ചെറുതോണി: വാത്തിക്കുടി ഗവ. ആശുപത്രിയിൽ കുടിവെള്ളം മുടങ്ങിയിട്ട് ഒരാഴ്ച. കഴിഞ്ഞ വെള്ളിയാഴ്ചയാണ് വാത്തിക്കുടി കുടുംബാരോഗ്യകേന്ദ്രത്തിലെ കുടിവെള്ളം വിതരണം തടസ്സപ്പെട്ടത്. 250 മീറ്ററോളം ദൂരെ കിണറിൽനിന്നാണ് പൈപ്പ് വഴി കുടിവെള്ളമെത്തിക്കുന്നത്. ഇരുമ്പ് പൈപ്പ് പൊട്ടിയാണ് കുടിവെള്ളം വിതരണം തടസ്സപ്പെട്ടത്. ഒരാഴ്ചയായിട്ടും പൊട്ടിയ പൈപ്പ് മാറ്റി ആശുപത്രിയിൽ കുടിവെള്ളമെത്തിക്കാനായിട്ടില്ല. 200ലധികം രോഗികൾ ചികിത്സ തേടിയെത്തുന്ന ആശുപത്രിയാണിത്. 40ഓളം ജീവനക്കാരുമുണ്ട്.
രോഗികൾക്കും ജീവനക്കാർക്കും പ്രാഥമികാവശ്യങ്ങൾക്കുപോലും വെള്ളമില്ലാതെ ദുരിതത്തിലായിരിക്കുകയാണ്. മഴവെള്ളം ശേഖരിച്ചാണ് പ്രാഥമികാവശ്യങ്ങൾപോലും നിർവഹിക്കുന്നത്. രോഗികൾക്ക് കുടിക്കാൻപോലും വെള്ളമില്ല.
ഇടുക്കി ബ്ലോക്ക് പഞ്ചായത്തിന് കീഴിലാണ് ആശുപത്രി പ്രവർത്തിക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ആരോഗ്യ സ്ഥിരം സമിതി ചെയർമാനും പൈപ്പ് നന്നാക്കി വെള്ളമെത്തിക്കാൻ ആശുപത്രി സൂപ്രണ്ടിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അവർ തയാറാകുന്നില്ലെന്നും പറയുന്നു. ആശുപത്രി വികസന സമിതിയുടെ അക്കൗണ്ടിൽ എഴ് ലക്ഷത്തിലധികം രൂപയുണ്ടായിട്ടും പൈപ്പ് മാറ്റി വെള്ളമെത്തിക്കാൻ ആശുപത്രി അധികൃതർ തയാറായിട്ടില്ല. ആവശ്യമായ തുക നൽകാമെന്ന് ബ്ലോക്ക് പഞ്ചായത്ത് അറിയിച്ചിരുന്നതായും പറയുന്നു.
അടിയന്തരമായി കുടിവെള്ളമെത്തിക്കാൻ നടപടിയുണ്ടായില്ലെങ്കിൽ സമര പരിപാടികളുമായി രംഗത്തിറങ്ങാനാണ് നാട്ടുകാർ ആലോചിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.