അടിമാലി: മൂന്നാർ തോട്ടം മേഖലകളിൽ കടുവ ആക്രമണത്തിൽ കന്നുകാലികൾ ചത്തൊടുങ്ങുന്നു. കഴിഞ്ഞ തിങ്കളാഴ്ച മാട്ടുപ്പെട്ടിയിൽ തോട്ടം തൊഴിലാളിയുടെ പശുവിനെ കൊന്നതാണ് ഒടുവിലത്തെ സംഭവം. ഇതോടെ ആറ് മാസത്തിനിടെ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 36 കന്നുകാലികൾ. മൂരി, പോത്ത്, പശു, കിടാരി എന്നിവയെല്ലാം ഉൾപ്പെടുന്നു. കൂടാതെ ഇക്കാലയളവിൽ 15 പശുക്കളെയും കടുവ ആക്രമിച്ചു പരിക്കേൽപിച്ചിട്ടുണ്ട്. 10 മുതൽ 20 ലീറ്റർ വരെ ദിവസവും പാൽ ലഭിച്ചിരുന്ന കന്നുകാലികളാണ് കൊല്ലപ്പെട്ടവയിൽ അധികവും.
കൊല്ലപ്പെടുന്ന കന്നുകാലികളെ പോസ്റ്റ്മോർട്ടം ചെയ്യുന്ന ഡോക്ടറാണ് ഇവയുടെ നഷ്ടപരിഹാരത്തുക തീരുമാനിക്കുന്നത്. പ്രായം, ലഭിക്കുന്ന പാൽ തുടങ്ങിയ മാനദണ്ഡങ്ങളാണ് ഇതിനായി സ്വീകരിക്കുന്നത്. 50,000 രൂപയാണ് പരമാവധി നഷ്ടപരിഹാരത്തുക. പൊതുമാർക്കറ്റിൽ ഒരുലക്ഷത്തിലധികം വില ലഭിക്കുന്ന കന്നുകാലികളാണ് കൊല്ലപ്പെടുന്നവയിൽ അധികവും. വെറ്ററിനറി ഡോക്ടർ ശിപാർശ ചെയ്യുന്ന തുക സർക്കാറിൽനിന്നു ലഭിക്കുന്നത് മാസങ്ങൾക്കു ശേഷമാണ്. ഒരുവർഷമായിട്ടും നഷ്ടപരിഹാരത്തുക ലഭിക്കാത്തവർ ഒട്ടേറെയാണ്. സർക്കാർ ഫണ്ട് ലഭിക്കുന്നതനുസരിച്ച് മാത്രമാണ് തുക വിതരണം ചെയ്യാൻ കഴിയുന്നതെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ വിശദീകരണം. ഇതോടെ നൂറുകണക്കിന് കർഷകരാണ് പശുവളർത്തൽ നിർത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.