ചെറുതോണി: വനം വകുപ്പ് പ്രതികൂല റിപ്പോർട്ട് നൽകിയതോടെ ഇടുക്കി-ഉടുമ്പന്നൂർ റോഡ് നിർമാണം വീണ്ടും നിലച്ചു. റോഡ്കടന്നുപോകുന്ന ഭാഗം ആനത്താരയാണെന്ന് ഡി.എഫ്.ഒ നൽകിയ റിപ്പോർട്ടാണ് വിനയായത്. കൈതപ്പാറ, മണിയാറംകുടി, മക്കുവള്ളി, മനയത്തടം എന്നിവിടങ്ങളിൽ താമസിക്കുന്നവർ ഈ റോഡ് പൂർത്തിയാകാൻ കാത്തിരിപ്പ് തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി.
റോഡ് പൂർത്തിയാക്കുന്നതിൽ ജനപ്രതിനിധികൾ താൽപര്യമെടുക്കുന്നില്ലന്നാണ് നാട്ടുകാരുടെ ആക്ഷേപം. തൊടുപുഴ നിന്ന് മൂലമറ്റം കുളമാവ് വഴി ജില്ല ആസ്ഥാനത്തേക്ക് പോകുന്ന ദൂരം 36 കിലോമീറ്റർ കുറക്കാൻ ഇടുക്കി-ഉടുമ്പന്നൂർ റോഡിന് കഴിയും. പൈനാവിലേക്ക് ചെറുതോണി വഴിയല്ലാതെ എത്താനുമാകും.
പട്ടം താണുപിള്ള മുഖ്യമന്ത്രിയായിരുന്ന കാലത്ത് അധിക ഭക്ഷ്യോൽപാദനത്തിനു വേണ്ടി കർഷകരെ കുടിയിരുത്തിയ സ്ഥലമാണ് കൈതപ്പാറ. ഇവിടെ മക്കുവള്ളി, മനയത്തടം പ്രദേശങ്ങളിലും നിരവധി പേർ താമസിക്കുന്നു. ഈ പ്രദേശത്തെ താമസ കേന്ദ്രങ്ങൾ ഒഴിച്ചുള്ള സ്ഥലങ്ങൾ കൂടുതലും ഏലക്കാടുകളാണ്. കേരള ഫോറസ്റ്റ് ഡവലപ്മെന്റ് കോർപറേഷന്റേതാണ് ഏലത്തോട്ടം.
വെള്ളത്തൂവൽ പള്ളം 110 കെ.വി ലൈനിനുവേണ്ടി വൈദ്യുതി ബോർഡ് 1948 ൽ നിർമിച്ച റോഡ് നിലവിലുണ്ട്. അന്ന് തടി കൊണ്ടുപോകുന്നതിന് ലോറി സഞ്ചരിക്കാനായാണ് റോഡ് വെട്ടിയിരുന്നത്. തൊടുപുഴ നിന്ന് മൂലമറ്റം, കുളമാവ് വഴിയുള്ള ഇടുക്കി റോഡിനേക്കാൾ കയറ്റിറക്കങ്ങളും അപകടസാധ്യതകളും കുറവുള്ളതാണ് ഉടുമ്പന്നൂർ കൈതപ്പാറ വഴിയുള്ള റോഡ്.
നാട്ടുകാരുടെ നിരന്തര സമരങ്ങളുടെയും നിവേദനങ്ങളുടെയും ഫലമായി പി.എം.ജി.എസ്.വൈ പദ്ധതിയിൽപ്പെടുത്തി റോഡ് നിർമിക്കാൻ ഭരണാനുമതി ലഭിച്ച് സർവേ നടപടികൾ പൂർത്തിയാക്കിയപ്പോഴാണ് സ്ഥലം ആനത്താരയിൽപ്പെട്ടതാണെന്ന ഡി.എഫ്.ഒയുടെ റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.