ചെറുതോണി: 2018ലെ മഹാപ്രളയത്തിലെ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും വീട് നഷ്ടപ്പെട്ടവർക്ക് താല്ക്കാലികമായി വാഴത്തോപ്പിൽ താമസിക്കാനൊരുക്കിയ കെ.എസ്.ഇബി ക്വാർട്ടേഴ്സുകൾ വീടും സ്ഥലവും അനുവദിച്ച് കിട്ടിയിട്ടും പലരും അനധികൃതമാക്കി കൈവശം വെച്ചിരിക്കുന്നതായി റിപ്പോർട്ട്.
ജില്ല ആസ്ഥാനത്തും സമീപത്തുമായി നൂറുകണക്കിന് ആളുകൾക്കാണ് പ്രളയത്തിൽ വീട് നഷ്ടമായത്. ഇതേതുടർന്ന് വാഴത്തോപ്പ് കെ.എസ്.ഇ.ബി കോളനിയിലെ ഒഴിവായിക്കിടക്കുന്നതും കേടുപാട് സംഭവിച്ചതുമായ കെട്ടിടങ്ങൾ വാസയോഗ്യമാക്കിയും വൈദ്യുതി കണക്ഷൻ നൽകിയും ദുരിതബാധിതരെ പുനരധിവസിപ്പിക്കുകയായിരുന്നു. ഇതിന് വൈദ്യുതി ബോർഡ് ദുരിതബാധിതരിൽനിന്ന് വാടക ഈടാക്കാതെ സൗജന്യമായാണ് വിട്ടുകൊടുത്തിരുന്നത്. എന്നാൽ, ലൈഫ് പദ്ധതിയിലും പ്രളയാനന്തര പദ്ധതിയിലുംപെടുത്തി സ്ഥലവും വീടും അനുവദിച്ച ശേഷവും ക്വാർട്ടേഴ്സുകൾ ഒഴിവാകാതെ പലരും കൈവശം വെച്ചിരിക്കുകയാണെന്നും താമസസൗകര്യം അന്വേഷിച്ച് എത്തിയ മറ്റുള്ള ആളുകൾക്ക് മറിച്ച് വാടകക്ക് നല്കിയിരിക്കുകയാണെന്നും ആക്ഷേപമുയർന്നിട്ടുണ്ട്. ജില്ല ആസ്ഥാനത്ത് ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർ കുടുംബമായി താമസിക്കാൻ വീടും സ്ഥലവും അന്വേഷിച്ച് വലയുന്ന സാഹചര്യത്തിലാണ് ഈ അനധികൃത നടപടി. വാഴത്തോപ്പ് കെ.എസ്.ഇ.ബി കോളനിയിലെ ക്വാർട്ടേഴ്സുകളിൽ കാലാവധി കഴിഞ്ഞിട്ടും അനധികൃതമായി താമസിക്കുന്നവരെയും കൈവശം വെച്ചിരിക്കുന്നവരെയും ഒഴിപ്പിക്കാൻ അടിയന്തര നടപടി ഉണ്ടാകണമെന്നാണ് പ്രദേശവാസികളും സർക്കാർ ജീവനക്കാരും ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.