അടിമാലി: മൂന്നാറിലെ തോട്ടം മേഖലയിൽ വീണ്ടും കാട്ടാന ആക്രമണം. മാട്ടുപ്പെട്ടിയിൽ പടയപ്പ എന്ന കാട്ടാന രണ്ട് വഴിയോരക്കടകൾ തകർത്തു. ദേവികുളത്ത് കാട്ടാനക്കൂട്ടം രണ്ട് കടകളും തകർത്തു. തിങ്കളാഴ്ച പുലർച്ചയാണ് ദേവികുളത്ത് ആറ് ആനകൾ എത്തിയത്. ജനവാസ കേന്ദ്രത്തിൽക്കൂടി ടൗണിൽ എത്തിയ കാട്ടാനകൾ ഇറച്ചിക്കടകൾക്കുനേരെയാണ് ആക്രമണം നടത്തിയത്.
ഷട്ടറും ഭിത്തിയും അടക്കം തകർത്ത് രണ്ട് മണിക്കൂറിലേറെ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. തുടർന്നാണ് വനത്തിലേക്ക് തിരികെ പോയത്. ഡിവിഷനൽ ഫോറസ്റ്റ് ഓഫിസിനും റേഞ്ച് ഓഫിസിനും 500 മീറ്റർ ചുറ്റളവിൽ കാട്ടാന ഇറങ്ങിയിട്ടും വനം വകുപ്പിലെ ആരും തിരിഞ്ഞുനോക്കിയില്ലെന്ന് ആക്ഷേപമുണ്ട്.
മദപ്പാട് ലക്ഷണം കാട്ടുന്ന പടയപ്പ തുടർച്ചയായ രണ്ടാം ദിവസമാണ് മാട്ടുപ്പെട്ടിയിൽ കടകൾ തകർക്കുന്നത്. വഴിയോര വ്യാപാര കേന്ദ്രങ്ങൾക്കുനേരെയാണ് പടയപ്പയുടെ പരാക്രമം. ഞായർ, തിങ്കൾ ദിവസങ്ങളിൽ മൂന്ന് കടകളാണ് പടയപ്പ തകർത്തത്. നാളികേരം ഉൾപ്പെടെ അകത്താക്കിയാണ് മടങ്ങിയത്. മൂന്നാർ - മറയൂർ പാതയിൽ നെയ്മക്കാട് മേഖലയിൽനിന്നാണ് പടയപ്പ വീണ്ടും മാട്ടുപ്പെട്ടിയിൽ എത്തിയത്. പ്രകോപിതനായ പടയപ്പയെ ജനവാസ കേന്ദ്രത്തിൽനിന്ന് മാറ്റണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
ചിന്നക്കനാലിൽ ചക്കക്കൊമ്പനും വ്യാപകനാശം വിതച്ച് സ്വൈരവിഹാരം തുടരുകയാണ്. ഇതോടെ തോട്ടം മേഖലയിലെ ജനങ്ങൾ ഭീതിയിലാണ്. പകലും രാത്രിയും കാട്ടാനശല്യം തുടരുന്നത് തൊഴിലാളികളെയും വിദ്യാർഥികളെയും ടാക്സി തൊഴിലാളികളെയുമാണ് പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.
സർക്കാർ പലവിധ പദ്ധതികൾ പ്രഖ്യാപിച്ചെങ്കിലും മേഖലയിൽ ഒന്നും നടപ്പായിട്ടില്ല. ഡ്രോൺ നിരീക്ഷണം പറഞ്ഞിരുന്നെങ്കിലും അതുണ്ടായില്ല. മൂന്നാർ, ചിന്നക്കനാൽ മേഖലയിൽ അടുത്തിടെ നാലുപേരാണ് കാട്ടാന ആക്രമണത്തിൽ മരിച്ചത്. ഇതിനുപുറമെ, കാഞ്ഞിരവേലിയിൽ വയോധിക കൊല്ലപ്പെട്ട സ്ഥലത്തും കാട്ടാനശല്യം തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.