കാട്ടുപോത്ത് വേട്ട; നാടന്‍ തോക്കുകളുമായി എട്ടു പേര്‍ അറസ്റ്റില്‍

അടിമാലി: കാട്ടുപോത്തിനെ വെടിവെച്ച് കൊന്ന സംഭവത്തില്‍ എട്ടു പേരെ വനപാലകര്‍ അറസ്റ്റ് ചെയ്തു. പ്രതികളുടെ പക്കൽ നിന്നും രണ്ട് നാടന്‍തോക്കുകളും പൊലീസ് പിടികൂടി. മാമലകണ്ടം അഞ്ചുകുടി സ്വദേശി കണ്ണന്‍ എന്ന രാധാകൃഷ്ണൻ, അടിമാലി നെല്ലിപ്പാറ സ്വദേശികളായ രാമകൃഷ്ണന്‍, ശക്തിവേല്‍, ഒഴുവത്തടം സ്വദേശി മനീഷ്, പത്താം മൈല്‍ സ്രാമ്പിക്കല്‍ ആഷിഖ്, മാങ്കുളം സ്വദേശി ശശി, അടിമാലി കൊരങ്ങാട്ടികുടിയില്‍ സന്ദീപ്, കൊരങ്ങട്ടികുടിയില്‍ സാഞ്ചോ എന്നിവരെയാണ് അടിമാലി റേഞ്ച് ഓഫീസര്‍ കെ.വി. രതീഷിന്റെ നേതൃത്വത്തിലുളള സംഘം അറസ്റ്റ് ചെയ്തത്. രണ്ട് വാഹനങ്ങളും പിടികൂടി.

മച്ചിപ്ലാവ് ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിതിയില്‍ വരുന്ന നെല്ലിപ്പാറ വനത്തില്‍ അതിക്രമിച്ച് കയറി കാട്ടുപോത്തിനെ വെടിവെച്ച് കൊന്നശേഷം മാംസം വീതിച്ചെടുക്കുകയും വില്‍പന നടത്തിയ സംഭവത്തിലാണ് ഇവരെ പിടികൂടിയത്. വെടിവെക്കാന്‍ ഉപയോഗിച്ചത് നാടന്‍ ഇരട്ടകുഴല്‍ തോക്കുകളാണെന്ന് പൊലീസ് കണ്ടെത്തി. കൂടാതെ വാക്കത്തി ഉൾപ്പെടെയുളള മാരകായുധങ്ങളും സംഘത്തിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ആദിവാസികള്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് രണ്ടാഴ്ച മുന്‍പ് നെല്ലിപ്പാറ വനത്തില്‍ നിന്ന് കാട്ടുപോത്തിന്റെ തലയും തൊലിയും കണ്ടെത്തിയിരുന്നു. കൊലപാതകമാണെന്ന് മനസിലായതോടെ കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു.

ഇതിനിടെയാണ് കാട്ടുപോത്തിന്റെ ഇറച്ചി വില്‍പ്പന നടത്തിയതായി വനപാലകര്‍ കണ്ടെത്തുകയും തുടര്‍ന്ന് നടത്തിയ അന്വേഷണത്തിൽ പ്രതികളെ പിടികൂടുകയുമായിരുന്നു. റേഞ്ച് ഓഫീസര്‍ക്ക് പുറമെ മച്ചിപ്ലാവ് ഫോറസ്റ്റ് സ്റ്റേഷന്‍ ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ ബിനോജ്, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ പി.ജി. സന്തോഷ്, വി.എസ്. സജീവ്, സുധമോള്‍ ഡാനിയേല്‍ ബി.എഫ്.മാരായ എ. അന്‍വര്‍, വി.എംകുമാര്‍, എ.കെ. അഖില്‍,പി.എ അഭിലാഷ്, പി.യു. ജോബി, വിജു രാഘവന്‍, ബെന്നി ജെയിംസ്, പദ്പനാഭന്‍, ഷെജിന്‍ ജോണ്‍സി, ജോണ്‍സണ്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Tags:    
News Summary - Wild buffalo hunting; Eight arrested with handguns

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.