ചെറുതോണി: ലക്ഷക്കണക്കിന് രൂപയുടെ നിരോധിത പുകയില ഉൽപന്നങ്ങൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. വാഴത്തോപ്പ് പഞ്ചായത്തിൽ ഭൂമിയാംകുളം കുരിശുപാറയിൽ പാറക്കെട്ടിലാണ് ഇവ കാണപ്പെട്ടത്. നാലു ചാക്കിലായി നിറച്ച പാൻമസാലകൾ തിങ്കളാഴ്ച രാവിലെയാണ് പ്രദേശവാസികളുടെ ശ്രദ്ധയിൽപെട്ടത്. ഉടൻ ഇടുക്കി പൊലീസിലും പൈനാവ് എക്സൈസിലും വിവരമറിയിച്ചു. പൊലീസ് എത്തിയെങ്കിലും പ്രദേശവാസികളോട് നശിപ്പിച്ചുകളഞ്ഞേക്കാൻ പറഞ്ഞ് മടങ്ങി. എക്സൈസ് ഉദ്യോഗസ്ഥർ എത്തി നോക്കിയില്ലെന്ന് നാട്ടുകാർ പറഞ്ഞു. വിവരമറിഞ്ഞ് വൈകുന്നേരത്തോടെ നിരവധിപേർ സ്ഥലത്തെത്തി അധികവും കടത്തിക്കൊണ്ടുപോവുകയും ചെയ്തു. ശേഷിക്കുന്നവ പ്രദേശത്ത് നിരത്തിയിട്ടിരിക്കുകയാണ്. വിൽപനക്കാർ പൊലീസിന്റെ കണ്ണു വെട്ടിച്ച് ഇവിടെ ഒളിപ്പിച്ചതാകാമെന്നാണ് നിഗമനം. ഇനിയും ശേഷിക്കുന്നവ കുട്ടികൾ ഉൾപ്പെടെയുള്ളവർ എടുത്ത് ഉപയോഗിക്കാൻ സാധ്യതയേറെയാണ്. പാറയിൽ വൈകുന്നേരങ്ങളിലും രാത്രിയും മദ്യപാനികളുടെ ശല്യം രൂക്ഷമാണ്.
യുവാക്കളുൾപ്പെടെ ഇവിടെയെത്തി മദ്യപിച്ച് ചീത്തവിളിക്കുന്നത് പ്രദേശവാസികളുടെ സ്വൈര്യ ജീവിതത്തിന് തടസ്സമായിരിക്കുകയാണ്. ഇവിടെ പൊലീസ് നിരീക്ഷണം ശക്തമാക്കണമെന്നും അവശേഷിക്കുന്ന പാൻ മസാലകൾ പ്രദേശത്ത് നിന്ന് നീക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.