ചെറുതോണി: ഉപഭോക്താവിന്റെ അപേക്ഷയോ അനുമതിയോ ഇല്ലാതെയും വേണ്ടത്ര കാരണങ്ങളില്ലാതെയും എട്ട് ദിവസം വൈദ്യുതി വിച്ഛേദിച്ചതിൽ ഉപഭോക്താവിന് കെ.എസ്.ഇ.ബി 10,000 രൂപ നഷ്ടപരിഹാരവും 5000 രൂപ കോടതിച്ചെലവും നല്‍കണമെന്ന് ജില്ല ഉപഭോക്തൃ തര്‍ക്കപരിഹാര കോടതി. കെ.എസ്.ഇ.ബി പൈനാവ് സെക്ഷൻ ഓഫിസിന് കീഴിലെ ഉപഭോക്താവ് ലൂസമ്മ തങ്കച്ചൻ പൂന്തുരുത്തിയിലിന്റെ പരാതിയിലാണ് വിധി. പരാതിക്കാരിയുടെ വീട്ടിലേക്കുള്ള വൈദ്യുതി ലൈനും പോസ്റ്റും കെ.എസ്.ഇ.ബി ജീവനക്കാർ ഉടമസ്ഥരുടെ അറിവോ സമ്മതമോ ഇല്ലാതെ അഴിച്ചുമാറ്റുകയും വൈദ്യുതിബന്ധം വിച്ഛേദിക്കുകയും ചെയ്യുകയായിരുന്നു.
ബില്ലിൽ കുടിശ്ശികയില്ലാത്ത തന്റെ വൈദ്യുതിബന്ധം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരി അസിസ്റ്റന്റ് എൻജിനീയര്‍ക്ക് അന്നുതന്നെ പരാതി നല്‍കിയെങ്കിലും കെ.എസ്.ഇ.ബി നിഷേധാത്മക നിലപാട് സ്വീകരിച്ചു. തുടര്‍ന്ന് ഇവർ കെ.എസ്.ഇ.ബിയുടെ സെന്‍ട്രലൈസ്ഡ് കസ്റ്റമർ കെയറിലും ഇടുക്കി പൊലീസിലും പരാതി നല്കി. പരാതി പരിഹരിക്കണമെന്ന പൊലീസിന്റെ നിർദേശവും കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ അവഗണിക്കുകയായിരുന്നു.
ഇതിനെതിരെ ജില്ല ഉപഭോക്തൃ തര്‍ക്കപരിഹാര കോടതിയെ സമീപിച്ച ഇവർ, മൂന്ന് ദിവസത്തിനുള്ളിൽ പഴയരീതിയിൽ ലൈൻ വലിച്ച് വൈദ്യുതി പുനഃസ്ഥാപിക്കണമെന്ന് ഇടക്കാല ഉത്തരവ് നേടി. കെ.എസ്.ഇ.ബിയുടെ ഗുരുതര വീഴ്ചയെ തുടർന്നുണ്ടായ ബുദ്ധിമുട്ടുകള്‍ക്കും തുടര്‍ച്ചായി എട്ട് ദിവസം വൈദ്യുതി ഇല്ലാത്തതും മൂലമുണ്ടായ നഷ്ടങ്ങള്‍ക്കും നഷ്ടപരിഹാരം ആവശ്യപ്പെട്ട് നല്കിയ ഹരജിയിലാണ് കോടതി വിധി. 10,000 രൂപ നഷ്ടപരിഹാരവും 5000 രൂപ കോടതിച്ചെലവിനുമായി 45 ദിവസത്തിനുള്ളിൽ നല്‍കണമെന്നും അല്ലാത്തപക്ഷം 12 ശതമാനം വാര്‍ഷിക പലിശ നല്‍കണമെന്നുമാണ് വിധി. പരാതിക്കാരിക്കുവേണ്ടി അഡ്വ. ബേബിച്ചൻ വി. ജോർജ് ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.