മെഡിക്കൽ കോളജാണ് മരുന്നില്ല, ജീവനക്കാരില്ല, സിറിഞ്ചുപോലുമില്ല

ചെറുതോണി: ഇടുക്കി മെഡിക്കല്‍ കോളജിന് അംഗീകാരം ലഭിക്കുകയും പുതിയ കെട്ടിടത്തില്‍ ചികിത്സയാരംഭിക്കുകയും ചെയ്തെങ്കിലും ആവശ്യത്തിന് ജീവനക്കാരും മരുന്നും ഇല്ലാതെ ആശുപത്രിയുടെ പ്രവര്‍ത്തനം അവതാളത്തിൽ.

മരുന്ന് ക്ഷാമത്തിന് പുറമെ കുത്തിവെക്കുന്നതിനുള്ള സിറിഞ്ചുപോലുമില്ലെന്നാണ് ഇവിടെയെത്തുന്ന രോഗികൾ പറയുന്നത്. കുത്തിവെപ്പ് എടുക്കണമെങ്കില്‍ രോഗി സിറിഞ്ച് പുറത്തുനിന്ന് വാങ്ങിനല്‍കണം എന്നതാണ് അവസ്ഥ.

കുട്ടികളുടെ ചികിത്സക്ക് ആവശ്യമായ മരുന്നുകള്‍ പോലും മാസങ്ങളായി ആശുപത്രിയിൽ ലഭ്യമല്ല. ഇതിന് പുറമെയാണ് കുത്തിവെപ്പിനുള്ള സിറിഞ്ചുകളും ഇല്ലാതായിരിക്കുന്നത്.

ആശുപത്രി പരിസരത്തുള്ള നീതി മെഡിക്കല്‍ സ്റ്റോറി‍െൻറ പ്രവര്‍ത്തനം വൈകീട്ട് അഞ്ചുമണി വരെയാണ്.

ഇതിനുശേഷമെത്തുന്ന രോഗികള്‍ ചെറുതോണിയിലെത്തി വേണം സിറിഞ്ച് ഉള്‍പ്പെടെ വാങ്ങിനല്‍കാന്‍. ഇതോടെ ആശുപത്രിയിലെത്തുന്ന രോഗികളും പ്രായമായവരുമെല്ലാം ബുദ്ധിമുട്ടുകയാണ്. മരുന്ന് ക്ഷാമം ഉടന്‍ പരിഹരിക്കുമെന്ന് ആശുപത്രി അധികൃതര്‍ ആവര്‍ത്തിക്കുമ്പോഴും പ്രശ്നം എന്ന് പരിഹരിക്കപ്പെടുമെന്ന കാര്യത്തില്‍ ഒരു വ്യക്തതയുമില്ല.

ജില്ലയിലെ ആയിരക്കണക്കിന് സാധാരണക്കാർക്ക് ചികിത്സ ഒരുക്കേണ്ട മെഡിക്കല്‍ കോളജില്‍ രോഗികളും കൂട്ടിരുപ്പുകാരും വളരെ പ്രയാസപ്പെടുന്ന അവസ്ഥയാണ്. ആവശ്യമായത്ര പാരാമെഡിക്കൽ ജീവനക്കാർ ആശുപത്രിയിലില്ല. സ്റ്റാഫ് നഴ്സ്, നഴ്സിങ് അസിസ്റ്റന്‍റ്, ഫാർമസി, ലാബ്, സി.ടി സ്കാൻ, റേഡിയോഗ്രഫി, എക്സ്റേ വിഭാഗങ്ങളിലെല്ലാം ജീവനക്കാരുടെ കുറവുണ്ട്.

എക്സ്റേ, അൾട്രാസൗണ്ട്, ഫാർമസി, ഇ.സി.ജി തുടങ്ങി പല വിഭാഗങ്ങളും കൂടുതൽ സമയം പ്രവർത്തിപ്പിക്കാൻ കഴിയാത്ത സാഹചര്യമാണ്. രേഖകൾപ്രകാരം ഡോക്ടർമാരുടെ കുറവില്ലെങ്കിലും ഇവിടേക്ക് നിയമിക്കപ്പെടുന്ന പലരും ചുമതല ഏറ്റെടുക്കാൻ മടിക്കുന്നതായും പറയുന്നു.

ചുരുങ്ങിയ ദിവസങ്ങൾ മാത്രമേ ഇവർ ജോലിക്കെത്തൂ. മതിയായ ജീവനക്കാർ ഇല്ലാത്തതിനാൽ ഉള്ള ജീവനക്കാർ നിയമാനുസൃത അവധിപോലും എടുക്കാതെ അധികജോലി ചെയ്യേണ്ടിവരുന്നാതായും പറയുന്നു.

Tags:    
News Summary - The medical college has no medicine no staff not even a syringe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.