അടിമാലി: ദേവികുളം - ഉടുമ്പൻചോല താലൂക്കിൽ വിവിധ ഇടങ്ങളിൽ കാട്ടാന ശല്യം അതി രൂക്ഷമാകുന്നു. ജനവാസ മേഖലയിൽ ഇറങ്ങുന്ന കാട്ടാനകൾ കൃഷികളടക്കം നശിപ്പികുകയാണ്.
മൂന്നാർ മേഖലയിൽ പടയപ്പയും ചിന്നക്കനാലിൽ ചക്കക്കൊമ്പനും കഴിഞ്ഞ രണ്ട് ദിവസമായി ജനവാസ മേഖലയിൽ ജനത്തിന് വലിയ ഭീഷണി ഉയർത്തി ചുറ്റിത്തിരിയുകയാണ്. കഴിഞ്ഞ ദിവസം മറയൂർ റോഡിൽ ഭീകരാന്തരീക്ഷം തീർത്ത പടയപ്പ ഇപ്പോൾ മാട്ടുപ്പെട്ടി, എക്കോ പോയിന്റ് എന്നിവിടങ്ങളിൽ ജനവാസ മേഖലയിൽ ചുറ്റിതിരിയുകയാണ്. ഏതാനും ആഴ്ചകളായി കാണാമറയത്തായിരുന്ന ചക്കക്കൊമ്പൻ ചിന്നക്കനാൽ മേഖലയിൽ വീണ്ടും എത്തി. റോഡിലും കൃഷിയിടങ്ങളിലുമായി ചുറ്റിതിരിയുന്ന ഈ കാട്ടുകൊമ്പൻ ബിയൽ റാം, സിങ്കുകണ്ടം, മുന്നൂറ്റൊന്ന് കോളനി എന്നിവിടങ്ങളിൽ വ്യാപകമായി കൃഷി നശിപ്പിച്ചു.
അടിമാലി പഞ്ചായത്തിലെ വാളറ നാല് സെന്റ് കോളനിയിൽ വ്യാഴാഴ്ച രാത്രി കാട്ടാന എത്തി. ഇവിടെ ആദ്യമായിട്ടാണ് കാട്ടാന എത്തുന്നത്. വാഴ, ജാതി തുടങ്ങി നിരവധി കൃഷികളും നശിപ്പിച്ചു. പാട്ടയടമ്പ്, കുളമാം കുഴി ആദിവാസി കോളനികളിലും കാട്ടാന ശല്യം അതി രൂക്ഷമാണ്.
കാലവർഷം തുടങ്ങി വനത്തിൽ വെള്ളവും തീറ്റയും വർധിച്ചിട്ടും കാട്ടാനകൾ ജനവാസ മേഖലയിലും കൃഷിയിടങ്ങളിലും വിഹരിക്കുന്നത് ജനങ്ങളെ വലിയ ആശങ്കയിൽ ആക്കുന്നു. മാങ്കുളം, മറയൂർ പഞ്ചായത്തുകളിലും കാട്ടാനകൾ വ്യാപക നാശം വിതക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.