അടിമാലി: 50 മൈക്രോണിന് താഴെയുള്ള പ്ലാസ്റ്റിക് കാരി ബാഗുകള്‍ നിരോധിച്ച നടപടി ജില്ലയിലെ പഞ്ചായത്തുകളിൽ പ്രഖ്യാപനത്തിൽ ഒതുങ്ങി. നിരോധനം വഴിയോരങ്ങളിലെ അറിയിപ്പ് ബോര്‍ഡുകളില്‍ മാത്രമാണ്. അടിമാലി പഞ്ചായത്തില്‍ മാത്രമാണ് പേരിനെങ്കിലും പദ്ധതി നടപ്പാക്കുന്നത്.

50 മൈക്രോണിന് താഴെയുള്ള പ്ലാസ്റ്റിക് കാരി ബാഗുകള്‍ വന്യജീവികള്‍ക്കും പരിസ്ഥിതിക്കും ദോഷമാകുമെന്ന് കണ്ടതിനെ തുടര്‍ന്ന് മുന്‍ കലക്ടര്‍ വിനോദസഞ്ചാര കേന്ദ്രങ്ങളായ മൂന്നാര്‍, തേക്കടി ഉള്‍പ്പെടെ ജില്ലയിലെ എല്ലാ പഞ്ചായത്തിലും നിരോധിച്ചതാണ്. തുടര്‍ന്ന് വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും ബോധവത്കരണ ക്ലാസും നടത്തി. വന്യജീവി സങ്കേതങ്ങളില്‍ ഇവ നിരോധിച്ചും ഉത്തരവിറക്കിയിരുന്നു.

ഇതിന് ശേഷമാണ് സംസ്ഥാനത്ത് പ്ലാസ്റ്റിക് പൂർണമായി നിരോധിച്ചത്. 2020ൽ കോവിഡും തുടര്‍ന്നുള്ള അടച്ചിടലും വന്നതോടെ പ്ലാസ്റ്റിക് നിരോധനം എല്ലാവരും മറന്നു. ഇപ്പോള്‍ എവിടെ തിരിഞ്ഞാലും പ്ലാസ്റ്റിക് ഉപയോഗം മാത്രമാണ്.

കാട്ടാനകളും കാട്ടുപോത്തുകളും ഇതര വന്യജീവികളും ധാരാളമുള്ള മൂന്നാര്‍, വട്ടവട, ദേവികുളം, ചിന്നക്കനാല്‍, മറയൂര്‍, കാന്തലൂര്‍, ശാന്തൻപാറ, മാങ്കുളം തുടങ്ങി ജില്ലയിലെ മിക്ക പഞ്ചായത്തുകളിലും എല്ലാ മുക്കിലും മൂലയിലും ഇവ സുലഭമാണ്.

ഇതിന് പുറമെ വിനോദസഞ്ചാരികള്‍ക്ക് ടൂറിസ്റ്റ് കേന്ദ്രങ്ങളിലെത്തി ഭക്ഷണസാധനങ്ങൾ വില്‍ക്കുന്ന മൊബൈല്‍ ഭക്ഷണ വ്യാപാരികളും വന്‍തോതിലാണ് പ്ലാസ്റ്റിക് ഉൽപനങ്ങളും കുപ്പിവെള്ളവും വിതരണം ചെയ്യുന്നത്.

സഞ്ചാരികള്‍ ഇവ അലക്ഷ്യമായി വലിച്ചെറിയുന്നതിനാല്‍ വന്യജീവികള്‍ ഇവ ഭക്ഷിക്കുകയും ചെയ്യുന്നു. പ്ലാസ്റ്റിക് വിൽക്കുന്നത് നിരോധിച്ച് പഞ്ചായത്തുകളില്‍ പ്രഖ്യാപനവും കടകളില്‍ മുന്നറിയിപ്പ് ബോര്‍ഡുകളും പിഴ ചുമത്തിയുള്ള അറിയിപ്പും പഞ്ചായത്ത് സ്‌ക്വാഡുകളുടെ പരിശോധനയുമൊക്കെ പ്രഖ്യാപന സമയത്ത് ഉണ്ടായെങ്കിലും ഇപ്പോള്‍ ഫലത്തിൽ നിരോധനമില്ലാത്ത സ്ഥിതിയാണ്. തുണിസഞ്ചികള്‍ പ്രോത്സാഹിപ്പിക്കാൻ ബോധവത്കരണവും വിതരണവും നടത്തിയിരുന്നെങ്കിലും ഫലപ്രദമായില്ല. മീന്‍, മാംസം എന്നിവ വില്‍പന നടത്തുന്നിടത്ത് ഇത്തരം ബാഗുകള്‍ ഒഴിച്ചുകൂടാനാവാത്ത സ്ഥിതിയാണ്. നിരോധിച്ചിട്ടുണ്ടെങ്കിലും ഇതിനെതിരെയുള്ള റെയ്ഡുകളൊന്നും ഇപ്പോള്‍ നടക്കുന്നില്ല.

Tags:    
News Summary - The plastic ban went nowhere

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.