ചെറുതോണി: ഇടുക്കി ലോക്സഭ മണ്ഡലം രൂപവത്കരിച്ച ശേഷം 1977ൽ നടന്ന തെരഞ്ഞെടുപ്പിന്റെ ഫലങ്ങൾ പുറംലോകമറിഞ്ഞത് ഹാം റേഡിയോയിലൂടെ. ഇന്നത്തെപ്പോലെ വാർത്താവിനിമയ സംവിധാനങ്ങൾ 47 വർഷം മുമ്പ് നടന്ന ആ തെരഞ്ഞെടുപ്പ് കാലത്തുണ്ടായിരുന്നില്ല. ജില്ലയുടെ പല ഭാഗങ്ങളും കൊടും വനമായിരുന്നു. ഇടമലക്കുടി പോലെ ആദിവാസി മേഖലകളും ധാരാളം. 1967 ൽ ഇടുക്കി അണക്കെട്ടിന്റെ നിർമാണ ജോലികൾക്കായി എത്തിയ ഒറ്റപ്പാലം സ്വദേശി കരിമ്പനക്കൽ രാഘവനാണ് ഹാം റേഡിയോയിലൂടെ തെരഞ്ഞെടുപ്പ് വാർത്തകൾ പുറം ലോകത്തെത്തിച്ചത്.
പട്ടാളക്കാരനായ പിതാവിൽ നിന്നാണ് കുട്ടിക്കാലത്ത് ഹാം റേഡിയോ സംവിധാനത്തെക്കുറിച്ച് മനസ്സിലാക്കിയത്. ഇതോടെ 1957 ൽ രാഘവൻ സ്വന്തമായി വയർലെസ് സംവിധാനം നിർമിച്ച് പ്രവർത്തിച്ചു തുടങ്ങി. അക്കാലത്ത് എറണാകുളത്ത് ഇലക്ട്രോണിക്സ് സാധനങ്ങൾ വാങ്ങാൻ പോയപ്പോൾ പരിചയപ്പെട്ട ബാങ്ക് ജീവനക്കാരിൽ നിന്നാണ് ഹാം റേഡിയോ ക്ലബിനെക്കു റിച്ചറിയുന്നത്. ക്ലബിൽ അംഗമാകണമെങ്കിൽ പരീക്ഷ പാസാകണമെന്നും അറിഞ്ഞു. തുടർന്ന് പഠനസഹായി സംഘടിപ്പിച്ച് സ്വന്തമായി പഠിച്ച രാഘവൻ എറണാകുളത്ത് പോയി പരീക്ഷ എഴുതി വിജയിച്ച് ഹാമായി.
അന്ന് മോഴ്സ് കോഡുകൾ ഉപയോഗിച്ചാണ് വിശേഷങ്ങൾ കൈമാറിയിരുന്നത്. ഏത് പ്രതികൂല കാലാവസ്ഥയിലും ഇത് സാധ്യമാകും. 1980, 83 കാലത്ത് ഇന്ദിരാഗാഡി മന്ത്രിസഭയിൽ കാബിനറ്റ് മന്ത്രിയായിരുന്ന സി.എം. സ്റ്റീഫൻ ഇക്കാലത്താണ് ഇടുക്കിയിലെത്തുന്നത്. രാഘവൻ അന്ന് സി.എം. സ്റ്റീഫനെ പോയിക്കണ്ടു. ഹാം റേഡിയോ സേവനങ്ങൾക്കായി മൈക്രോവേവ് ടവർ സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു. ഡൽഹിക്കു തിരിച്ചു പോയ സി.എം. സ്റ്റീഫൻ വാക്കുപാലിച്ചു.
ആറുമാസത്തിനകം ജില്ല ആസ്ഥാനത്ത് മൈക്രോവേവ് ടവർ സ്ഥാപിക്കാൻ നടപടികൾ സ്വീകരിച്ചു. ഡാം നിർമ്മാണ ജോലികൾ തീർന്നപ്പോൾ രാഘവൻ ഒറ്റപ്പാലത്തേക്ക് മടങ്ങി. സി.എം. സ്റ്റീഫനും രാഘവനും ഇന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.