അടിമാലി: മഴക്കാലം തുടങ്ങിയതോടെ മലയോരമേഖലയില്‍ വൈദ്യുതി മുടക്കം പതിവായി. ഇതുമൂലം വൈദ്യുതിയെ ആശ്രയിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ ദുരിതത്തിലാണ്. അവികസിത പഞ്ചായത്തായ മാങ്കുളം, ഇടമലക്കുടി, വട്ടവട, മറയൂര്‍, കാന്തല്ലൂര്‍, ബൈസണ്‍വാലി, ചിന്നക്കനാല്‍, ശാന്തന്‍പാറ, കൊന്നത്തടി, അടിമാലി, വെള്ളത്തൂവല്‍ പഞ്ചായത്തുകളിലൊക്കെ വൈദ്യുതി മുടങ്ങുന്നത് പതിവാണ്. അഡ്മിഷന് സമയമായതിനാല്‍ വൈദ്യുതിയില്ലെങ്കില്‍ ഒന്നും നടക്കാത്ത അവസ്ഥയിലാണ്. മിക്ക കുടിയേറ്റ ഗ്രാമങ്ങളിലും വൈദ്യുതി കടന്നു പോകുന്നത് വനത്തിലൂടെയാണ്. നേരിയ കാറ്റടിച്ചാല്പോലും മരത്തിന്റെ ശിഖരങ്ങള്‍ പൊട്ടി ലൈനില്‍ വീഴും.
ജീവനക്കാര്‍ കൊടുംമഴയത്ത് എത്തി ഇത് മുറിച്ചുമാറ്റി വിതരണം സാധാരണ നിലയിലാക്കുമ്പോഴേക്കും അടുത്ത സ്ഥലത്ത് പൊട്ടിവീഴും. പരിമിതമായ ജീവനക്കാര്‍ വിചാരിച്ചാലും പരിഹരിക്കാന്‍ കഴിയുന്ന നിലയിലല്ല കാര്യങ്ങള്‍. കല്ലാര്‍-മാങ്കുളം റോഡിലൂടെയാണ് ഇവിടേക്ക് വൈദ്യുതി എത്തിക്കുന്നത്. ഈ പാതയുടെ ഇരുവശവും വന്‍ മരങ്ങള്‍ക്കൊണ്ട് നിറഞ്ഞതാണ്. ചെറിയ കാറ്റ് വീശിയാല്‍ തന്നെ ശിഖരങ്ങള്‍ വൈദ്യുതി ലൈനില്‍ പതിക്കുന്നു. ഈ പ്രശ്നം പരിഹരിക്കാന്‍ മണ്ണിനടിയിലൂടെയുളള ഭൂഗര്‍ഭ കേബിള്‍ വഴി മാങ്കുളത്ത് വൈദ്യുതി എത്തിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വട്ടവട, മറയൂര്‍, ചിന്നക്കനാല്‍, ബൈസണ്‍വാലി, പള്ളിവാസല്‍, വെള്ളത്തൂവല്‍, കൊന്നത്തടി, അടിമാലി പഞ്ചായത്തുകളിലും പലപ്പോഴും വൈദ്യുതി പോകുന്നു. ഏലത്തോട്ടങ്ങളില്‍ സ്വകാര്യ വ്യക്തികളുടെ കൈവശമിരിക്കുന്ന ഭൂമിയില്‍ ലൈനിനോട് ചേര്‍ന്ന് പടുകൂറ്റന്‍ മരങ്ങള്‍ മുറിക്കാന്‍ ഇവര്‍ സമ്മതിക്കില്ല. ഇവയില്‍ ഭൂരിഭാഗവും മഴക്കാലം തുടങ്ങുന്നതോടെ കൂട്ടത്തോടെ പൊട്ടിവീഴാന്‍ തുടങ്ങും.
മുന്‍കൂട്ടി തീരുമാനിക്കുന്ന വൈദ്യുതി മുടക്കം നാട്ടുകാരെ അറിയിക്കാന്‍ കെ.എസ്.ഇ.ബിയില്‍ സംവിധാനമുണ്ട്. എന്നാല്‍, അപ്രതീക്ഷിതമായി ഉണ്ടാകുമ്പോഴാണ് ദുരിതം. മില്ലുകളിലും വര്‍ക്ക് ഷോപ്പുകളിലും ജോലി ചെയ്യുന്നവര്‍ രാവിലെ പണി സ്ഥലത്തെത്തിയാല്‍ പണി നടന്നാലും ഇല്ലെങ്കിലും കൂലി കൊടുക്കണം. ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്ന ആവശ്യം നേരത്തേ മുതല്‍ ഉയരുന്നുണ്ടെങ്കിലും പരിഹാരമാകാതെ നീളുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.