ചെറുതോണി: വീണ്ടും ജൂലൈ എത്തുമ്പോൾ ഹൈറേഞ്ച് നിവാസികളുടെ മനസ്സിൽ ഉയരുന്നത് പ്രകൃതിദുരന്തങ്ങളുടെ ഭീതിപ്പെടുത്തുന്ന ഓർമകൾ. ഹൈറേഞ്ചുകാർക്ക് കൊടിയ ദുരന്തങ്ങൾ സമ്മാനിച്ചാണ് പല ജൂലൈ മാസങ്ങളും കടന്നുപോയിട്ടുള്ളത്. നിരവധിപേരുടെ ജീവനെടുത്ത ഉരുൾപൊട്ടലും വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമെല്ലാമുണ്ടായത് ജൂലൈ മാസത്തിലായിരുന്നു.
1924 ജൂലൈ 16നാണ് ഹൈറേഞ്ചിൽ ഏറ്റവും വലിയ പ്രകൃതിദുരന്തമുണ്ടായത്. 10ദിവസം തുടർച്ചയായി പെയ്ത മഴക്കൊടുവിൽ ശക്തമായ ഉരുൾപൊട്ടലും വെള്ളപ്പൊക്കവുമുണ്ടായി ജനജീവിതം സ്തംഭിച്ചു. 99ലെ വെള്ളപ്പൊക്കമെന്നറിയപ്പെടുന്ന പ്രളയത്തിൽ മൂന്നാർ മുഴുവനായും മുങ്ങി. കുട്ടമ്പുഴ-മാങ്കുളം റോഡിൽ നിരവധി സ്ഥലങ്ങളിൽ മലയിടിഞ്ഞു. ആയിരത്തിലധികം ഏക്കർ വരുന്ന മാങ്കുളം റേഞ്ച് എസ്റ്റേറ്റ് ഉടമസ്ഥർ ഉപേക്ഷിച്ചു. പിന്നീട് ഇവിടെ ജനവാസം പുനരാരംഭിക്കാൻ വർഷങ്ങൾ വേണ്ടിവന്നു. മൂന്നാറിൽനിന്ന് ടോപ് സ്റ്റേഷനിലേക്കുള്ള റെയിൽ പാതയും റോപ്പ് വേയും പൂർണമായി തകർന്നു. എത്രപേർ മരിച്ചുവെന്നതിന് കൃത്യമായ കണക്കില്ല. നല്ലതണ്ണിയാറുൾപ്പെടെ പുഴകളും തോടുകളും ഗതി മാറിയൊഴുകി.
1974 ജൂലൈ 26നാണ് അടിമാലി, മുരിക്കാശ്ശേരി, വെള്ളത്തൂവൽ പ്രദേശങ്ങളിലുൾപ്പെടെ ഉരുൾപൊട്ടിയത്. പതിനാറാംകണ്ടത്ത് കുടുംബത്തിലെ നാലുപേർ ഉൾപ്പെടെ 13പേർ ദുരന്തത്തിൽ മരിച്ചു. ആലുവ-മൂന്നാർ റോഡ് പൂർണമായി തകർന്നു. ഒന്നരമാസത്തിന് ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. 1994 ജൂലൈയിൽ ബൈസൺവാലി നാൽപതേക്കറിൽ ഉരുൾപൊട്ടി ഏഴുപേർ മരിച്ചു. 1997ജൂലൈ 21നായിരുന്നു നാടിനെ നടുക്കിയ പഴമ്പള്ളിച്ചാൽ ഉരുൾപൊട്ടൽ. മൂന്ന് കുടുംബങ്ങളിലെ ഒമ്പതുപേർ മരിച്ചു. ഒരാളെ കാണാതായി. നിരവധിപേർക്ക് ഗുരുതര പരിക്കേറ്റു. 1985 ജൂലൈയിൽ കുമ്പൻപാറ പൊതുശ്മശാനത്തിന് സമീപം വൻമലയിടിഞ്ഞ് കുടുംബത്തിലെ എട്ടുപേർ മരിച്ചു. 2005 ജുലൈ 22ന് മൂന്നാർ അന്തോണിയാർ കോളനിയിലും ദേവികുളത്തും ഉരുൾപൊട്ടി ആറുപേരാണ് മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.