ചെറുതോണി: ടൂറിസ്റ്റുകളെ ആകർഷിക്കാൻ കോടികൾ ചെലവഴിച്ചാണ് ഹിൽവ്യൂ പാർക്ക് നിർമിച്ചത്. അതും 24 വർഷം മുമ്പ്. പക്ഷേ, ഇതുവരെ അവിടേക്ക് എത്താൻ റോഡ് മാത്രം ഉണ്ടായിട്ടില്ല.1999ലാണ് ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ 10 ഏക്കറിൽ കോടികൾ ചെലവഴിച്ച് പാർക്ക് നിർമിച്ചത്. ചെറുതോണി അണക്കെട്ടിനു സമീപം പ്രവർത്തിക്കുന്ന സർക്കാർ അതിഥി മന്ദിരത്തിന്റെ മുകൾവശത്തെ കുന്നിലാണ് പാർക്ക്.
അതിഥി മന്ദിരത്തിലേക്കു പ്രവേശിക്കുന്ന റോഡാണ് ഹിൽ വ്യൂ പാർക്കിലേക്ക് പോകാനും ഉപയോഗിക്കുന്നത്. നാലുവർഷം മുമ്പ് റോഡിനായി ടൂറിസം വകുപ്പ് സർക്കാറിന് പദ്ധതി റിപ്പോർട്ട് സമർപ്പിച്ചെങ്കിലും ചുവപ്പു നാടയിൽ കുരുങ്ങിക്കിടക്കുന്നു.
സർക്കാർ അതിഥിമന്ദിരത്തിന്റെ മുറ്റത്തു കൂടി വേണം വിനോദ സഞ്ചാരികൾക്ക് ഹിൽ വ്യൂ പാർക്കിലെത്താൻ. ചില സന്ദർഭങ്ങളിൽ സഞ്ചാരികൾക്ക് പാർക്കിലേക്കു പ്രവേശിക്കാനും കഴിയാറില്ല. വാഹനം താഴെ റോഡുവക്കിലിട്ടശേഷം നടന്നാണ് പലരും പാർക്കിലെത്തുന്നത്.
റോഡ് നിർമിക്കാനുള്ള സ്ഥലം സ്വന്തമായുണ്ട്. പക്ഷേ, മുൻകൈ എടുക്കാൻ ആരുമില്ല. അതിഥി മന്ദിരത്തിൽ മന്ത്രിമാരടക്കമുള്ള വി.ഐ.പികൾ താമസത്തിനു വന്നാൽ വിനോദസഞ്ചാരികൾക്ക് പാർക്കിലേക്കു പോകാൻ പൊലീസ് വിലക്കേർപ്പെടുത്തും. വിലക്ക് മറികടന്നാൽ പൊലീസ് കൈകാര്യം ചെയ്യും. ഈ വർഷം പതിവിലധികം ടൂറിസ്റ്റുകൾ പാർക്കിലെത്തുന്നുണ്ട്.
മലനിരകൾക്കിടയിൽ പരന്നുകിടക്കുന്ന ഇടുക്കി ജലാശയവും അതിനെ തടഞ്ഞു നിർത്തിയിരിക്കുന്ന ആർച്ചു ഡാമും ഇടുക്കി ഹിൽ വ്യൂ പാർക്കിൽനിന്ന് താഴേക്കു നോക്കിയാൽ കാണുന്ന മനം മയക്കുന്ന കാഴ്ച്ചയാണ്. കുട്ടികളുടെ പാർക്കും സാഹസിക ടൂറിസവുമൊക്കെ ഇവിടെ ഒരുക്കിയിട്ടുണ്ട്.
അടുത്ത വർഷം 25 വർഷം പൂർത്തിയാക്കുന്ന പാർക്കിന് ഇനിയും റോഡ് നിർമിക്കാത്തതിനു പിന്നിൽ കടുത്ത അനാസ്ഥയാണ്. ജില്ലാ ആസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന കലക്ടർ ചെയർമാനായ ഹിൽ വ്യൂ പാർക്കിന്റെ ഗതിയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.