ലൈൻമാന്മാരില്ല; അറ്റകുറ്റപ്പണി അവതാളത്തിൽ

ചെറുതോണി: ലൈൻമാന്മാരുടെ കുറവുമൂലം വൈദ്യുതി ബോർഡിൽ ലൈനിലെ അറ്റകുറ്റപ്പണി അവതാളത്തിൽ. ഒരാഴ്ചയായി പെയ്ത വേനൽമഴയിൽ നിരവധി ലൈനുകൾ തകരാറിലായെങ്കിലും വൈദ്യുതി ബോർഡിലെ ഓഫിസിൽ വിളിക്കുമ്പോൾ ലൈൻമാനില്ല എന്ന മറുപടിയാണ് കിട്ടുന്നത്.

കാറ്റിലും മഴയിലും ലൈൻ പൊട്ടിവീണാൽ നന്നാക്കാൻ ഒരു ദിവസം കഴിയേണ്ട അവസ്ഥയാണ്. വൈദ്യുതി ഓഫിസിൽ വിളിച്ചാൽ പലപ്പോഴും ഫോൺ പോലും എടുക്കുന്നില്ലെന്നും പരാതിയുണ്ട്.ജില്ലയിൽ നൂറിലധികം ലൈൻമാന്മാരുടെ കുറവുണ്ടെന്നാണ് അധികൃതർ പറയുന്നത്. അടിസ്ഥാന തസ്തികയായ ഇലക്ട്രിസിറ്റി വർക്കർമാർക്ക് സ്ഥാനക്കയറ്റം നൽകാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം.

വർക്കർമാർക്ക് ലൈൻമാൻ ഗ്രേഡ് രണ്ടായാണ് പ്രമോഷൻ ലഭിക്കുക. പിന്നീട് ഗ്രേഡ് ഒന്നാകും ഗ്രേഡ് ഒന്നിൽനിന്ന് ഓവർസീയറായി പ്രമോഷൻ ലഭിക്കും. ലൈനിലെ ജോലിക്ക് മേൽനോട്ടം വഹിക്കുന്ന ചുമതലയാണ് ഓവർസിയർക്കുള്ളത്. ജില്ലയിൽ ഓവർസിയർമാരുടെ തസ്തികയും ഒഴിഞ്ഞുകിടക്കുകയാണ്. യോഗ്യരായ ജീവനക്കാരില്ലെന്ന കാരണത്താൽ വർഷങ്ങളായി വർക്കർ തസ്തികയിൽനിന്ന് ലൈൻമാന്മാരായി സ്ഥാനക്കയറ്റം നൽകുന്നില്ല.

എന്നാൽ, സെൻട്രൽ ഇലക്ട്രിസിറ്റി അതോറിറ്റിയുടെ ചട്ടപ്രകാരം ലൈൻമാന്മാർക്ക് സ്ഥാനക്കയറ്റം നൽകണമെങ്കിൽ ഐ.ടി.ഐ യോഗ്യത വേണമെന്നും അങ്ങനെയുള്ളവർ ഇല്ലെന്നുമാണ് അധികൃതർ പറയുന്നത്. അതേസമയം, വർഷങ്ങളായി ജോലിചെയ്യുന്ന തങ്ങൾക്ക് ചട്ടത്തിൽ ഇളവ് വരുത്തി സ്ഥാനക്കയറ്റം നൽകണമെന്നാണ് വർക്കർമാരുടെ ആവശ്യം.

പോസ്റ്റ് ഒടിയരുതേയെന്ന പ്രാർഥനയിൽ ജീവനക്കാർ

തൊടുപുഴ: വാഹനം ഇടിച്ചോ കാറ്റിലും മഴയിലുമോ പോസ്റ്റ് ഒടിയുകയോ വീഴുകയോ ചെയ്യരുതെന്ന പ്രാർഥനയിലാണ് ജില്ലയിലെ ഇലക്ട്രിസിറ്റി വകുപ്പ് ജീവനക്കാർ. പോസ്റ്റ് ക്ഷാമം രൂക്ഷമായതോടെ അത്യാവശ്യ ഘട്ടങ്ങളിൽ പോലും മാറിയിടാൻ ലഭ്യമല്ലാത്ത സ്ഥിതിയാണ്. പോസ്റ്റ് ഒടിഞ്ഞാൽ മാറ്റാൻ പഴയ പോസ്റ്റുകൾ തേടി നടക്കേണ്ട ഗതികേടും ജീവനക്കാർ അനുഭവിക്കുന്നു. വേനൽമഴ ശക്തി പ്രാപിച്ചതോടെ നിരവധി ഇടങ്ങളിലാണ് പോസ്റ്റുകളും മറ്റും ഒടിഞ്ഞ് നശിച്ചത്. പകരം പുതിയ പോസ്റ്റ് എത്തിച്ചുനൽകാൻ കഴിയാത്ത സാഹചര്യമാണ് ഉള്ളത്. പഴയ പോസ്റ്റുകളും മറ്റും കൊണ്ട് പ്രശ്നപരിഹാരത്തിന് ശ്രമിക്കുന്നുണ്ടെങ്കിലും ഇതൊന്നും മതിയാകാത്ത സ്ഥിതിയാണ്. പോസ്റ്റിട്ട് ലൈൻ വലിച്ച് കണക്ഷൻ നൽകുന്നത് തൊടുപുഴയിൽ നാളുകളായി ഇല്ല. സർവിസ് വയറുകൾ ഉപയോഗിച്ചുള്ള കണക്ഷനുകളാണ് നൽകുന്നത്.

മാസത്തിൽ 1000 പോസ്റ്റുകളെങ്കിലും ജില്ലയിൽ ആവശ്യമുണ്ട്. തമിഴ്നാട്ടിൽ നിന്നടക്കമാണ് പോസ്റ്റുകൾ എത്തിച്ചിരുന്നതെന്നും ഇവിടെനിന്ന് ഇപ്പോൾ വരുന്നില്ലെന്നുമാണ് പറയുന്നത്. പോസ്റ്റുകൾ വരുന്ന മുറക്ക് സെക്ഷനുകളിൽ നൽകുന്നുണ്ടെന്നാണ് അധികൃതരും ചൂണ്ടിക്കാട്ടുന്നു.

പുതിയ കണക്ഷന് ഉപഭോക്താക്കൾ വൈദ്യുതി കണക്‌ഷനുവേണ്ടി പോസ്റ്റുകൾക്ക് തുക അടച്ച് മാസങ്ങൾ കഴിഞ്ഞിട്ടും ലഭ്യമല്ലാത്തതിനാൽ കണക്‌ഷൻ കൊടുക്കാൻ സാധിക്കാത്ത സ്ഥിതിയാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി നിരവധിപേർ പരാതിയുമായും രംഗത്തുണ്ട്. ഗാർഹിക ആവശ്യങ്ങൾക്ക് കൂടാതെ കാർഷിക- വ്യാവസായിക ആവശ്യങ്ങൾക്ക് വൈദ്യുതി കണക്ഷന് അപേക്ഷനൽകി കാത്തിരിക്കുന്നവരും നിരവധിയാണ്.

Tags:    
News Summary - There are no linemen In the maintenance crisis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.