അടിമാലി: പ്ലാസ്റ്റിക്കിന്റെ കടന്നുകയറ്റത്തിനിടയിലും പിടിച്ചുനിൽക്കാൻ പാടുപെടുന്ന ഈറ്റ വ്യവസായം കടുത്ത പ്രതിസന്ധിയിലേക്ക്. ഒരുകാലത്ത് പതിനായിരങ്ങളുടെ ആശ്രയമായിരുന്ന ഈ വ്യവസായത്തെ തകര്‍ത്തത് പ്ലാസ്റ്റിക്കാണ്. ഇപ്പോള്‍ ഈറ്റ ശേഖരണം നാമമാത്രമാണ്. നെയ്ത്തുതൊഴിലാളികളും മേഖലയോട് വിടപറഞ്ഞുകൊണ്ടിരിക്കുന്നു. അവശേഷിക്കുന്നവര്‍ നിലനില്പിനായി കരകൗശല വസ്തുക്കളുണ്ടാക്കി മേഖലയില്‍ തുടരുന്നുണ്ടെങ്കിലും ഇതിന്റെ ഭാവിയും ഇരുളിലാണെന്നാണ് ഇവർ പറയുന്നു.
ഒരിക്കല്‍ സമ്പമായിരുന്നു ഈറ്റ നെയ്ത്തുമേഖല. വീടുകളിലേക്ക് അത്യാവശ്യമായിരുന്ന മുറം, വട്ടി, പായ, ഉറി, പനമ്പ് തുടങ്ങിയ ഭൂരിഭാഗം ഉൽപന്നങ്ങളും ഈറ്റകൊണ്ടാണ് നെയ്തെടുത്തിരുന്നത്. നെല്ല്, കുരുമുളക്, കാപ്പി കര്‍ഷകര്‍ ഇവ ഉണക്കി ശേഖരിക്കുന്നതിന് ഈറ്റകൊണ്ട് നിർമിക്കുന്ന പനമ്പാണ് ഉപയോഗിച്ചിരുന്നത്. മത്സ്യ-പച്ചക്കറി വ്യാപാരികളും ഈറ്റകൊണ്ട് നിർമിച്ച കൊട്ടകളും മറ്റുമാണ് ഉപയോഗിച്ചിരുന്നു. ഈ രംഗത്തേക്ക് പ്ലാസ്റ്റിക് ഉൽപന്നങ്ങള് കടന്നുവരവോടെ പരമ്പരാഗതമായ ഈ തൊഴില്‍ മേഖല അസ്തമിക്കുകയാണ്.
കേരളീയ കരകൗശല മികവിന്റെയും പാരമ്പര്യ വ്യവസായത്തിന്റെയും അടയാളമായിരുന്ന ഈ തൊഴിൽമേഖല ഇപ്പോൾ ഊർധ്വൻ വലിക്കുന്നു.
അതുപോലെ നേര്യമംഗലം, അടിമാലി, മാങ്കുളം റേഞ്ചുകളിൽനിന്ന് ടണ്‍ കണക്കിന് ഈറ്റ കേരള ബാംബൂ കോര്‍പറേഷനും ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് കമ്പനികളും ശേഖരിച്ചിരുന്നു. എന്നാല്‍, നഷ്ടക്കണക്കുകള്‍ നിരത്തി ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് കമ്പനി ആദ്യം ഈറ്റശേഖരണം നിര്‍ത്തി. പാവപ്പെട്ട നെയ്ത്ത് തൊഴിലാളികള്‍ ആശ്രയിച്ചിരുന്ന ബാംബൂ കോര്‍പറേഷന്റെ പ്രവര്‍ത്തനവും കാര്യക്ഷമമല്ലാതെ വന്നതാണ് പ്രതിസന്ധിക്ക് കാരണം.
അടിമാലി: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഈറ്റത്തൊഴിലാളികള്‍ അടിമാലി മേഖലയിലാണ്. കാട്ടില്‍നിന്ന് ഈറ്റശേഖരണം, ലോഡിങ്, നെയ്ത്ത് ഉൾപ്പെടെയുള്ള ജോലികൾ ചെയ്തിരുന്ന തൊഴിലാളികള്‍ക്ക് പ്രത്യേക യൂനിയനുകളും പിന്നീട് ക്ഷേമനിധി ബോര്‍ഡും നിലവില്‍ വന്നു. ക്ഷേമനിധി വിഹിതം അടച്ചാണ് ഇവര്‍ പെൻഷന് അര്‍ഹത നേടിയത്. എന്നാല്‍, കഴിഞ്ഞ ഒന്നര വര്‍ഷമായി ഈറ്റത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് നല്‍കിയിരുന്ന പെൻഷനും മുടങ്ങിക്കിടക്കുകയാണ്. അടിമാലിയില്‍ പിച്ചച്ചട്ടിയുമായി തെരുവില്‍ സമരം നടത്തിയ മറിയക്കുട്ടിയോടൊപ്പം ഉണ്ടായിരുന്ന അന്ന ഔസേപ്പിന് ഈറ്റത്തൊഴിലാളി ക്ഷേമ പെൻഷനാണ് കിട്ടിയിരുന്നത്. മറ്റ് ക്ഷേമപെൻഷനുകള്‍ സര്‍ക്കാര്‍ അനുവദിച്ചെങ്കിലും ഈറ്റത്തൊഴിലാളി ക്ഷേമ പെൻഷന് അന്നക്ക് ഇതുവരെ ലഭിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.