത്രദുരിതം തിരിച്ചറിഞ്ഞ് പാലം യാഥാർഥ്യമാക്കണമെന്ന ആവശ്യം കുടുംബങ്ങളും മുന്നോട്ടുവെക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.