അടിമാലി: വിലയിൽ കുതിച്ചുചാട്ടം തുടർന്ന് കൊക്കോ വില. തിങ്കളാഴ്ച ഹൈറേഞ്ചിൽ വിവിധ ഇടങ്ങളിൽ വില 630ഉം കടന്നു. രണ്ട് മാസത്തിലധികമായി വില ഉയരുന്നുവെങ്കിലും ഇത്രയും വില ഉയർന്നത് ചരിത്രത്തിൽ ആദ്യം. മുൻ വർഷങ്ങളിൽ 350ന് മുകളിൽ വില ലഭിച്ചിട്ടില്ല. കൊക്കോ പൾപ്പിന് 200ന് മുകളിലാണ് വില. കാലാവസ്ഥ വ്യതിയാനംമൂലം ഉൽപാദനം കുറഞ്ഞതും ഇറക്കുമതി കൊക്കോ കാര്യമായി എത്താത്തതുമാണ് ഇക്കുറി കുരുമുളകിനെ മറികടന്ന് കൊക്കോയുടെ വില ഉയരാൻ കാരണം. ഏലക്ക മാത്രമാണ് വിലയിൽ കൊക്കോക്ക് മുന്നിലുള്ളത്.
മുൻ വർഷങ്ങളെ അപേക്ഷിച്ച് ഏലത്തിനും വില തീരെയില്ല. ഉൽപാദന തുടക്കത്തിൽ കുരുമുളകിന് 600 രൂപ വില ഉണ്ടായിരുന്നു. വിളവെടുപ്പ് തുടങ്ങിയതോടെ കുരുമുളക് വില 500ന് താഴേക്ക് പതിച്ചെങ്കിലും തിങ്കളാഴ്ച 500ന് മുകളിലേക്ക് തിരിച്ചെത്തി. എന്നാൽ, കൊക്കോയുടെ വിലയാണ് എല്ലാവരെയും ആശ്ചര്യപ്പെടുത്തുന്നത്. മൊത്തം ഉല്പാദിപ്പിക്കുന്ന കൊക്കോയുടെ 82 ശതമാനവും കേരളത്തിലാണ്. ഇതില്‍ 70 ശതമാനം ഇടുക്കി ജില്ലയിലാണ്.
അടിമാലി, കൊന്നത്തടി, വെള്ളത്തൂവല്‍, രാജാക്കാട്, തങ്കമണി, വാത്തികുടി, വാഴത്തോപ്പ്, കഞ്ഞിക്കുഴി മാങ്കുളം തുടങ്ങിയ പഞ്ചായത്തുകളിലാണ് ഏറ്റവും കൂടുതല്‍ ഉല്പാദനം. ചോക്ലറ്റ് നിര്‍മാണത്തിനാണ് കൊക്കോ കൂടുതലായും ഉപയോഗിക്കുന്നത്. കാര്യമായ പ്രോത്സാഹനം ലഭിക്കാതിരുന്നിട്ടും സംസ്ഥാനത്ത് മെച്ചപ്പെട്ട ഉല്പാദനം നടക്കുന്നുണ്ട്. കാമറൂണ്‍, നൈജീരിയ, ഐവറികോസ്റ്റ്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍നിന്നാണ് പ്രധാനമായും ഇറക്കുമതി ചെയ്യുന്നത്. ജില്ലയിൽ ഭൂരിഭാഗം കര്‍ഷകരും ഇടവിളയായി ചെയ്യുന്ന കൊക്കോ കൃഷിയുടെ വില ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും കൂടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.