ചെറുതോണി: രണ്ടുദിവസമായി പെയ്യുന്ന കനത്ത മഴയിൽ വാഴത്തോപ്പ് പഞ്ചായത്തിലെ രണ്ടുവീടുകൾ തകർന്നു. വ്യാപക കൃഷിനാശവുമുണ്ടായി. കരിമ്പൻ കുട്ടപ്പൻസിറ്റിയിൽ മേസറാകത്ത് ജോർജ്കുട്ടിയുടെ വീട് ഭാഗികമായി തകർന്നു. വീടിന്റെ പുറകിൽ നിന്ന് മണ്ണിടിഞ്ഞ് അടുക്കളയിലേക്കും തൊട്ടടുത്ത മുറിയിലേക്കും വീഴുകയായിരുന്നു. ഗൃഹോപകരണങ്ങൾ മുഴുവൻ നശിച്ചു. സംഭവം വൈകീട്ടായതിനാൽ ആളപായമുണ്ടായില്ല. മാതാപിതാക്കൾ വീട്ടിലില്ലായിരുന്നു. മക്കളായ ആൽബിനും ആൽഫിയയും മണ്ണിടിഞ്ഞുവരുന്ന ശബ്ദം കേട്ട് ഓടിമാറിയതിനാലാണ് രക്ഷപ്പെട്ടത്. കഞ്ഞിക്കുഴി പഞ്ചായത്തിലെ കീരിത്തോട് ആറാം കൂപ്പിൽ കനത്ത മഴയിൽ പാറ വീണ് വീട് തകർന്നു. കുരുമ്പനാൽ റോയി കുരുവിളയുടെ വീടാണ് തകർന്നത്. വീടിനു പുറകിൽ മുകൾ ഭാഗത്ത് ഇളകിനിന്നിരുന്ന പാറ രാത്രിയോടെ വീട്ടിലെ കിടപ്പുമുറിയിലേക്ക് വീഴുകയായിരുന്നു. സംശയം തോന്നി റോയിയും ഭാര്യയും മകനും ഹാളിൽ കിടന്നതിനാലാണ് രക്ഷപ്പെട്ടത്. രാത്രി 12 മണിയോടെ വലിയ ശബ്ദത്തോടെ പാറ ഇളകി വീട്ടിൽ പതിക്കുകയായിരുന്നു. മുറിയിലുണ്ടായിരുന്ന കട്ടിലും വിലപിടിപ്പുള്ള വീട്ടുപകരണങ്ങളും തകർന്നു. വീട് താമസിക്കാൻ പറ്റാത്ത വിധം തകർന്നു. വാഴത്തോപ്പ് മാങ്കുളത്തിൽ രഞ്ജിത്തിന്റെ വീടിന്റെ സംരക്ഷണ ഭിത്തി കനത്ത മഴയെത്തുടർന്ന് തകർന്നു. വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന ബൈക്കിനും കാറിനും തകരാർ സംഭവിച്ചു. മുരിക്കാശ്ശേരിയിൽ വൈദ്യുതിബോർഡിന്റെ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ വൈദ്യുതിവിതരണം നിലച്ചു. പലസ്ഥലത്തായി ഇരുപതോളം വൈദ്യുത പോസ്റ്റുകൾ തകർന്നു. വാർത്താവിനിമയ ബന്ധവും തകരാറിലായിട്ടുണ്ട്. അടിമാലി - കുമളി ദേശീയ പാതയിൽ നാരകക്കാനം കുമ്പിടിക്കവലയിൽ മണ്ണിടിഞ്ഞ് വീണ് ഗതാഗതം തടസ്സപ്പെട്ടു.
തിങ്കളാഴ്ച വൈകീട്ട് ആറോടെയാണ് കൂറ്റൻ പാറക്കഷണങ്ങൾ ഉൾപ്പെടെ റോഡിലേക്ക് ഇടിഞ്ഞ് വീണത്. ശക്തമായ മലവെള്ളപ്പാച്ചിലിൽ മണ്ണ് ഒലിച്ചുപോയെങ്കിലും പാറക്കഷണങ്ങൾ റോഡിൽ മാർഗതടസ്സം സൃഷ്ടിച്ചിരിക്കുകയാണ്. ഇടുക്കിയിൽ നിന്നുള്ള അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ രണ്ടുമണിക്കൂർ നേരത്തെ പരിശ്രമത്തിനു ശേഷമാണ് ഗതാഗതം പുന:സ്ഥാപിച്ചത്. അതുവരെ വാഹനങ്ങൾ നാരകക്കാനം പള്ളിക്കവല - പള്ളിസിറ്റി - അമലഗിരി -ഡബിൾകട്ടിങ് വഴിയാണ് തിരിച്ചു വിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.