ചെറുതോണി: ഇടുക്കി ജില്ല പൊലീസ് സഹകരണ സംഘത്തില്‍ 20 ലക്ഷം രൂപയുടെ തട്ടിപ്പ്. കെ.കെ. സിജു കാനത്തില്‍ പടമുഖം എന്ന പൊലീസ് ഉദ്യോഗസ്ഥന് ജില്ല പൊലീസ് മേധാവിക്ക് നല്കിയ പരാതിയെ തുടര്‍ന്ന് റിട്ട. എസ്.ഐ ഉള്‍പ്പെടെ കുറ്റക്കാരായ ആറ് പേര്‍ക്കെതിരെ ഇടുക്കി പൊലീസ് കേസെടുത്തു.
കുളമാവ് സ്റ്റേഷനിലെ പൊലീസുകാരന് അജീഷ്, ജില്ല പൊലീസ് ഓഫിസിലെ അക്കൗണ്ടന്റ് മീനാകുമാരി, സംഘത്തിലെ അന്നത്തെ പ്രസിഡന്റ് റിട്ട. എസ്.ഐ കെ.കെ. ജോസ്, അന്നത്തെ സഹകരണ സംഘം സെക്രട്ടറിയായിരുന്ന ശശികുമാര്‍, ഇപ്പോഴത്തെ ഭാരവാഹികളായ സനല്‍കുമാര്‍, അഖില്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. പരാതി നല്‍കിയിട്ടും വേണ്ടത്ര അന്വേഷണം നടത്താത്തതിനാണ് ഇപ്പോഴത്തെ ഭാരവാഹികളുടെ പേരില്‍ കേസെടുത്തത്.
2017ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 2017 ഫെബ്രുവരി ഏഴിന് പ്രതികള്‍ പരാതിക്കാരന് അറിയാതെ അയാളുടെ പേരില്‍ വ്യാജരേഖ ചമച്ച് 20 ലക്ഷം രൂപ വായ്പയെടുത്ത് തട്ടിപ്പ് നടത്തുകയായിരുന്നു. പരാതിക്കാരന്റെ അറിവോ സമ്മതമോ ഇല്ലാതെ സാലറി സര്‍ട്ടിഫിക്കറ്റ് വ്യാജമായി നിര്‍മിച്ചാണ് തട്ടിപ്പ് നടത്തിയത്. ഇദ്ദേഹത്തിന്റെ വിലാസവും ഒപ്പും വ്യാജമാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.
2021ൽ തിരിച്ചടവ് മുടങ്ങിയതിനെത്തുടര്‍ന്ന് സൊസൈറ്റിയിൽനിന്ന് റിക്കവറി നോട്ടീസ് ലഭിച്ചപ്പോഴാണ് പരാതിക്കാരൻ സംഭവമറിയുന്നത്. തുടര്‍ന്ന് പരാതിക്കാരൻ സൊസൈറ്റിയിലെത്തി താൻ വായ്പയെടുക്കാൻ മറ്റാര്‍ക്കും ജാമ്യം നിന്നിട്ടില്ലെന്ന് അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല. തുടര്‍ന്ന് ജില്ല പൊലീസ് മേധാവിക്ക് പരാതി നല്കി. എസ്.പി പരാതി അന്വേഷിക്കാൻ ഡി.സി.ആർ.ബിയെ ചുമതലപ്പെടുത്തി.
അന്വേഷണത്തിൽ സംഭവം ശരിയാണെന്ന് തെളിഞ്ഞു. തുടര്‍ന്ന് ജില്ല പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം ഇടുക്കി പൊലീസ് കേസെടുക്കുകയായിരുന്നു. എന്നാൽ, നിലവിലുള്ള സംഘം പ്രസിഡന്റ്, സെക്രട്ടറി എന്നിവർ സംഭവം നടക്കുന്ന സമയത്ത് ചുമതലയിലുണ്ടായിരുന്നില്ല. മാത്രമല്ല ജില്ല പൊലീസ് മേധാവിയുടെ ഓഫിസിൽനിന്ന് ലഭിച്ച സാലറി സര്‍ട്ടിഫിക്കറ്റിന്റെ ജാമ്യത്തിലാണ് വായ്പ അനുവദിച്ചത്. അതിനാൽ ഇക്കാര്യത്തിൽ നിയമവിദഗ്ധരുമായി ആലോചിച്ച് തുടര്‍ന്ന് നടപടി സ്വീകരിക്കുമെന്ന് സംഘം പ്രസിഡന്റ് എച്ച്. സനല്‍കുമാർ, സെക്രട്ടറി അഖിൽ വിജയൻ എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.