ചെറുതോണി: കഞ്ഞിക്കുഴിയിൽ ആവശ്യമായ രേഖകളില്ലാതെ പ്രവർത്തിക്കുന്ന മത്സ്യവിൽപന സ്റ്റാളുകൾ അടച്ചുപൂട്ടാൻ നിർദേശം. വ്യാപാരസ്ഥാപനങ്ങളിലും ഹോട്ടലുകളിലും പഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തിൽ നടത്തിയ സംയുക്ത പരിശോധനയിലാണ് അനധികൃതമായി പ്രവത്തിക്കുന്ന മത്സ്യവിൽപന സ്റ്റാളുകൾ കണ്ടെത്തിയത്.
ആവശ്യമായ രേഖകൾ ഹാജരാക്കാൻ ഇവർക്ക് ഏഴു ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. ഇല്ലാത്തപക്ഷം സ്ഥാപനങ്ങൾ മുന്നറിയിപ്പില്ലാതെ അടച്ചുപൂട്ടുമെന്ന് അധികൃതർ അറിയിച്ചു. ആരോഗ്യ വകുപ്പിന്റെയും ഭക്ഷ്യസുരക്ഷ വകുപ്പിന്റെയും നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടക്കുന്ന റെയ്ഡിന്റെ ഭാഗമായാണ് കഞ്ഞിക്കുഴിയിലും പരിശോധന നടന്നത്.
കഞ്ഞിക്കുഴിയിൽ മതിയായ രേഖകളില്ലാതെയാണ് സ്ഥാപനങ്ങളിൽ പലതും പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തി. എന്നാൽ, ഈ സ്ഥാപനങ്ങളിൽനിന്ന് പഴകിയതോ കേടുവന്നതോ ആയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തട്ടില്ല. ഐസ് കൂടുതൽ ഇട്ട് മത്സ്യങ്ങൾ സൂക്ഷിക്കണമെന്നും നല്ല മത്സ്യങ്ങൾ മാത്രമേ വിൽക്കാവൂ എന്നും വ്യാപാരികളോട് നിർദേശിച്ചിട്ടുണ്ട്. പരിശോധനകൾക്ക് ഹെൽത്ത് ഇൻസ്പെക്ടർ ജോഷി തോമസ്, ഷിന്റോ പോൾ, പി. ജെയിൻ, സി.എ. ബീവി, കെ.ഇ. ഹസീന എന്നിവർ നേതൃത്വം നൽകി. വരും ദിവസങ്ങളിലും പരിശോധന തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.