അടിമാലി: വനസംരക്ഷണ വിഭാഗം ജീവനക്കാരുടെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കണമെന്നും വനം വകുപ്പിൽ കൂടുതൽ ജീവനക്കാരെ നിയമിക്കണമെന്നും ഫോറസ്റ്റ് പ്രൊട്ടക്ടിവ് സ്റ്റാഫ് ഓർഗനൈസേഷൻ ജില്ല സമ്മേളനം. മനുഷ്യ-വന്യജീവി സംഘർഷം നാൾക്കുനാൾ വർധിക്കുന്ന സാഹചര്യത്തിൽ ജീവനക്കാരെ നിയമിച്ച് ആശ്വാസകരമായ സാഹചര്യം ഉണ്ടാക്കണമെന്നും ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്ത ജോയന്റ് കൗൺസിൽ ജില്ല സെക്രട്ടറി ആർ. ബിജുമോൻ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് പുതിയതായി രൂപവത്കരിച്ച ഒമ്പത് ആർ.ആർ.ടികളിൽ (റാപിസ് റെസ്പോൺസ് ടീം) ആവശ്യപ്പെട്ട പ്രകാരമുള്ള ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ തസ്തിക എടുത്തുകളയുകയും മൂന്ന് സെക്ഷൻ ഫോറസ്റ്റ് ഓഫിസർമാരെ വീതം ആവശ്യപ്പെട്ടതിൽ ഒരു സെക്ഷൻ ഫോറസ്റ്റ് ഓഫിസറെ മാത്രം അനുവദിക്കുകയുമാണുണ്ടായത്.
ഒരു സെക്ഷൻ ഫോറസ്റ്റ് ഓഫിസറെ മാത്രംവെച്ച് ഈ സംവിധാനം നടത്തിക്കൊണ്ടുപോകുന്നത് ദുഷ്കരമാകുമെന്ന് സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തിയ സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറി ജി.എൽ. റെജി പറഞ്ഞു. എല്ലാ ജില്ലകളിലെയും കായിക ക്ഷമത പരീക്ഷ പൂർത്തീകരിച്ച് ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരുടെ റാങ്ക് പട്ടിക പ്രസീദ്ധികരിച്ച് അതിൽനിന്ന് നിലവിൽ ഒഴിവുള്ള ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരുടെ തസ്തികകളിലേക്ക് നിയമനം നടത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
ഓർഗനൈസേഷൻ ജില്ല പ്രസിഡന്റ് ജെറി ജോസഫ് അധ്യക്ഷത വഹിച്ചു. എ.അൻവർ രക്തസാക്ഷി പ്രമേയവും സാബു കുര്യൻ അനുശോചന പ്രമേയവും പി.ജി .സന്തോഷ് സ്വാഗതവും പറഞ്ഞു. കെ.വി .സാജൻ ,സുഭാഷ് ചന്ദ്ര ബോസ്, എം.കെ വിശ്വനാഥൻ എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി പി.ജി. സന്തോഷകുമാർ പ്രവർത്തനറിപ്പോർട്ട് അവതരിപ്പിച്ചു. ജോ. സെക്രട്ടറി ജോൺസൺ ജോയി നന്ദി പറഞ്ഞു.
ഭാരവാഹികൾ: പി. ഗിരീഷ് കുമാർ (ജില്ല പ്രസി), ജോൺസൺ ജോയി, പി.അർച്ചന നായർ (വൈസ് പ്രസി), എ. അൻവർ (ജില്ല സെക്ര), എം. അഭിജിത്ത് കെ.അലിക്കുഞ്ഞ് (ജോ സെക്ര), ബിനോയി ജേക്കബ് (ട്രഷ).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.