ചെറുതോണി: അണക്കെട്ടിനു സമീപത്തടക്കം പല സ്ഥലത്തായി സ്ഥാപിച്ച ഡിജിറ്റൽ ഭൂകമ്പമാപിനികൾ പ്രവർത്തനരഹിതമായതിനാൽ ഇടുക്കിയിൽ അനുഭവപ്പെടുന്ന നേരിയ ഭൂചലനം പുറത്തറിയാൻ സംവിധാനമില്ല. ഒരാഴ്ച മുമ്പ് ഇടുക്കിയിൽ അനുഭവപ്പെട്ട നേരിയ ചലനം ഭൂകമ്പമാപിനികൾ രേഖപ്പെടുത്തിയിട്ടില്ല.
കഴിഞ്ഞ വർഷം ചെറുതും വലുതുമായ 15 ഭൂചലനങ്ങൾ അനുഭവപ്പെട്ടിരുന്നു. ആലടി, ചോറ്റുപാറ, കുളമാവ്, വള്ളക്കടവ്, ഇടുക്കി എന്നിവിടങ്ങളിലാണ് ഡിജിറ്റൽ ഭൂകമ്പമാപിനികൾ സ്ഥാപിച്ചത്. ഇതിൽ ഒരെണ്ണം മാത്രമാണ് പ്രവർത്തിക്കുന്നത്. ഭൂചലന തീവ്രത അറിയാൻ 50 വർഷം പഴക്കമുള്ള പഴയ അനലോഗ് ഭൂകമ്പമാപിനികളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് അധികൃതർ. ഭൂചലനതീവ്രത ഒന്നിൽ താഴെയാെണങ്കിൽ അനലോഗ് മാപിനിയിൽ രേഖപ്പെടുത്തില്ല. തീവ്രത പരിശോധിച്ച് അണക്കെട്ടുകളുടെ സുരക്ഷ ഉറപ്പുവരുത്താനും കഴിയുന്നില്ല. ഏതാനും മാസം മുമ്പുണ്ടായ ഭൂചലനത്തിൽ അണക്കെട്ടിെൻറ അകത്തെ ഗാലറിയിൽ പ്രകമ്പനം അനുഭവപ്പെട്ടെങ്കിലും ഇത് രേഖപ്പെടുത്തിയിട്ടില്ല.
കുളമാവ്, ആലടി, ഇടുക്കി എന്നിവിടങ്ങളിലാണ് അനലോഗ് മാപിനികൾ പ്രവർത്തിക്കുന്നത്. 2016ൽ ലോകബാങ്ക് സഹായത്തോടെ ഇടുക്കി അണക്കെട്ടിൽ നാലിടത്ത് ഭൂചലനമാപിനികൾ സ്ഥാപിച്ചിരുന്നു. ഉപഗ്രഹസഹായത്തോടെ നേരിയ ചലനം വരെ തത്സമയം അണക്കെട്ട് സുരക്ഷ വിഭാഗം ചീഫ് എൻജിനീയറുടെ ഓഫിസിലും തിരുവനന്തപുരത്തെ വൈദ്യുതി ഭവനിലും ദുരന്ത നിവാരണ സമിതി ഒഫിസിലും അറിയാനാകുമെന്നായിരുന്നു അവകാശവാദം. ഡിജിറ്റൽ ഭൂകമ്പമാപിനികളുടെ പ്രവർത്തന ചുമതല ദുരന്തനിവാരണ അതോറിറ്റിക്ക് കൈമാറിയതാണെന്ന് അണക്കെട്ട് സുരക്ഷ ഗവേഷണ വിഭാഗം പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.