അടിമാലി: താൽക്കാലിക നിയമനങ്ങളും പർച്ചേഴ്സ് സംബന്ധിച്ച വ്യാപക ആക്ഷേപങ്ങൾക്കുമിടെ അടിമാലി താലൂക്ക് ആശുപത്രിയിൽ വിജിലൻസ് പരിശോധന. വെള്ളിയാഴ്ച രാവിലെ 11ഓടെ തൊടുപുഴ വിജിലൻസ് ഓഫിസിലെ എ.എസ്.ഐയുടെ നേതൃത്വത്തിൽ മൂന്നംഗ സംഘമാണ് പരിശോധന നടത്തിയത്.
പ്രധാനമായും പർച്ചേസ് സംബന്ധമായ കാര്യങ്ങളാണ് പരിശോധിച്ചത്. ടെൻഡർ ക്ഷണിക്കാതെയും നിയമപരമായി നടത്തേണ്ട പ്രവർത്തനങ്ങൾ നടത്താതെയുമാണ് പർച്ചേസ് നടത്തിയതെന്ന പരാതിയിൽ രേഖകൾ പിടിച്ചെടുത്തും മറ്റുള്ളവയിൽ വിശദ പരിശോധനയും വിജിലൻസ് സംഘം നടത്തി.
ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസും അഴിമതിയും രോഗികളോടുള്ള മോശം പെരുമാറ്റവും അടക്കം വലിയ ആക്ഷേപമാണ് ഉള്ളത്. എച്ച്.എം.സി കമ്മിറ്റി അംഗങ്ങൾക്കെതിരെ വരെ ആക്ഷേപം ഉയർന്നതോടെ പല പാർട്ടികളും അംഗങ്ങളെ മാറ്റി പുതിയവരെ കൊണ്ടുവന്നു തുടങ്ങി. അടിമാലി ബ്ലോക്ക് പഞ്ചായത്തിനാണ് ആശുപത്രിയുടെ ഭരണാധികാരമെങ്കിലും ആശുപത്രി വികസനത്തിൽ ബ്ലോക്ക് പഞ്ചായത്ത് വലിയ പരാജയമായി മാറി.
ആശുപത്രിക്കായി അനുവദിച്ച ബ്ലഡ് ബാങ്ക്, ഡയാലിസിസ് യൂനിറ്റ് , അൾട്ര സൗണ്ട് സ്കാനിങ് ഉൾപ്പെടെ സൗകര്യം വർഷങ്ങളായി പ്രവർത്തിപ്പിക്കാൻ കഴിഞ്ഞില്ല. അറ്റകുറ്റപ്പണി നടത്താതെ ഡോക്ടർമാരുടെ ക്വാർട്ടേഴ്സുകൾ നശിപ്പിച്ചു.ഇതോടെ മറ്റിടങ്ങളിലേക്ക് ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസ് മാറിയതും വലിയ ആക്ഷേപത്തിന് കാരണമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.