ചെറുതോണി (ഇടുക്കി): മൂലമറ്റം പവർഹൗസിൽ അടിക്കടിയുണ്ടാകുന്ന തകരാറുകൾ വൈദ്യുതി ബോർഡിന് തലവേദനയായി. മുമ്പ് കാനഡയിൽ പോയി വിദഗ്ധ പരിശീലനം ലഭിച്ച ജീവനക്കാരുടെ മേൽനോട്ടം എപ്പോഴുമുണ്ടായിരുന്നു. അവർ വിരമിച്ച സാഹചര്യത്തിൽ ഇപ്പോഴത്തെ തകരാറുകൾ പരിഹരിക്കാൻ പുറത്തുനിന്ന് വിദഗ്ധരെ കൊണ്ടുവരാനാണ് ആലോചന.
പവർഹൗസിലേക്കുള്ള പ്രഷർ ഷാഫ്റ്റ്, ബട്ടർഫ്ലൈ വാൽവ്, ചേംബർ, സ്പെറിക്കൽ വാൽവ്, കുളമാവിലെ ഇൻടേക്ക് ഗെറ്റ്, ജനറേറ്ററുകൾ എന്നിവിടങ്ങളിലായി ചെറുതും വലതുമായ 60 ലധികം പൊട്ടിത്തെറികൾ ഇതുവരെ ഉണ്ടായിട്ടുണ്ട്.
1986 ഫെബ്രുവരി 16നാണ് പവർഹൗസിൽ ആദ്യത്തെ തീപിടിത്തമുണ്ടായത്. പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ ആറാംനമ്പർ ജനറേറ്റർ സ്ഥാപിക്കുന്നതിനിടെയായിരുന്നു അപകടം. ഈ സമയം നൂറോളം ജീവനക്കാരും സന്ദർശിക്കാനെത്തിയ മുന്നൂറോളം വിദ്യാർഥികളും ഉണ്ടായിരുന്നു. നിരവധിപേർ വിഷപ്പുകയേറ്റ് ബോധരഹിതരായി. 1992 ഒക്ടോബർ 22ന് സ്വിച്ച് യാർഡിലേക്കുള്ള ഇൻസ്ട്രുമെൻറ് ട്രാൻസ്ഫോർമർ പൊട്ടിത്തെറിച്ച് വൻ അഗ്നിബാധയുണ്ടായി. 2002 മേയ് മൂന്നിന് ഒരു ജനറേറ്ററിെൻറ ട്രാൻസ്ഫോർമർ കത്തിനശിച്ചതിനെത്തുടർന്ന് ആറു ജനറേറ്ററുകളുടെ പ്രവർത്തനമാണ് നിലച്ചത്.
2003 ആഗസ്റ്റ് 20ന് പവർഹൗസിലേക്ക് വെള്ളമെത്തിക്കുന്ന പ്രഷർഷാഫ്റ്റിെൻറ സ്പെറിക്കൽ വാൽവിന് തകരാറുണ്ടായി ആറ് ജനറേറ്ററുകളുടെയും പ്രവർത്തനം നിലച്ചു. 2005 സെപ്റ്റംബർ അഞ്ചിന് പവർഹൗസിനോടനുബന്ധിച്ച സ്വിച്ച് യാർഡിൽ പൊട്ടിത്തെറിയുണ്ടായി. ട്രാൻസ്ഫോർമർ കത്തിനശിച്ച് ലോവർപെരിയാർ ലൈനിെൻറ സി.ടിയിലായിരുന്നു സംഭവം.
2005ൽ എയർ കണ്ടീഷണർ തകരാറിലായതിനെത്തുടർന്ന് ടർബൈൻ വാട്ടർ കണ്ടക്ടർ ഗവേണിങ് ട്രാൻസ്ഫോർമർ ജനറേറ്റർ ഹൗസ് കീപ്പിങ് എക്സേറ്റ് എന്നീ ഏഴു സെക്ഷനുകളുടെയും പ്രവർത്തനം പ്രതിസന്ധിയിലായി. പവർഹൗസിലെ താപനില ഗണ്യമായി ഉയരുകയും ചെയ്തു.
2011 ജൂൺ 20ന് അഞ്ചാംനമ്പർ ജനറേറ്ററിെൻറ കൺട്രോൾ പാനൽ പൊട്ടിത്തെറിച്ച് അസി. എൻജിനീയർ മെറിൻ ഐസക് സബ് എൻജിനീയർ കെ.എസ്. പ്രഭ എന്നിവർ മരിച്ചു. 1976 ഫെബ്രുവരി 13ന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ് കുതിര ലാടത്തിെൻറ ആകൃതിയിൽ കരിങ്കല്ലിൽ തീർത്ത വിസ്മയ കൂടാരമായ ഭൂഗർഭ നിലയം രാഷ്ട്രത്തിന് സമർപ്പിച്ചത് വരുന്ന ശനിയാഴ്ച 45 വർഷം പൂർത്തിയാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.