ചെറുതോണി: ഐ.എച്ച്.ആര്.ഡിയുടെ കീഴില്‍ പൈനാവില്‍ പ്രവര്‍ത്തിക്കുന്ന പോളിടെക്നിക്കില്‍ അധ്യാപകരുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും കുറവുമൂലം എ.ഐ.സി.ടി.ഇ അംഗീകാരം നഷ്ടമാകുമെന്ന് ആശങ്ക. 1997ല്‍ പി.ജെ. ജോസഫ് വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോഴാണ് കോളജ് ആരംഭിച്ചത്. തുടക്കത്തില്‍ നല്ല രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന കോളജ് ആദ്യ ഏഴുവര്‍ഷം തുടര്‍ച്ചയായി റാങ്കുകളും നല്ല വിജയശതമാനവും നേടിയിരുന്നു. 450 വിദ്യാർഥികളാണിവിടെ പഠിക്കുന്നത്. എന്നാല്‍, കുറച്ചുനാളായി ജീവനക്കാരുടെ കുറവുമൂലം പ്രവര്‍ത്തനം അവതാളത്തിലാണ്.
സ്ഥാപനത്തിലെ 60 ശതമാനം ജീവനക്കാരെങ്കിലും സ്ഥിരമായിരിക്കണമെന്നാണ് എ.ഐ.സി.ടി.ഇ നിർദേശം. ഇതിന് 32 പേര് വേണമെന്നിരിക്കെ പ്രിന്‍സിപ്പലിന്റെ ചുമതല വഹിക്കുന്ന മെക്കാനിക്കല്‍ എന്‍ജിനീയർ, ഒരു ട്രേഡ്സ്മാൻ, രണ്ട് ക്ലര്‍ക്ക്, രണ്ട് പ്യൂണ്‍ എന്നിവർ മാത്രമാണ് സ്ഥിരം ജീവനക്കാരായുള്ളത്. 30ഓളം തസ്തികകളില്‍ ഗെസ്റ്റ് ജീവനക്കാരാണ് ജോലി ചെയ്യുന്നത്. ഗെസ്റ്റ് അധ്യാപകരുടെ പരിചയക്കുറവും ഇടക്കിടെയുള്ള കൊഴിഞ്ഞുപോക്കും കുട്ടികളുടെ പഠനത്തെ ബാധിച്ചിട്ടുണ്ട്. സ്ഥാപനത്തോടുള്ള ഐ.എച്ച്.ആര്.ഡിയുടെ അവഗണനയാണ് സ്ഥിരം ജീവനക്കാരെ നിയമിക്കാത്തതിന് പിന്നിലെന്നാണ് വിദ്യാർഥികളുടെ ആരോപണം.
മറ്റ് സ്ഥലങ്ങളില്‍ ആവശ്യത്തില്‍ കൂടുതല്‍ ജീവനക്കാരുണ്ടെങ്കിലും ഇവിടേക്ക് നിയമിക്കാത്തത് സംശയാസ്പദമാണെന്ന് രക്ഷാകര്‍ത്താക്കളും പറയുന്നു. കോളജില്‍ പരിചയസമ്പന്നരായ അധ്യാപകരെ നിയമിച്ച് അംഗീകാരം നിലനിർത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രി, ജല വിഭവമന്ത്രി എന്നിവര്‍ക്ക് പി.ടി.എ വൈസ് പ്രസിഡന്റും ഗ്രാമപഞ്ചായത്ത് അംഗവുമായ രാജു കല്ലറക്കല്‍ നിവേദനം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.