ചെറുതോണി: വാഴത്തോപ്പ് ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ മൈതാനം വെട്ടിപ്പൊളിച്ച സംഭവത്തിൽ ജില്ല ലീഗൽ സർവിസസ് അതോറിറ്റി സെക്രട്ടറി സബ് ജഡ്ജ് ദിനേശ് എം.പിള്ള സന്ദർശിച്ചു. അനീതിയാണ് മൈതാനത്ത് നടന്നിട്ടുള്ളതെന്ന് അദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ജില്ല ആസ്ഥാനത്ത് വഞ്ചിക്കവലയിലുള്ള സ്കൂൾ മൈതാനം അറ്റകുറ്റപ്പണിയുടെ പേരിൽ വെട്ടിമുറിച്ച് ജില്ല പഞ്ചായത്ത് ലക്ഷങ്ങളുടെ ക്രമക്കേട് നടത്തിയെന്ന പരാതിയിലാണ് ജില്ല ലീഗൽ സർവിസസ് അതോറിറ്റിയുടെ തെളിവെടുപ്പ്. ലീഗൽ സർവിസസ് അതോറിറ്റി സെക്രട്ടറി തെളിവെടുപ്പിനെത്തുന്ന വിവരമറിഞ്ഞ് നിരവധി പേരാണ് മൈതാനത്ത് എത്തിയത്.
2010ൽ അഞ്ചുലക്ഷവും 2013ൽ 10 ലക്ഷം രൂപയുമാണ് മൈതാനത്തിെൻറ വികസനത്തിനെന്ന പേരിൽ ജില്ല പഞ്ചായത്ത് ചെലവഴിച്ചത്. അറ്റകുറ്റപ്പണിയുടെ പേരിൽ പദ്ധതി തയാറാക്കി മൈതാനം മൂന്ന് തട്ടുകളായി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് വെട്ടിപ്പൊളിച്ചു.
2016ൽ വീണ്ടും 10 ലക്ഷം രൂപ ചെലവഴിച്ച് പണി നടത്തിയതായി ജില്ല പഞ്ചായത്ത് അവകാശപ്പെട്ടെങ്കിലും പണി നടത്തിയിട്ടില്ലെന്നാണ് വിവരാവകാശ നിയമപ്രകാരം ലഭിച്ച അറിവ്. ഇതിൻപ്രകാരം കൗണ്ട് ടൗൺ ക്ലബാണ് ലീഗൽ സർവിസസ് അതോറിറ്റിക്ക് പരാതിനൽകിയത്.പ്രഥമദൃഷ്ട്യ അഴിമതിയും കെടുകാര്യസ്ഥതയുമാണ് ഈ മൈതാനത്തിനെ ഇത്തരത്തിലാക്കാൻ കാരണമായതെന്ന് വ്യക്തമായിരിക്കുന്നുവെന്ന് ദിനേശ് എം.പിള്ള പറഞ്ഞു.
റിപ്പബ്ലിക്, സ്വാതന്ത്ര്യദിന പരേഡുകൾ ഉൾെപ്പടെ സർക്കാർ-സർക്കാരിതര പരിപാടികൾ നടത്തിയിരുന്ന മൈതാനമാണ് ഇത്. ജില്ല പഞ്ചായത്ത് അംഗം കെ.ജി. സത്യൻ, സുരേഷ് എസ്. മീനത്തേരിൽ, റോയി ജോസഫ്, കൗണ്ട് ഡൗൺ ഭാരവാഹികളായ രാജേഷ്, ബെൻസി ലാൽ തുടങ്ങിയവരും സ്ഥലത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.