അടിമാലി: ഏലത്തോട്ടത്തിലെ പണികൾ തടസ്സപ്പെടുത്തുകയും തൊഴിലാളികളെ ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ സി.പി.എം ലോക്കൽ സെക്രട്ടറി ഉൾപ്പെടെ മൂന്ന് പേർക്കെതിരെ രാജാക്കാട് പൊലീസ് കേസെടുത്തു. കജനാപ്പാറ വെള്ളിവിളന്താനിൽ തിരുവനന്തപുരം സ്വദേശിനിയുടെ ഉടമസ്ഥതയിലെ തോട്ടത്തിൽ അതിക്രമിച്ചു കയറിയ സി.പി.എം കജനാപ്പാറ ലോക്കൽ സെക്രട്ടറി എസ്. മുരുകൻ, സി.പി.എം നേതാവും രാജകുമാരി പഞ്ചായത്ത് അംഗവുമായ പി. രാജാറാം, സി.ഐ.ടി.യു നേതാവ് കെ. ഇളങ്കോവൻ എന്നിവർക്കെതിരെയാണ് കേസെടുത്ത്.
ഉടമകൾ നൽകിയ ഹരജിയെ തുടർന്ന് ഇവർ തോട്ടത്തിൽ പ്രവേശിക്കുന്നതും കൃഷി പ്പണി തടസ്സപ്പെടുത്തുന്നതും വിലക്കി 2021 ഒക്ടോബർ 10ന് ഹൈകോടതി ഉത്തരവിട്ടിരുന്നു. ഇത് ലംഘിച്ച് കഴിഞ്ഞ 16ന് വീണ്ടും തോട്ടത്തിൽ പ്രവേശിച്ച് സൂപ്പർവൈസർ കണ്ണൻ ഉൾപ്പെടെയുള്ള തൊഴിലാളികളെ ഭീഷണിപ്പെടുത്തി.
തോട്ടം തിരുവനന്തപുരം സ്വദേശികളുടേതാണെങ്കിലും ഇവിടെ എന്ത് ചെയ്യണമെന്ന് തീരുമാനിക്കുന്നത് പാർട്ടിക്കാർ ആണെന്നും ഇവിടെ നിന്ന് പോയില്ലെങ്കിൽ അടിച്ചോടിക്കുമെന്നും ഇവർ തൊഴിലാളികളെ ഭീഷണിപ്പെടുത്തിയതായി ഉടമ രാജാക്കാട് പൊലീസിന് നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു. തോട്ടത്തിലെ തൊഴിൽ തർക്കമാണ് പ്രശ്നങ്ങൾക്ക് കാരണമെന്നും തോട്ടത്തിൽ അതിക്രമിച്ച് കയറിയെന്ന ഉടമയുടെ പരാതി വ്യാജമാണെന്നും സി.പി.എം ലോക്കൽ സെക്രട്ടറി എസ്. മുരുകൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.