അടിമാലി: വേനൽ കടുത്തതോടെ അടിമാലി പഞ്ചായത്തിലെ ആദിവാസി കോളനികൾ കുടിവെള്ളമില്ലാതെ നേട്ടോട്ടത്തിൽ. 28 ആദിവാസി കോളനികളിൽ 20ലേറെ കോളനികളിലും ശുദ്ധജലത്തിന് ബുദ്ധിമുട്ടുകയാണ്. ഊരുകളിൽ കിട്ടുന്നതു പലപ്പോഴും ശുദ്ധീകരിച്ച വെള്ളവുമല്ല.
പുഴകളും ചെറിയ കാട്ടാറുകളും തോടുകളും ഉറവകളുമാണ് ആശ്രയമെങ്കിലും ഇവയെല്ലാം വറ്റിയ അവസ്ഥയിലാണ്. സമാന സ്ഥിതിയാണു കുടിയേറ്റ ഗ്രാമങ്ങളിലും. മറ്റു നാട്ടിൻപുറങ്ങളിലെപ്പോലെ കുളങ്ങളും കിണറുകളും കുറവാണ് ആദിവാസി കേന്ദ്രങ്ങളിൽ. വേനൽ കനത്തതോടെ കുടിക്കാനും കുളിക്കാനും വെള്ളംതേടി കിലോമീറ്ററുകൾ നടക്കേണ്ട സ്ഥിതിയിലാണ് ആദിവാസികൾ. അടിമാലി പഞ്ചായത്തിലെ കുളമാംകുഴിയിൽ ചെന്നാൽ ശുദ്ധജലക്ഷാമത്തിന്റെ നേർക്കാഴ്ച കാണാം. ലക്ഷങ്ങൾ മുടക്കി ജലനിധി പദ്ധതി നടപ്പാക്കിയെങ്കിലും ആദിവാസികൾക്ക് കുടിവെള്ളം മാത്രമില്ല.
മോട്ടോറും ടാങ്കും അനുബന്ധ സൗകര്യങ്ങളും ഉണ്ടെങ്കിലും ഇവയെല്ലാം തുരുമ്പെടുത്ത് നശിക്കുന്നു. ഊരിൽ 100ഓളം കുടുംബങ്ങളുണ്ട്. പഞ്ചായത്ത് നടപ്പാക്കിയ ശുദ്ധജല പദ്ധതിയാണ് ആശ്രയം. മോട്ടോർ തകരാറായതിനെ തുടർന്ന് അതും മുടങ്ങി. ഇതോടെ കിലോമീറ്റർ ദൂരെയുള്ള പുഴയിൽനിന്നാണ് വെള്ളം ശേഖരിക്കുന്നത്. തലച്ചുമടായി കൊണ്ടുപോകണം. പുഴയും വരണ്ടു തുടങ്ങി. വെള്ളം വാങ്ങാനുള്ള പണവും ഇവരുടെ കൈയിലില്ല. വെള്ളമില്ലാത്തതു ദൈനംദിന ജീവിതത്തെയും ശുചിത്വത്തെയും ആരോഗ്യത്തെയും ബാധിച്ചിട്ടുണ്ട്.
മറ്റ് കുട്ടികളിലും സമാനമായ പ്രശ്നമാണ്. വിവിധഘട്ടങ്ങളിൽ കോടികളുടെ കുടിവെള്ള പദ്ധതികൾ ത്രിതല പഞ്ചായത്തുകൾ നടപ്പാക്കിയിട്ടുണ്ടെങ്കിലും എല്ലായിടത്തും ഇവയെല്ലാം നശിച്ച അവസ്ഥയിലാണ്. പലയിടത്തും ജലനിധി ശുദ്ധജല വിതരണ പദ്ധതിയുടെ സംഭരണികളുടെയും കിണറിന്റെയും നിർമാണവും കുഴൽ സ്ഥാപിക്കലും കഴിഞ്ഞിട്ടുണ്ട്. എന്നാൽ, വെള്ളം മാത്രമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.