അടിമാലി: സ്ത്രീയെ കൊലപ്പെടുത്തി അടുക്കളയില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. പണിക്കന്‍കുടി ചേമ്പ്ളായിതണ്ട് നായികുന്നേല്‍ ബിനോയിയുടെ വീടിെൻറ അടുക്കളയിലാണ് മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. പെരിഞ്ചാംകുട്ടി താമഠത്തില്‍ ബാബുവിെൻറ ഭാര്യ സിന്ധുവിെൻറ മൃതദേഹമാണ് ഇതെന്നാണ് പൊലീസ് സംശയിക്കുന്നത്. അതേസമയം, മൃതദേഹം ശനിയാഴ്ചയേ പുറത്തെടുക്കുകയുളളു. അതിന് ശേഷം മാത്രമേ ആരെന്ന് വ്യക്തമാവുകയുളളൂ.
സിന്ധുവിനെ കഴിഞ്ഞ ആഗസ്റ്റ് 12 മുതല്‍ കാണാനില്ലായിരുന്നു.15ന് വെളളത്തൂവല്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. വെളളിയാഴ്ച സിന്ധുവിെൻറ മകന്‍ അഖില്‍ പറഞ്ഞതനുസരിച്ച് സിന്ധുവിെൻറ സഹോദരങ്ങല്‍ ബിനോയിയുടെ വീട്ടില്‍ പരിശോധന നടത്തി. അടുക്കളയില്‍ മണ്ണിളകി കിടക്കുന്ന ഭാഗം മാന്തി നോക്കിയപ്പോള്‍ കൈയ്യും വിരലുകളും കണ്ടു. തുടര്‍ന്ന് വെളളത്തൂവല്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.
പൊലീസ് എത്തി മൃതദേഹം തന്നെയാണെന്ന് സ്ഥീരികരിച്ചെങ്കിലും ഇന്ന് പുറത്തെടുക്കാന്‍ സാധിച്ചില്ല. ശനിയാഴ്ച രാവിലെ ഇടുക്കി ആര്‍.ഡി.ഒയുടെ സാന്നിധ്യത്തില്‍ മൃതദേഹം പുറത്തെടുക്കുമെന്നും ഇടുക്കി ഡിവൈ.എസ്.പി ഇമ്മാനുവല്‍ പോള്‍ പറഞ്ഞു.
ഭര്‍ത്താവുമായി പിണങ്ങി അഞ്ച് വര്‍ഷമായി സിന്ധു ബിനോയിയുടെ വീടിെൻറ അടുത്ത് മറ്റൊരു വീട്ടിലാണ് താമസിക്കുന്നത്. ഇരുവരും അടുപ്പത്തിലുമാണ്. ആഗസ്റ്റ് 11ന് രാത്രി 13 വയസുളള സിന്ധുവിെൻറ മകനെ ബിനോയിയുടെ സഹോദരിയുടെ വീട്ടിലേക്ക് കൂട്ട് കിടക്കാന്‍ വിട്ടിരുന്നു. 12ന് മകന്‍ വീട്ടിലെത്തിയപ്പോള്‍ സിന്ധുവിനെ കണ്ടില്ല. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്.
ബിനോയിയെ 16ന് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചതോടെ ഇയാള്‍ ഒളിവില്‍ പോവുകയും ചെയ്തു. ഇരുവരെയും കണ്ടെത്താന്‍ പൊലീസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് രൂപീകരിച്ച് മറ്റ് സംസ്ഥാനങ്ങളിലടക്കം അന്വേഷണം നടത്തുന്നതിനിടെയാണ് ബിനോയിയുടെ അടുക്കളയില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്. സിന്ധുവിെൻറ തിരോധാനത്തിന് പിന്നില്‍ ബിനോയിക്ക് പങ്കുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. സിന്ധുവിനെ കാണാതായതിെൻറ തലേന്ന് അവിടെ വഴക്കുണ്ടായതായും ബന്ധുക്കള്‍ പറഞ്ഞു.
സിന്ധുവിനെ കാണാതായ സമയത്ത് പൊലീസ് അന്വേഷണത്തില്‍ അലംഭാവം കാണിച്ചതായും ബന്ധുക്കള്‍ ആരോപിക്കുന്നുണ്ട്. ബിനോയിയുടെ വീട്ടിലെത്തി വിശദമായ അന്വേഷണം പൊലീസ് നടത്തിയിരുന്നെങ്കില്‍ കേസ് നേരത്തെ തെളിയുമായിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു. ഡിവൈ.എസ്.പിക്ക് പുറമെ വെളളത്തൂവല്‍ സി.ഐ ആര്‍. കുമാര്‍, തഹസില്‍ദാര്‍ വിന്‍സെൻറ് തോമസ്, എസ്.ഐമാരായ രാജേഷ്‌കുമാര്‍, സജി എന്‍. പോള്‍ എന്നിവരാണ് അന്വേഷണത്തിന് നേത്യത്വം നല്‍കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.