ചെറുതോണി: ജലാശയങ്ങളിൽ മുങ്ങി മരിക്കുന്ന ചെറുപ്പക്കാരുടെ എണ്ണം വർധിക്കുന്നു. കോവിഡ് നിയന്ത്രണത്തിൽ അയവുവന്നതോടെ വിനോദസഞ്ചാര മേഖലയിലേക്ക് ആളുകളുടെ ഒഴുക്ക് വർധിച്ചതിനൊപ്പമാണ് ജലാശയങ്ങളിലെ അപകടങ്ങളും പെരുകുന്നത്.
രണ്ടാഴ്ചയായി ഇടുക്കി ആർച്ച് ഡാമും മൂന്നാറും തേക്കടിയും വാഗമണ്ണുമൊക്കെ സഞ്ചാരികളുടെ തിരക്കിലമർന്നു. വിനോദസഞ്ചാര മേഖലയിലെ വെള്ളച്ചാട്ടങ്ങളും കടവുകളും മരണക്കെണിയാവുമ്പോൾ സുരക്ഷയൊരുക്കാൻ കഴിയാതെ അധികൃതർ കുഴങ്ങുകയാണ്. അഞ്ചുരുളി, ഇടുക്കി ഡാം, കല്ലാർ പൊൻമുടി, മുതിരപ്പുഴ, അമ്പഴച്ചാൽ കുണ്ടള മാട്ടുപ്പെട്ടി, ആറ്റുകാട് ദേവിയാർ, പകുതിപ്പാലം തുടങ്ങിയ പുഴകളിലും ജലാശയങ്ങളിലും കഴിഞ്ഞ അഞ്ചുവർഷത്തിനിടയിൽ പൊലിഞ്ഞത് നിരവധി ജീവനാണ്.
കട്ടപ്പന ഗവ. കോളജ് ചെയർമാനായിരുന്ന അനൂപ് സിബിച്ചൻ ഇടുക്കി ഡാമിലേക്ക് വെള്ളമെത്തിക്കുന്ന നിരകക്കാനം ടണലിൽ വീണുമരിച്ചത് അവധി ആഘോഷിക്കാൻ കൂട്ടുകാരോടൊപ്പം വന്നപ്പോഴാണ്. അവധി ആഘോഷിക്കാൻ അമ്മവീട്ടിലെത്തിയ സേനാപതി വട്ടപ്പാറയിൽ അയ്യൻകാലായിൽ അമൽ ലാലൻ പൊന്മുടി അണക്കെട്ടിൽ മുങ്ങിമരിച്ചത് ഏതാനും വർഷം മുമ്പാണ്. അമ്മവീട്ടിലെത്തിയ ഉടുമ്പന്നൂർ ഇടമറുക് മംഗലത്ത് വീട്ടിൽ വൈശാഖ് എന്ന 11കാരൻ തോക്കുപാറ അമ്പഴച്ചാൽ പുഴയിൽ കുളിക്കാനിറങ്ങി മുങ്ങിമരിക്കുകയായിരുന്നു. ഇടുക്കി കാണാനെത്തിയ അഞ്ച് യുവാക്കൾ ഏതാനും വർഷം മുമ്പ് കുണ്ടള ഡാമിൽ മുങ്ങിമരിച്ചത് നാട്ടുകാർക്കിന്നും ഞെട്ടിക്കുന്ന ഓർമയാണ്. പൊന്മുടി ജലാശയത്തിൽ നെടുങ്കണ്ടം സ്വദേശിയായ വിദ്യാർഥി മുങ്ങിമരിച്ചതും നാടിനെ നടുക്കി. ഹൈദരാബാദിൽ നിന്നെത്തിയ നവദമ്പതികളിൽ വരൻ മാങ്കുളം വിരിപ്പാറ തോട്ടിൽ മുങ്ങിമരിച്ചതും നാട്ടുകാർ മറന്നിട്ടില്ല. അടിമാലിയിലും ആറ്റുകാട് വെള്ളച്ചാട്ടത്തിലുമായി അഞ്ച് വർഷത്തിനിടെ എട്ടുപേരാണ് മുങ്ങിമരിച്ചത്.
മൂന്നാറിൽനിന്ന് മലയാറ്റൂർ തീർഥാടനത്തിനുപോയി കാലടിപ്പുഴയിൽ നാലു യുവാക്കളാണ് മുങ്ങിമരിച്ചത്. തോപ്രാംകുടിയിൽനിന്ന് മലയാറ്റൂർ തീർഥാടനത്തിനുപോയ യുവാക്കൾ പെരിയാറ്റിൽ മുങ്ങിമരിച്ചതാണ് മറ്റൊരു സംഭവം. മുരിക്കാശേരി പടമുഖത്തുനിന്ന് വിനോദയാത്ര പോയ മൂന്ന് കുട്ടികളാണ് ആലപ്പുഴ ബീച്ചിൽ തിരയിൽപെട്ട് മരിച്ചത്. ചാവക്കാടുനിന്ന് കൊളുക്കുമല കാണാനെത്തിയ ഒമ്പതംഗ വിദ്യാർഥികൾ അപകടത്തിൽപെട്ടെങ്കിലും തക്കസമയത്ത് ശ്രദ്ധയിൽപെട്ടതുകൊണ്ട് നാട്ടുകാർ രക്ഷപ്പെടുത്തി. കഞ്ഞിക്കുഴിയിൽനിന്ന് ടൂർ പോയ മൂന്നുപേരിൽ ഒരാൾ മൂലമറ്റത്ത് വെള്ളച്ചാട്ടത്തിൽ മുങ്ങിമരിച്ചത് കഴിഞ്ഞ വർഷമാണ്. മതിയായ സുരക്ഷ സംവിധാനമില്ലാത്തതും വിനോദസഞ്ചാരികളുടെ അശ്രദ്ധയുമാണ് അപകടത്തിനു കാരണമായി ചൂണ്ടിക്കാണിക്കുന്നത്.
ഇടുക്കി ജലാശയം മുന്നറിയിപ്പ് അവഗണിക്കുന്നു; അപകടങ്ങൾ തുടർക്കഥയായി
കട്ടപ്പന: ഇടുക്കി ജലാശയത്തിലെ അഞ്ചുരുളി മേഖലയിൽ മുന്നറിയിപ്പ് ടൂറിസ്റ്റുകൾ അവഗണിക്കുന്നതിനാൽ അപകടം തുടർക്കഥയാകുന്നു. കഴിഞ്ഞ 20 വർഷത്തിനിടെ ഈ മേഖലയിൽ ജലശായത്തിൽ വീണ് പത്തോളം പേർ മരിച്ചിട്ടുണ്ട്. ഏറ്റവുമൊടുവിൽ കഴിഞ്ഞ ശനിയാഴ്ച എറണാകുളത്തുനിന്ന് അഞ്ചുരുളി കൗന്തി മേഖലയിൽ ജന്മദിനാഘോഷത്തിനെത്തിയ ഒമ്പതംഗ സംഘത്തിലെ ഒരു പെൺകുട്ടി ജലശായത്തിൽ വീണ് മരിച്ചു.
അശ്രദ്ധയും അമിതാവേശവും സാഹസിക ഫോട്ടോ ഷൂട്ടും ഒക്കെയാണ് അപകടകാരണം. അഞ്ചുരുളി തുരങ്കമുഖത്ത് നടത്തുന്ന സാഹസിക വിനോദങ്ങളും അപകടം വിളിച്ചുവരുത്തുന്നു.
ജലാശയത്തിൽ ഇറങ്ങി ഫോട്ടോ എടുക്കാനുള്ള ശ്രമത്തിനിടെയാണ് ശനിയാഴ്ച പെൺകുട്ടി അപകടത്തിൽപെട്ടത്. അഞ്ചുരുളി തുരങ്ക മുഖത്ത് ടണലിനുള്ളിൽ കയറുന്ന യുവാക്കൾ കിലോമീറ്ററുകൾ ഉള്ളിലേക്ക് കയറാൻ മത്സരം നടത്തുന്നതും പതിവാണ്.
അടുത്തിടെ അന്തർസംസ്ഥാന തൊഴിലാളികളായ നാലംഗ സംഘം തുരങ്കത്തിനുള്ളിൽ കയറി മദ്യപിച്ചു. മദ്യ ലഹരിയിൽ തുരങ്കത്തിനുള്ളിൽ ഏറെനേരം കഴിഞ്ഞ ഇവരിൽ രണ്ടുപേർ തമ്മിൽ ഉള്ളിലേക്ക് ആരാണ് കൂടുതൽ ദൂരം കയറുന്നത് എന്നുപറഞ്ഞു മത്സരവും നടത്തി. നെടുങ്കണ്ടം കല്ലാർ മേഖലയിലോ ഇരട്ടയാറിലോ പെട്ടെന്ന് ജലനിരപ്പ് ഉയർന്നാൽ ഇവർക്ക് തുരങ്കത്തിൽനിന്ന് രക്ഷപ്പെടാൻ കഴിയാത്ത സ്ഥിതി ഉണ്ടായേനെ.
മഴക്കാലത്ത് തുരങ്കത്തിനുള്ളിൽ കയറുന്നത് നിയന്ത്രിക്കാൻ ആളില്ലാത്തതിനാൽ അപകടം എപ്പോഴും സംഭവിക്കാവുന്ന സ്ഥിതിയാണ്. നിയന്ത്രണങ്ങൾ ഉണ്ടെങ്കിലും അഞ്ചുരുളിയിലെ തുരങ്കത്തിനുള്ളിൽ ഇപ്പോഴും ധാരാളം ആളുകൾ എത്തുന്നുണ്ട്. ടുറിസ്റ്റ് കേന്ദത്തിലും സമീപ പ്രദേശങ്ങളിലും കാര്യമായ സുരക്ഷ സംവിധാനങ്ങളില്ലാത്തതിനാൽ ഇടുക്കി ജലാശയത്തിൽ വീണ് മരിക്കുന്നവരുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്. ശനിയാഴ്ച അപകടമുണ്ടായ സ്ഥലത്തിന് സമീപം രണ്ടുവർഷം മുമ്പ് പത്താം ക്ലാസ് വിദ്യാർഥി ജലാശയത്തിൽ വീണ് മരിച്ചിരുന്നു. വാഴവര ഒമ്പതാംമൈല് കണ്ടത്തില് ടോമിയുടെ മകന് അലനാണ് (15) അന്ന് മരിച്ചത്.സുഹൃത്തിനോടൊപ്പം അഞ്ചുരുളിയിൽ എത്തിയ അലനും കുട്ടുകാരനും ആളുകളുടെ കണ്ണിൽപെടാതെ ജലാശയത്തിന്റെ വിജനപ്രദേശത്ത് എത്തി കുളിക്കാനിറങ്ങുകയായിരുന്നു. ജലാശയ കരയിൽ സുരക്ഷ മുന്നറിയിപ്പ് ബോർഡുകളാ ഗാർഡുകളോ ഇല്ലാത്തതിനാൽ അപകടസാധ്യത കുട്ടികൾക്ക് അറിയാൻ കഴിഞ്ഞില്ല. കാൽവഴുതി വീണ അലൻ ആഴങ്ങളിലേക്ക് താഴ്ന്നുപോയി. ഇത് അഞ്ചുരുളിയിൽ 15 വർഷമായി തുടരുന്ന സംഭവങ്ങളിൽ ഒന്ന് മാത്രമാണിത്. ഇടുക്കി ജലാശയത്തിലെ ഏറ്റവും മനോഹര പ്രദേശങ്ങളിൽ ഒന്നാണ് അഞ്ചുരുളി. പ്രതിദിനം നുറുകണക്കിന് ടുറിസ്റ്റുകൾ എത്തുന്ന ഇവിടത്തെ പ്രധാന കാഴ്ച അഞ്ചുരുളി ടണൽ മുഖമാണ്.ഇരട്ടയാർ ഡാമിൽനിന്ന് ഇടുക്കി ജലാശയത്തിലേക്ക് വെള്ളം പതിക്കുന്ന കാഴ്ച അതിമനോഹരമാണ്. അതുപോലെതന്നെ അപകടകരമാണ് ഇവിടെ കയറുന്നതും. പാറയിൽ വഴുവഴുപ്പുള്ളതിനാൽ കാൽതെറ്റിയാൽ പാറയിൽ തലതല്ലി ജലാശയത്തിൽ പതിക്കും. രക്ഷപ്പെടുത്തുക അസാധ്യമാണ്.
ടണലിൽ കയറുന്നത് അതിലേറെ സാഹസമാണ്. ടണലിലൂടെ അപ്രതീക്ഷിത ജലപ്രവാഹം ഉണ്ടായാൽ രക്ഷപ്പെടാനാകില്ല. വേനലായതോടെ ടണൽമുഖത്ത് ജലപ്രവാഹം കുറവായതിനാൽ ഒട്ടുമിക്ക ടുറിസ്റ്റുകളും ഉള്ളിൽകയറുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.