അടിമാലി: ദേവികുളം, ഉടുമ്പൻചോല താലൂക്കുകളിൽ ജനവാസ മേഖലകളിൽ കാട്ടാന ശല്യം അതിരൂക്ഷമായി. തിങ്കളാഴ്ച അടിമാലി റേഞ്ചിൽ കല്ലാർ, വട്ടയാർ, 12 ഏക്കർ മേഖലയിൽ കാട്ടാനക്കൂട്ടം വ്യാപക നാശമാണ് ഉണ്ടാക്കിയത്. ചർച്ചിന് സമീപം എത്തിയ കാട്ടാനകൾ തിങ്കളാഴ്ച രാവിലെ പരാക്രമം നടത്തി.
ചർച്ചിന് നേരെ ആക്രമണം നടത്തിയ കാട്ടാനകൾ മുറ്റത്ത് നിന്ന തെങ്ങും വാഴയും അടക്കം നശിപ്പിച്ചു. മേഖലയിലെ നിരവധി കർഷകരുടെ ഏലകൃഷിയും നശിപ്പിച്ചു. രാവിലെ എട്ടു വരെ ജനവാസ മേഖലയിൽ കാട്ടാന നിലയുറപ്പിച്ചു. ഇത് തോട്ടം തൊഴിലാളികൾക്ക് തോട്ടത്തിൽ ജോലിക്ക് ഇറങ്ങാൻ പറ്റാത്ത സാഹചര്യം ഉണ്ടാക്കി.
മച്ചിപ്ലാവ് ഫോറസ്റ്റ് സ്റ്റേഷനിൽ വിവരം അറിയിച്ചപ്പോൾ ജീവനക്കാർ കുറവായതിനാൽ വരാൻ പറ്റില്ലെന്ന മറുപടിയാണ് ലഭിച്ചതെന്ന് കർഷകർ പറഞ്ഞു. കഴിഞ്ഞ ദിവസം വാളറ കമ്പിലൈൻ, പഴംബ്ലിച്ചാൽ മേഖലയിലും കാട്ടാനകൾ വലിയ നാശം വിതച്ചിരുന്നു. കൂടാതെ പൂപ്പാറ കോരമ്പാറയിലും ചിന്നക്കനാൽ, മൂന്നാർ, മറയൂർ, മാങ്കുളം, കാന്തല്ലൂർ പഞ്ചായത്തുകളിലും കാട്ടാനകൾ വലിയ ഭീഷണിയാണ് ഉയർത്തുന്നത്.
എന്നാൽ, വനം വകുപ്പ് കാട്ടാന ശല്യം കുറക്കാനോ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാനോ ഒരു നടപടിയും സ്വീകരിക്കുന്നില്ല. മൂന്നാറിലുള്ള കാട്ടുകൊമ്പൻ പടയപ്പയെ അവിടെനിന്ന് മാറ്റണമെന്നും കാട്ടാനകളെ ജനവാസ മേഖലയിൽനിന്ന് ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.