അടിമാലി: വിനോദ സഞ്ചാര രംഗത്തു ജില്ലയിലെ മറ്റെല്ലാ മേഖലയെക്കാളും നേട്ടം ഉണ്ടായ നാടാണ് ആനച്ചാൽ. ടൗൺ വളർന്നപ്പോൾ ഇവിടം നേരിടുന്ന പ്രധാന പ്രശ്നം വാഹനങ്ങളുടെ അമിതമായ ബാഹുല്യമാണ്. ഇടുങ്ങിയ റോഡുകളിൽ രാവിലെ മുതൽ വാഹനങ്ങൾ നിറയും. പിന്നെ നിശ്ചലമാകുന്ന അവസ്ഥ. അവധി ദിവസങ്ങളിൽ കാര്യങ്ങൾ സങ്കീർണമാകും. അടിമാലി, മൂന്നാർ, വെള്ളത്തൂവൽ, ആമക്കണ്ടം തുടങ്ങി നാല് റോഡുകൾ സംഗമിക്കുന്ന സെൻട്രൽ ജങ്ഷനിലാണ് ഏറ്റവും കൂടുതൽ കുരുക്കുണ്ടാകുന്നത്.
ഒരു റോഡിൽനിന്ന് മറ്റൊരു റോഡിലേക്ക് വാഹനം തിരിക്കുമ്പോൾ തുടങ്ങുന്ന തടസ്സം അഴിയാൻ മണിക്കൂറുകൾ കാത്തുനിൽക്കണം.
വെള്ളത്തൂവൽ സ്റ്റേഷന് പരിധിയിലാണ് ആനച്ചാൽ ടൗൺ. ഇവിടെ ഗതാഗതം നിയന്ത്രിക്കാൻ പലപ്പോഴും പൊലീസ് ഇല്ല. ഈ പ്രശ്നം പരിഹരിക്കാൻ ആനച്ചാലിൽ പൊലീസ് എയ്ഡ് പോസ്റ്റ് തുറക്കുകയും 24 മണിക്കൂർ പ്രവർത്തനം വേണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. ഗതാഗതക്കുരുക്ക് മേഖലയിൽ സർവിസ് നടത്തുന്ന ബസ് സർവിസുകളെയും പ്രതിസന്ധിയിലാക്കുന്നു.
പല റൂട്ടുകളിലും സർവിസ് മുടക്കേണ്ടതായി വരുന്നു. ടൂറിസ്റ്റ് ബസുകൾ ഉണ്ടാക്കുന്ന പ്രശ്നങ്ങളാണ് കൂടുതലും ഇവർ റോഡിലേക്ക് ഇറക്കി ബസ് പാർക്ക് ചെയ്യും. ഇതു മറ്റ് വാഹനങ്ങൾക്കു തടസ്സമാകും.
പിന്നെ കൈയാങ്കളിയും ആക്രമണങ്ങളിലേക്കും കാര്യങ്ങളെത്തും. വൈദ്യുതി വകുപ്പിനും ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് കമ്പനിക്കുമാണ് കൂടുതൽ സ്ഥലമുള്ളത്. ഇവിടെ പാർക്കിങ് സൗകര്യം ഉണ്ടാക്കിയാൽ ടൗണിലെ ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരമാകും. പേ ആൻഡ് പാർക്ക് മാതൃകയിൽ ഫീസ് ഈടാക്കി ബന്ധപ്പെട്ട വകുപ്പുകൾക്ക് തന്നെ പാർക്കിങ്ങിന് അവസരം ഉണ്ടാക്കാൻ കഴിയും.
ഗതാഗതക്കുരുക്കിൽ വലയുന്ന ഈ പട്ടണത്തെ എങ്ങനെ ഇതിൽനിന്ന് മോചിപ്പിക്കാം എന്നതിനെ കുറിച്ച് വിശദമായ പഠനം അനിവാര്യമാണ്. പല സമയങ്ങളിലും ഗതാഗതക്കുരുക്കാകുന്ന ഇവിടെ ബസ്സ്റ്റാൻഡ് കൊണ്ടുവരുകയും ടൂറിസ്റ്റുകളുടെ പാർക്കിങ്ങിന് പ്രത്യേക സംവിധാനം ഒരുക്കുകയും വേണം. വ്യാപാരികളുടെ പ്രശ്നങ്ങൾ മനസ്സിലാക്കിയും പരിഹാരമുണ്ടാകണം. -വി.എ. ഷംസുദ്ദീൻ, വ്യാപാരി ആനച്ചാൽ
ശുചിത്വ പരിപാലനത്തിന് അവാർഡ് നേടിയ പഞ്ചായത്താണ് വെള്ളത്തൂവൽ. ആനച്ചാലിൽ ഒരു കംഫർട് സ്റ്റേഷൻ ഉണ്ടെങ്കിലും ഉപയോഗിക്കാൻ പറ്റുന്ന അവസ്ഥയിലല്ല. നിരവധിയായ ടൂറിസ്റ്റുകൾ എത്തിച്ചേരുന്ന ഇവിടെ പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാൻ കൂടുതൽ സംവിധാനം ഒരുക്കണം. -മോഹന മേനോൻ മർച്ചന്റ് അസോസിയേഷൻ മുൻ പ്രസിഡന്റ്
അനുദിനം വളരുന്ന ആനച്ചാലിൽ ടാക്സി വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ മതിയായ സംവിധാനമില്ല. ടാക്സി വാഹന പാർക്കിങ്ങുമായി ബന്ധപ്പെട്ട് നിരവധിയായ പ്രശ്നങ്ങളാണ്. ട്രാഫിക് പൊലീസ് ഇല്ലാത്തത് പ്രശ്നം വഷളാക്കുന്നു. എവിടെ വാഹനം പാർക്ക് ചെയ്യണം എന്നതാണ് ഇവിടെ എത്തിയാൽ ആദ്യം ഉയരുന്ന ചോദ്യം. കുടിവെള്ളം വലിയ പ്രശ്നം തന്നെ. പൈപ്പുകളും മറ്റ് സംവിധാനങ്ങളുമില്ല. - ടി.പി. സൈമൺ, തേലക്കപ്പറമ്പിൽ, ആനച്ചാൽ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.