ചെറുതോണി: പ്രളയത്തിൽ തകർന്ന് ഗതാഗതയോഗ്യമല്ലാതായ വെള്ളക്കയം ഭാഗത്തെ നടപ്പാത പുനർനിർമിക്കാൻ നടപടി തുടങ്ങി. വാർഡ് മെംമ്പർ അഡ്വ. ഫെനിൽ ജോസിന്റെ നേതൃത്വത്തിൽ പ്രദേശവാസികൾ നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ മന്ത്രി റോഷി അഗസ്റ്റിനാണ് നടപടി സ്വീകരിച്ചത്.
പെരിയാറിന് കുറുകെ ഉണ്ടായിരുന്ന റോഡ് ഇല്ലാതായതോടെ മരിയാപുരം പഞ്ചായത്തിലെ കുതിരക്കല്ല് ഭാഗത്തെ സ്കൂൾ കുട്ടികൾ ഉൾപ്പെടെ നിരവധി യാത്രക്കാർ താൽക്കാലിക പാലത്തിലൂടെ സഞ്ചരിച്ചാണ് സ്കൂളുകളിലും ഇതര ഭാഗങ്ങളിലും എത്തിച്ചേരുന്നത്. മന്ത്രിയുടെ നിർദേശ പ്രകാരം കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപറേഷന്റെ നേതൃത്വത്തിൽ രൂപരേഖ തയാറാക്കുന്നതിന്റെ ഭാഗമായി സ്ഥലം സന്ദർശിച്ചു. നിലവിലെ നടപ്പാതയുടെ ഭാഗമായി നിൽക്കുന്ന രണ്ട് കലുങ്കും പുനർനിർമിക്കുന്നതിനൊപ്പം നീരൊഴുക്ക് തടസ്സപ്പെടാത്ത വിധം രണ്ട് കലുങ്കും റോഡും നിർമിക്കാനാണ് പദ്ധതി.
ഇതിനോട് ചേർന്ന് കെട്ടിനിൽക്കുന്ന ജലം ഉപയോഗിച്ച് ലിഫ്റ്റ് ഇറിഗേഷൻ സാധ്യതകൂടി പ്രയോജനപ്പെടുത്തുകയാണ് ഉദ്ദേശ്യം. ഇതിലൂടെ മരിയാപുരം പഞ്ചായത്തിലെ കുതിരക്കൽ ഭാഗത്ത് കൃഷിക്കാവശ്യമായ ജലം ലഭ്യമാകാൻ സാധിക്കും. വെള്ളം കെട്ടിനിൽക്കുന്ന ഭാഗത്തെ ടൂറിസം സാധ്യതകൂടി പരിശോധിക്കാൻ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
ഇടുക്കി-നേര്യമംഗലം റോഡ്, മരിയാപുരം-തടിയമ്പാട് റോഡ് എന്നിവയുമായി ബന്ധിപ്പിക്കുന്ന റോഡുകൂടിയായി മാറും ഇത്. ചെറിയ വാഹനങ്ങൾക്ക് പോകത്തക്ക സൗകര്യവും ഒരുക്കുമെന്ന് അറിയിച്ചു. ഇറിഗേഷൻ ഡിപ്പാർട്മെന്റ് അസി. എൻജിനീയർ ജെപ്സൺ, കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡ് ഡെപ്യൂട്ടി ജനറൽ മാനേജർ ഹരൺ ബാബു, പ്രോജക്ട് കോഓഡിനേറ്റർ എസ്.ആർ. ശരത്, എൻജിനീയർ ടീനു അഗസ്റ്റിൻ, മന്ത്രിയുടെ പ്രതിനിധി ബിനോയ് സെബാസ്റ്റ്യൻ, പ്രദേശവാസികൾ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.