അടിമാലി: വേനല്‍ കടുത്തതോടെ ഗ്രാമങ്ങളില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായി. ചൂടിനും കാഠിന്യമേറി. ഉള്‍നാടന്‍ ജലസ്രോതസ്സുകളായ തോടുകളും കുളങ്ങളും വറ്റിവരണ്ടതോടെ ജനങ്ങള്‍ കുടിവെള്ളം തേടിയുള്ള നെട്ടോട്ടത്തിലാണ്. മഴക്കാലം തുടങ്ങാന്‍ ഇനിയും രണ്ടുമാസം ബാക്കിനില്‍ക്കെ ജലസ്രോതസ്സുകള്‍ വറ്റിയത് വരള്‍ച്ച കടുക്കുമെന്ന സൂചനയാണ് നല്‍കുന്നത്.
തോട്ടം നനയ്ക്കാന്‍ തുള്ളിവെള്ളം പോലും കിട്ടാതെ കര്‍ഷകരും പ്രതിസന്ധിയിലായി. സാധാരണ എല്ലാ വര്‍ഷവും മേയില്‍ മാത്രം വറ്റാറുള്ള പുഴകളും തോടുകളും ഇപ്പോള്‍തന്നെ വറ്റിവരണ്ട നിലയിലാണ്. ചിന്നക്കനാല്‍, ശാന്തന്‍പാറ, രാജകുമാരി, രാജാക്കാട് പഞ്ചായത്തുകളിലെ ഒട്ടേറെ കര്‍ഷകര്‍ ആശ്രയിക്കുന്ന മുതിരപ്പുഴതന്നെ ഉദാഹരണം.
ഏപ്രില്‍ അവസാനം വരെ വെള്ളം ഉണ്ടാകാറുള്ള പുഴയാണിത്. നീരൊഴുക്ക് നിലക്കാറുണ്ടെങ്കിലും ഭൂരിഭാഗം ഇടങ്ങളിലും ജലസമൃദ്ധമായിരുന്നു. പുഴയില്‍ ഒഴുക്ക് നിലച്ച അവസ്ഥയാണ്. മാത്രമല്ല, ഈ പുഴയുടെ ഭാഗമായി നിർമിച്ച അണക്കെട്ടുകളിലെല്ലാം ജലനിരപ്പ് താഴ്ന്നു.
ദേവിയാര്‍ പുഴയുടെ സ്ഥിതിയും വ്യത്യസ്തമല്ല. പുഴയിലെ കുഴികളില്‍ മാത്രമാണു പേരിനെങ്കിലും വെള്ളം അവശേഷിക്കുന്നത്. ഇതുതന്നെയാണ് മിക്ക ജലസ്രോതസ്സുകളുടെയും സ്ഥിതി. വേനല്‍മഴയില്‍ പുഴയില്‍ നീരൊഴുക്ക് തുടങ്ങിയിരുന്നെങ്കിലും ദിവസങ്ങള്‍ക്കകം അതും നിലച്ചു.
ഗ്രാമങ്ങളിലെ തോടുകളും കുളങ്ങളും വറ്റിവരണ്ടു കിടക്കുകയാണ്. കുഴല്‍ക്കിണറുകളുടെ അനിയന്ത്രിതമായ ചൂഷണമാണ് വേനലിന്റെ പകുതിയോടെതന്നെ ജലക്ഷാമം രൂക്ഷമാക്കിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്. മഴ മാറിയതിന് ശേഷം ജില്ലയില്‍ കുഴിച്ച കുഴല്‍ക്കിണറുകള്‍ക്ക് കൈയും കണക്കുമില്ല.
ഇവയിലും വെള്ളമില്ലാത്ത സ്ഥിതിയുണ്ട്. കുടിവെള്ളക്ഷാമം രൂക്ഷമായിട്ടും റവന്യൂ അധികൃതരോ പഞ്ചായത്തോ കുടിവെള്ള വിതരണം തുടങ്ങിയിട്ടില്ല. നിരവധി കുടിവെള്ള പദ്ധതികള്‍ ഉണ്ടെങ്കിലും നിസ്സാര പ്രശ്നങ്ങളുടെ പേരില്‍ പ്രവര്‍ത്തനം തുടങ്ങാത്തതും ജനങ്ങള്‍ക്ക് ദുരിതാമാണ്. ജലക്ഷാമം കര്‍ഷകരെയും ക്ഷീര കര്‍ഷകരെയും പ്രതിസന്ധിയിലാക്കി.
ചൂട് കൂടിയ ഈ സമയത്ത് കൃത്യമായ ഇടവേളയില്‍ തോട്ടം നനയ്ക്കേണ്ടതാണ്. എന്നാല്‍, രണ്ടാഴ്ചയിലേറെയായി ജലസേചനം മുടങ്ങിയ ഏലത്തോട്ടങ്ങള്‍ വരെയുണ്ട്.
ഇനിയും തുടര്‍ന്നാല്‍ അടുത്ത വര്‍ഷത്തെ വിളവില്‍ ഗണ്യമായ കുറവുണ്ടാകുമെന്ന ആശങ്കയിലാണു കര്‍ഷകര്‍. ഇതിനു പുറമെ കൊക്കോ, പച്ചക്കറി, കുരുമുളക് തുടങ്ങിയവക്കും ജലക്ഷാമം കടുത്ത ഭീഷണിയാണ്. ജലക്ഷാമം കൂടുതല്‍ രൂക്ഷമാകുമ്പോള്‍ മഴക്ക് വേണ്ടിയുള്ള കാത്തിരിപ്പിലും പ്രാര്‍ഥനയിലുമാണ് ജനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.