ചെറുതോണി: രണ്ട് തലമുറക്ക് അക്ഷരവെളിച്ചം പകർന്ന കഞ്ഞിക്കുഴി നങ്കി ഗവ. എൽ.പി സ്കൂൾ വികസനത്തിന്റെ പുതിയ അധ്യായത്തിലേക്ക്. ഇടുക്കി പദ്ധതിക്ക് വേണ്ടി വൈരമണിയിൽനിന്ന് കുടിയിറക്കിയവരെ പകരം സ്ഥലം കൊടുത്തു മാറ്റിപ്പാർപ്പിച്ച സ്ഥലമാണ് ഇന്ന് കഞ്ഞിക്കുഴി എന്നറിയപ്പെടുന്ന നങ്കി സിറ്റി. അവരുടെ കുട്ടികൾക്ക് പഠിക്കാൻ 1975ൽ സർക്കാർ അനുവദിച്ചതാണ് ഒന്നരയേക്കർ സ്ഥലവും എൽ.പി സ്കൂളും.
പഠനം പുസ്തകത്താളിൽ മാത്രമൊതുക്കാതെ നേരിട്ട് പകർന്ന് നൽകുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയാണ് വർണക്കൂടാരം. സ്കൂൾ പ്രധാന കവാടം കടന്ന് അകത്തേക്കു പ്രവേശിച്ചാൽ ഇളം മനസ്സുകൾക്കു മാത്രമല്ല മുതിർന്നവർക്കും ഒരത്ഭുതലോകത്തെത്തിയ പ്രതീതിയാണിവിടെ. ഒന്നു മുതൽ നാലുവരെയായി നൂറിലകം കുട്ടികൾ ഇവിടെ പഠിക്കുന്നു.
നാലാം ക്ലാസുവരെയുള്ള കുട്ടികൾക്ക് പത്ത് പ്രവൃത്തി ഇടങ്ങളാണ് സ്കൂളിൽ തീർത്തിരിക്കുന്നത്. സ്കൂളിനുള്ളിൽ ഭാഷ വികാസത്തിനുള്ളതാണ് ഒന്നാമത്തെയിടം. ഇവിടെ കുരുന്നുകൾക്ക് ഭാഷ പരിജ്ഞാനം നൽകുകയാണ് ചെയ്യുക. രണ്ടാമത്തെ ഇടമാണ് അകംപുറം. ഇതു കുട്ടികൾക്ക് കളിക്കാനുള്ള ഇടമാണ്. ഊഞ്ഞാൽ, സൈക്കിൾ എന്നിവ കൂടാതെ വിവിധ ഇനം കളിക്കോപ്പുകളും ഇവിടെയുണ്ട്. മൂന്നാമത്തെയിടമാണ് വരയിടം. ചിത്രം വരയോടു താൽപര്യമുള്ള കുട്ടികൾക്കുള്ള ഇടമാണിത്. ചിത്രം വരക്കൽ ജന്മസിദ്ധമായ കഴിവാണ്. ഇങ്ങനെ കഴിവുള്ള കുട്ടികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയാണ് അധ്യാപകർ. നാലാമത്തെയിടം നിർമാണ ഇടം. വിവിധ സാധനങ്ങൾ ഇവിടെ നിർമിക്കാൻ കുട്ടികളെ പഠിപ്പിക്കുന്നു. അഞ്ചാമത്തേതാണ് ഗണിതയിടം. ഇത് കണക്കുകൾ മാത്രം പഠിപ്പിക്കുന്നയിടം. ആറാമത്തെയിടം കൂത്തരങ്ങാണ്. നാടകം, ഡാൻസ്, കഥാപ്രസംഗം മുതൽ എല്ലാ കലാപരിപാടികൾക്കും കൊച്ചുകൂട്ടുകാർക്ക് പ്രോത്സാഹനം നൽകുന്നു. നല്ല കലാകാരന്മാരെ വാർത്തെടുകയാണ് ലക്ഷ്യം. എഴാമത്തെതാണ് ഈയിടം പത്രമാധ്യമ ലോകമാണിവിടം. നാട്ടിൽ നടക്കുന്ന കൊച്ചുകൊച്ചു വർത്തകൾ മുതൽ അന്താരാഷ്ട്ര വാർത്തകൾ വരെ ഇവിടെ വിഷയങ്ങളാണ്. ഒമ്പതാമത് ഹരിതോദ്യാനം. പലതരം പൂക്കളും അരുവികളും ഇവിടെ തീർത്തിരിക്കുന്നു. പത്താമത്തെ ഇടമാണ് മണലും കല്ലും. ഇതിലൂടെ നടന്നു പഠിച്ചാൽ കാലുകൾക്ക് ആയാസം കിട്ടും. ശാസ്ത്രീയമായ പഠനരീതികളും സ്കോളർഷിപ്പു പരീക്ഷകളുമൊക്കെയായി സ്കൂളിനെ അന്താരാഷട്ര നിലവാരത്തിലെത്തിക്കുകയാണ് ലക്ഷ്യം. ഒന്നര ലക്ഷം രൂപക്കാണ് കളിസ്ഥലം തീർത്തിരിക്കുന്നത്. കഞ്ഞിക്കുഴി പഞ്ചായത്തിന്റെ ചുമതലയിലുള്ള സ്കൂളിൽ 20 ലക്ഷം രൂപയുടെ വികസന പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.