അടിമാലി: ഭിത്തി നിറെയ കാർട്ടൂൺ സിനിമയിലെ കഥാപാത്രങ്ങൾ. ഇരിക്കാൻ ചിത്രപ്പണി ചെയ്ത കുഞ്ഞൻ കസേരകൾ. പാട്ട് കേൾക്കാം. ടി.വി കാണാം, കളിക്കാം... കുട്ടികളുടെ പാർക്കല്ല ഇത്, മാങ്കുളത്ത് ഒരുങ്ങുന്ന സ്മാർട്ട് അംഗൻവാടികളിലെ കാഴ്ചകളാണ്. ഒേട്ടറെ പുതുമകളുമായാണ് ജില്ലയിലെ ആദ്യ സ്മാർട്ട് അംഗൻവാടികൾ മാങ്കുളം പഞ്ചായത്തിലെ ആനക്കുളത്തും ചിക്കണംകുടിയിലും സജ്ജീകരിച്ചിരിക്കുന്നത്. ഉദ്ഘാടനം ബുധനാഴ്ച നടക്കും.
പേരിൽ മാത്രമല്ല എല്ലാറ്റിലും സ്മാർട്ടായി വേറിട്ടൊരു അനുഭവം പകരുന്നവയാണ് ഇൗ അംഗൻവാടികൾ. കളിയിലൂടെ വിദ്യാഭ്യാസം പകരുക എന്ന ആശയത്തിെൻറ ഭാഗമായി ഓരോ കഥ പ്രമേയമാക്കി ആർട്ടിസാൻസ് ഡെവലപ്മെൻറ് കോർപറേഷനാണ് അംഗൻവാടികൾ രൂപകൽപന ചെയ്തത്. ആനക്കുളം സ്കൂളിന് സമീപത്തെ അംഗൻവാടിയിൽ ഡിസ്നി വേൾഡിെൻറ കഥയുടെ പശ്ചാത്തലമാണ് ഒരുക്കിയിരിക്കുന്നത്. ചിക്കണംകുടിയിൽ ജംഗിൾ ബുക്കിലെ കഥയാണ് വിഷയം.
മൗഗ്ലിയും കൂട്ടുകാരുംണ് ചുമരുകളിൽ നിറയെ. എല്ലാം ത്രീഡി ആർട്ട് പെയ്ൻറിങ്. ചിത്രപ്പണി ചെയ്ത കസേരകൾക്ക് പുറമെ സ്മാർട്ട് ടി.വി, ഇൻറർനെറ്റ് സൗകര്യം, കളിയുപകരണങ്ങൾ, ശിശുസൗഹൃദ മേശ, സംഗീതം ആസ്വദിക്കാനും സർഗവാസനകൾ പ്രോത്സാഹിപ്പിക്കാനുമായി ട്രോളി മൈക്ക് സെറ്റ്, കളിക്കാൻ പുല്ലുപിടിപ്പിച്ച ടർഫ് എല്ലാം ഇവിടെയുണ്ട്.
ദേവികുളം ബ്ലോക്ക് പഞ്ചായത്ത് 2021-22ലെ വാർഷിക പദ്ധതിയിൽപ്പെടുത്തിയാണ് രണ്ടിടത്തും സ്മാർട്ട് അംഗൻവാടി ഒരുക്കിയത്. അഞ്ചുലക്ഷം രൂപ ഇതിന് അനുവദിച്ചു. കെട്ടിടങ്ങൾ പൂർണമായും നവീകരിച്ച് രൂപത്തിലും കാഴ്ചയിലും അടിമുടി മാറ്റി. പൈലറ്റ് പദ്ധതി എന്ന നിലയിൽ മാങ്കുളത്ത് നാല് അംഗൻവാടികൾ ഈ വർഷം സ്മാർട്ടാകും. വിജയകരമെങ്കിൽ അടുത്ത വർഷം ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ഒമ്പത് പഞ്ചായത്തിലും പദ്ധതി നടപ്പാക്കുമെന്ന് മാങ്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രവീൺ ജോസ് പറഞ്ഞു.
കുട്ടികൾക്ക് ഇഷ്ടമുള്ള വിഷയം അടിസ്ഥാനമാക്കി സ്മാർട്ട് അംഗൻവാടി എന്ന ആശയം മുന്നോട്ടുവെച്ച് പദ്ധതിക്ക് നേതൃത്വം നൽകുന്നത് മാങ്കുളം ഐ.സി.ഡി.എസ് സൂപ്പർവൈസർ അലോഷിയ ജോസഫാണ്. പ്രീ സ്കൂൾ മുതൽ അന്താരാഷ്ട്ര നിലവാരമുള്ള വിദ്യാഭ്യാസമാണ് ദേവികുളം ബ്ലോക്ക് പഞ്ചായത്ത് ലക്ഷ്യം വെക്കുന്നതെന്ന് പ്രസിഡൻറ് ആനന്ദറാണി ദാസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.