അടിമാലി: മാങ്കുളത്ത് വനം വകുപ്പിന്റെ നടപടി വിനോദ സഞ്ചാര മേഖലയെ തളർത്തുന്നതായി ആക്ഷേപം. വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി മാറിയ കോഴിയള ആദിവാസി കോളനിയിലേക്ക് ട്രക്കിങ്ങും വിനോദ സഞ്ചാരികളെ വിലക്കിയുള്ള പരസ്യബോര്‍ഡും വനംവകുപ്പ് സ്ഥാപിച്ചു. കോഴിയളക്കുടിയിലേക്ക് വാഹനങ്ങള്‍ എത്തുന്ന ആനക്കുളം ഒന്നാംപ്ലോട്ടിലും 96ലുമാണ് വനംവകുപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചത്.
വന്യജീവികളുടെ സ്വൈരവിഹാരം തടസ്സപ്പെടുമെന്നതാണ് ഇതുമായി ബന്ധപ്പെട്ട് വനംവകുപ്പ് നല്കുന്ന വിശദീകരണം. എന്നാല്‍, വി.എസ്.എസിന്റെ പേരില്‍ വനംവകുപ്പ് ഇവിടെ വിനോദസഞ്ചാരികള്‍ക്കായി ജീപ്പ് സവാരി ഒരുക്കിയിരുന്നു. ഒരാള്‍ക്ക് 100 രൂപ ഫീസും വാങ്ങിയിരുന്നു. എന്നാല്‍, അമിതമായ ഫീസാണ് ഇതെന്ന ആക്ഷേപത്തെ തുടര്‍ന്നുണ്ടായ പ്രതിഷേധം ഇതില്‍നിന്ന് വനം വകുപ്പിനെ പിന്തിരിപ്പിച്ചിരുന്നു.
ഇതിന് ശേഷമാണ് വന്യമൃഗങ്ങളുടെ പേരില്‍ നിയന്ത്രണം കൊണ്ടുവന്ന് വിനോദ സഞ്ചാര മേഖലയെ തകര്‍ക്കാന്‍ വനംവകുപ്പ് നീക്കം ആരംഭിച്ചത്. പെരുമ്പന്‍കുത്തിന് ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പണിത പവിലിയന് (വാച്ച് ടവര്‍) നിയന്ത്രണം എറ്റെടുക്കാന്‍ വനംവകുപ്പ് നീക്കം നടത്തിയിരുന്നു. എന്നാല്‍, സംഘടിച്ച ജനം വനംവകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞത് വലിയ വിവാദമായി.
കുറത്തിക്കുടി വഴിയുള്ള ട്രക്കിങ് നേരത്തേ വനംവകുപ്പ് തടഞ്ഞിരുന്നു. ഇത് സംബന്ധിച്ച് ഹൈകോടതിയില്‍ കേസ് നിലനില്‍ക്കെയാണ് വീണ്ടും സഫാരി ജീപ്പ് ജീവനക്കാരുടെ ഉപജീവനമാര്‍ഗം തടയുന്ന വിധത്തില്‍ വനംവകുപ്പ് രംഗത്തിറങ്ങിയത്. ഇത് വ്യാപക പ്രതിഷേധത്തിനും കാരണമായി. നക്ഷത്രക്കുത്തില്‍ വിനോദ സഞ്ചാരം ലക്ഷമാക്കി ലക്ഷങ്ങള്‍ മുടക്കി വനംവകുപ്പ് പദ്ധതി തയാറാക്കിയെങ്കിയെങ്കിലും റവന്യൂ ഭൂമിയില്‍ കൈയേറ്റം നടന്നതായുള്ള ആക്ഷേപത്തെ തുടര്‍ന്ന് പദ്ധതി പാതിവഴിയില്‍ നില്‍ക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.