ചെറുതോണി: വിദ്യാർഥിനികളുടെ ഹോസ്റ്റല്‍ നിര്‍മാണം പൂര്‍ത്തിയാക്കുക, കാമ്പസിനുള്ളിലെ റോഡ് നന്നാക്കുക, വിദ്യാർഥികളുടെ അടിസ്ഥാന സൗകര്യം വർധിപ്പിക്കുക, ലാബിന്റെ പ്രവര്‍ത്തനം ഉടൻ ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഇടുക്കി മെഡിക്കല്‍ കോളജിലെ വിദ്യാർഥികള്‍ വ്യാഴാഴ്ച രാവിലെ ഒമ്പതു മുതല്‍ പ്രിന്‍സിപ്പൽ ഓഫിസിനു മുന്നില്‍ ധര്‍ണ നടത്തി.
നിലവില്‍ 200 വിദ്യാർഥികള്‍ ഇവിടെ പഠിക്കുന്നുണ്ട്. പുതിയതായി 60 നഴ്സിങ് വിദ്യാർഥികള്‍കൂടി വന്നതോടെ വീണ്ടും സൗകര്യം കുറഞ്ഞു. നിലവില്‍ ആണ്‍കുട്ടികള്‍ക്ക് വേണ്ടി നിർമിച്ച ഹോസ്റ്റലിലാണ് പെണ്‍കുട്ടികള്‍ താമസിക്കുന്നത്. ആറുമാസത്തിനുള്ളില്‍ ഹോസ്റ്റല്‍ നിർമാണം പൂര്‍ത്തിയാക്കാമെന്ന് ഏറ്റിരുന്നെങ്കിലും ഒരു വര്‍ഷം കഴിഞ്ഞിട്ടും പണി പൂര്‍ത്തിയായില്ല. ഇതുമൂലം വിദ്യാർഥികള്‍ക്ക് പഠിക്കാനുള്ള സാഹചര്യമില്ല.
നിരവധി തവണ ആവശ്യമുന്നയിച്ചെങ്കിലും നടപടിയുണ്ടാകാത്തതിനെ തുടര്‍ന്നാണ് സമരം പ്രഖ്യാപിച്ചത്. 11.30ന് പ്രിന്‍സിപ്പലും വിദ്യാർഥി പ്രതിനിധികളും നിര്‍മാണ ഏജന്‍സിയായ കിറ്റ്കോയുടെ ഉദ്യോഗസ്ഥരും ചേര്‍ന്ന് നടത്തിയ ചര്‍ച്ചയില്‍ താല്‍ക്കാലികമായി സമരം അവസാനിപ്പിക്കുകയായിരുന്നു.
മൂന്ന് മാസത്തിനുള്ളില്‍ ഹോസ്റ്റല്‍ കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കുമെന്നും 15 ദിവസത്തിനുള്ളില്‍ ലാബിന്റെ പ്രവര്‍ത്തനം ആരംഭിക്കുമെന്നും ഒരാഴ്ചക്കുള്ളില്‍ വിദ്യാർഥി പ്രതിനിധികളും മെഡിക്കല്‍കോളജ് ഉദ്യോഗസ്ഥരും കിറ്റ്കോ ഭാരവാഹികളുമായി സ്ഥലത്തെത്തി പരിശോധന നടത്തി ആവശ്യമായ ക്രമീകരണം നടത്താമെന്നും ചര്‍ച്ചയില്‍ തീരുമാനിച്ചതനുസരിച്ചാണ് സമരം താല്‍ക്കാലികമായി നിര്‍ത്തിവെച്ചത്. പരിഹാരമായില്ലെങ്കില്‍ അനിശ്ചിതകാല സമരമാരംഭിക്കുമെന്ന് വിദ്യാർഥികള്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.