അടിമാലി: മൂന്നാറിൽ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തിൽ രണ്ട് കാറുകൾ തകർന്നു. മൂന്നാർ മാട്ടുപ്പെട്ടി ഫാക്ടറി ഡിവിഷനിലാണ് കാട്ടാനകൂട്ടം ആക്രമണം നടത്തിയത്. കാട്ടാനകൾ റോഡിലൂടെ പാഞ്ഞ് വരുന്നത് കണ്ട വിനോദ സഞ്ചാരികൾ കാർ ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. രണ്ട് കാറുകളാണ് കാട്ടാനകൾ തകർത്തത്. ചൊവ്വാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം. ആർക്കും പരിക്കില്ലെങ്കിലും കാറുകൾക്ക് തകരാറുകളുണ്ട്.
കഴിഞ്ഞ രണ്ട് മാസമായി മൂന്നാറിലും പരിസര പ്രദേശങ്ങളിലും കാട്ടാനകൾ വ്യാപകമായ നാശമാണ് വരുത്തുന്നത്. നിരവധി വാഹനങ്ങൾക്ക് നേരെ കാട്ടാനകളുടെ ആക്രമണമുണ്ടായി. വീടുകളും കടകളും റേഷൻ കടകളും ആക്രമണത്തിനിരയായി. മൂന്നാർ, ചിന്നക്കനാൽ മേഖലയിലായി നാല് പേരാണ് കാട്ടാനകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
വനംവകുപ്പ് കാട്ടാനകളെ നിയന്ത്രിക്കാൻ ഡ്രോൺ, റാപ്പിഡ് റെഡ്സ്പോൺസ് ടീം എന്നിവ ഒരുക്കിയിട്ടുണ്ടെങ്കിലും ഇതൊന്നും ഇവിടെ ഏശുന്നില്ല. പടയപ്പ, ചക്കകൊമ്പൻ ഉൾപ്പെടെ എട്ട് ഒറ്റയാൻമ്മാരും മറ്റ് കൂട്ടത്തോടെയുള്ള കാട്ടാനകളും തോട്ടം മേഖലയിൽ വിലസുകയാണ്. ഒന്നിനു പിന്നാലെ ഒന്നായി കാട്ടാന ശല്യം തുടർന്നിട്ടും പരിഹാരം മാത്രം ഉണ്ടാകാത്തത് വ്യാപക ജനരോഷത്തിന് കാരണമാകുന്നുണ്ട്. മാങ്കുളം, അടിമാലി പഞ്ചായത്ത് പരിധിയിൽ വിവിധ പ്രദേശങ്ങളിലും കാട്ടാന ശല്യം അതിരൂക്ഷമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.