അടിമാലി: അടിമാലി താലൂക്കാശുപത്രിയിൽ തുടങ്ങിയ പൊലീസ് എയ്ഡ് പോസ്റ്റ് ട്രൈബൽ പ്രമോട്ടർമാർ കൈയേറി. എയ്ഡ് പോസ്റ്റിൽ പൊലീസുകാർ എത്താത്ത സാഹചര്യത്തിലാണ് ആശുപത്രിയിൽ പ്രവർത്തിച്ചിരുന്ന ട്രൈബൽ പ്രമോട്ടർമാരുടെ ഓഫീസ് പൊലീസ് എയ്ഡ് പോസ്റ്റിലേക്ക് മാറ്റാൻ കാരണമെത്രെ.
ആശുപത്രിയുടെ ക്വാഷ്യാലിറ്റി കെട്ടിടത്തിൽ പ്രവേശന കവാടത്തിന്റെ വലത് സൈഡിലാണ് ഏതാനും മാസം മുൻപ് പൊലീസ് എയ്ഡ് പോസ്റ്റ് തുറന്നത്. ഉദ്ഘാടന സമയത്ത് 24 മണിക്കൂറും പൊലീസ് ഇവിടെ ഡ്യൂട്ടിക്ക് ഉണ്ടാകുമെന്നും അറിയിച്ചിരുന്നു. അടിമാലി സ്റ്റേഷൻ്റെ കീഴിൽ തുടങ്ങിയ ഈ സ്ഥാപനത്തിൽ തുടക്കത്തിൽ പൊലീസ് ഡ്യൂട്ടിയും ഉണ്ടായിരുന്നു. എന്നാൽ പൊലീസ് ഇത് പൂർണ്ണമായി അവസാനിപ്പിച്ചു. പൊലീസ് എയ്ഡ് പോസ്റ്റിൽ ട്രൈബൽ ഓഫിസ് എന്ന് മറ്റൊരു ബോർഡും എഴുതി വെച്ചിട്ടുണ്ട്. ഡോക്ടർമാർക്കും മറ്റ് ജീവനക്കാർക്കും നേരെ ആക്രമങ്ങൾ വർധിച്ച സാഹചര്യത്തിൽ സംസ്ഥാനത്ത് ആശുപത്രികളിൽ പൊലീസ് സുരക്ഷ ഉറപ്പു വരുത്താനാണ് അടിമാലി താലൂക്കാശുപതിയിലും എയ്ഡ് പോസ്റ്റ് തുറന്നത്. എന്നാൽ അടിമാലി സ്റ്റേഷനിൽ മതിയായ പൊലീസുകാർ ഇല്ലാത്തതാണ് ഇവിടെ ഡ്യൂട്ടി തടസപ്പെടാൻ കാരണമെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. അടിമാലി പ്രൈവറ്റ് ബസ്റ്റാന്റിലെ പൊലീസ് എയ്ഡ് പോസ്റ്റും അടഞ്ഞ് കിടക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.