ചെറുതോണി: 1993ലെ കേരള ഭൂപതിവ് ചട്ടപ്രകാരം പുതിയ പട്ടയത്തിനുള്ള അപേക്ഷകൾ സ്വീകരിക്കുന്നത് ജില്ലയിൽ നിർത്തി. ഇടുക്കി, ദേവികുളം, പീരുമേട്, ഉടുമ്പൻചോല താലൂക്ക് ഓഫിസുകളിലാണ് അപേക്ഷ സ്വീകരിച്ചുകൊണ്ടിരുന്നത്. എന്നാൽ, 1964ലെ ഭൂപതിവ് ചട്ടപ്രകാരമുള്ള പട്ടയ അപേക്ഷകൾ മാത്രം സ്വീകരിച്ചാൽ മതി എന്നാണ് പുതിയ തീരുമാനം.
1977ന് മുമ്പുള്ള കുടിയേറ്റ കർഷകർക്ക് പട്ടയം നൽകുന്നതിന്റെ ഭാഗമായാണ് 1993ൽ പുതിയ ഭൂപതിവ് ചട്ടം കൊണ്ടുവന്നത്.
വനഭൂമിയിൽ കുടിയേറിയ കർഷകരായിരുന്നു ഇത്തരം പട്ടയ അപേക്ഷകരിൽ കൂടുതലും. അടുത്ത മാർച്ച് 31ന് മുമ്പ് ജില്ലയിലെ അഞ്ച് ഭൂപതിവ് ഓഫിസുകൾ നിർത്തലാക്കാൻ തീരുമാനിച്ചതിന് പിന്നാലെയാണ് അപേക്ഷകൾ സ്വീകരിക്കുന്നത് നിർത്തിയത്. ഇതോടെ, മലയോര കർഷകർക്ക് കനത്ത പ്രഹരമാണ് ഏറ്റിരിക്കുന്നത്.
ഇതിനകം സ്വീകരിച്ച ആയിരക്കണക്കിന് അപേക്ഷകൾ പരിശോധനക്ക് എടുക്കാതെ വിവിധ പട്ടയ ഓഫിസുകളിൽ കെട്ടിക്കിടക്കുകയാണ്. 1964ലെ ചട്ടമനുസരിച്ചുള്ള അപേക്ഷകൾ സ്വീകരിക്കുന്നുണ്ടെങ്കിലും ഇത്തരം പട്ടയം ലഭിക്കുന്ന ഭൂമിയിൽ കൃഷിക്കും വീടുവെക്കാനും മാത്രമാണ് അനുമതി. എന്നാൽ, 1993ലെ പ്രത്യേക ഭൂപതിവ് ചട്ടപ്രകാരം കടമുറികളും നിർമിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.