ചെറുതോണി: ഇടുക്കി മെഡിക്കല്‍ കോളജിെൻറ പുതിയ കെട്ടിടത്തില്‍ കിടത്തി ചികിത്സ ആരംഭിക്കുമെന്ന ആരോഗ്യ, ജലവിഭവ മന്ത്രിമാരുടെ വാഗ്ദാനം നടപ്പായില്ല. പുതിയ കെട്ടിടത്തില്‍ കിടത്തി ചികിത്സയാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രിമാരുെടയും എം.എല്‍.എമാരുടെയും ഉദ്യോഗസ്ഥരുടെയും യോഗം ഒക്ടോബറില്‍ നടന്നിരുന്നു. നവംബര്‍ ഒന്നിന് ചികിത്സയാരംഭിക്കുമെന്നായിരുന്നു ആദ്യ പ്രഖ്യാപനം. പിന്നീട് നവംബർ 13 ലേക്ക് മാറ്റിയെങ്കിലും ചികിത്സയാരംഭിച്ചില്ല. ജീവനക്കാരുടെ കുറവും നിർമാണം പൂര്‍ത്തിയാകാത്തതും ഫണ്ടില്ലാത്തതുമാണ് തടസ്സം.
മെഡിക്കല്‍ കോളജില്‍ ഇപ്പോള്‍ പ്രധാന ചികിത്സകളൊന്നും നടക്കുന്നില്ല. 100 ഡോക്ടര്‍മാരുണ്ടെങ്കിലും മറ്റു ജീവനക്കാരില്ലാത്തതാണ് പ്രധാന തടസ്സം. രണ്ട് മാസം മുമ്പ് 114 താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ബദല്‍ ക്രമീകരണങ്ങള്‍ നടത്താതെ ഇവരെ ഒറ്റയടിക്ക് പിരിച്ചുവിട്ടത് ആശുപത്രി പ്രവർത്തനം താളം തെറ്റാന്‍ കാരണമായി. ആശുപത്രി മാനേജ്മെൻറ് കമ്മിറ്റിക്ക് (എച്ച്.എം.സി) ഫണ്ടില്ലാത്തതിനാല്‍ ആശുപത്രിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ വരെ തടസ്സപ്പെട്ടിരിക്കുകയാണ്. എക്സറേ ഫിലിം തീര്‍ന്നിട്ട് മാസങ്ങള്‍ കഴിഞ്ഞെങ്കിലും ഇതുവരെ വാങ്ങിയിട്ടില്ല. സ്റ്റേഷനറി സാധനങ്ങളും ഉപകരണങ്ങളും വാങ്ങിയ ഇനത്തില്‍ 20 ലക്ഷത്തിലധികം രൂപ കടമുണ്ട്. പണം തരാതെ ഇനിയും സാധനങ്ങള്‍ നൽകില്ലെന്നാണ് വ്യാപാരികൾ അറിയിച്ചത്.
ആശുപത്രിയുടെ ഒരു ആംബുലന്‍സ് മാത്രമേ ഓടുന്നുള്ളൂ. രണ്ടെണ്ണം ഡ്രൈവര്‍മാരില്ലാത്തതിനാല്‍ ഓടുന്നില്ല. അമിത തുക നൽകി സ്വകാര്യ ആംബുലന്‍സുകൾ ഉപയോഗിക്കേണ്ട അവസ്ഥയാണ്. ലാബില്‍ ആവശ്യത്തിന് മരുന്നില്ലാത്തതിനാൽ പ്രധാന പരിശോധനകളൊന്നും നടക്കുന്നില്ല. ഇതിനും സ്വകാര്യ ലാബുകളെ ആശ്രയിക്കണം.
ഗുരുതരാവസ്ഥയിലെത്തുന്ന രോഗികളെ മറ്റ് സ്ഥലത്തേക്ക് പറഞ്ഞുവിടുകയാണ്. മെഡിക്കല്‍ കോളജിലേക്ക് എല്ലാവിധ ഉപകരണങ്ങളും വാങ്ങിയിട്ടുണ്ടെങ്കിലും പ്രധാനപ്പെട്ട മെഷീനറികള്‍ തുറക്കുകപോലും ചെയ്തിട്ടില്ല. കെ.എസ്.ഇ.ബിയുടെ 10 കോടി, എം.പി-എം.എല്‍.എ-ജില്ല പഞ്ചായത്ത് ഫണ്ടുകൾ എന്നിവ ലഭിച്ചിട്ടും വേണ്ട വിധം വിനിയോഗിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. കാത്ത്ലാബ്, ഓങ്കോളജി ഡിപ്പാര്‍ട്മെൻറ് എന്നിവയാരംഭിക്കുമെന്ന വാഗ്ദാനവും നടപ്പായില്ല. ഡയാലിസിസ് യൂനിറ്റ് കുറച്ച് രോഗികൾക്ക് മാത്രമേ പ്രയോജനപ്പെടുന്നുള്ളൂ. ഉദ്യോഗസ്ഥര്‍ തമ്മിലെ സ്വരച്ചേര്‍ച്ചയില്ലായ്മയും പ്രവര്‍ത്തനത്തെ ബാധിക്കുന്നു. സൂപ്രണ്ട് കൂടുതല്‍ സമയവും അവധിയിലാണ്. കോവിഡുകാലത്ത് എല്ലാ മെഡിക്കല്‍കോളജിനും സർക്കാർ കൂടുതല്‍ ഫണ്ട് നല്‍കിയിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജിന് രണ്ടരക്കോടി നല്കിയപ്പോള് ഇടുക്കിക്ക് നാലു ലക്ഷം മാത്രമാണ് ലഭിച്ചത്. നീക്കിയിരിപ്പുണ്ടായിരുന്ന എച്ച്.എം.സി ഫണ്ടുപയോഗിച്ചായിരുന്നു കോവിഡ്കാല പ്രവര്‍ത്തനം. ഇന്ത്യൻ മെഡിക്കൽ കൗൺസലിെൻറ പരിശോധന അടുത്ത ദിവസങ്ങളില്‍ നടക്കും. ഇതിനുള്ള ക്രമീകരണങ്ങള്‍ ഇതുവരെ പൂര്‍ത്തിയായിട്ടില്ല. അംഗീകാരം നഷ്ടപ്പെട്ടിട്ട് അഞ്ചുവര്‍ഷം കഴിഞ്ഞു. ഇത്തവണയും അംഗീകാരം കിട്ടിയില്ലെങ്കില്‍ ആദിവാസികളുള്‍പ്പെടെ ആയിരക്കണക്കിന് രോഗികളുടെ ആശ്രയമായിരുന്ന മെഡിക്കല്കോളജിെൻറ പ്രവര്‍ത്തനം നിലക്കാനാണ് സാധ്യത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.