ചെറുതോണി: അനിയനെ തനിച്ചാക്കാൻ മനസ്സില്ലായിരുന്നു ബിജുവിന്; ജീവിതത്തിലും മരണത്തിലും. മുല്ലക്കാനം ചക്കിമാലി കോയിപ്പുറത്ത് ബിനു ചേട്ടൻ ബിജുവിനൊപ്പം മീൻ പിടിക്കാൻ പോയിട്ട് ഒരാഴ്ച പിന്നിട്ടു. കുളമാവ് അണക്കെട്ടിെൻറ ആഴങ്ങളിൽ ജീവിതത്തിലെന്ന പോലെ മരണത്തിലും ആ സഹോദരങ്ങൾ ഒന്നിച്ചു. ഡാമിൽ മുങ്ങിമരിച്ച ബിജുവിെൻറയും ബിനുവിെൻറയും വേർപാട് ചക്കിമാലി ഗ്രാമത്തിെൻറ തോരാത്ത കണ്ണീരായി. എട്ടു സഹോദരങ്ങളുണ്ടായിട്ടും ബിജുവിന് ഏറ്റവും സ്നേഹം ഇളയവനായ ബിനുവിനോടായിരുന്നു. സഹോദരങ്ങളും ബന്ധുക്കളുമെല്ലാം തൊടുപുഴയിലാണ്. പറക്കമുറ്റാത്ത രണ്ടു മക്കളെയും ഭാര്യയെയും അമ്മയേയും കൂട്ടി ബിനു കുളമാവിലെ ഉൾനാടൻ പ്രദേശമായ ചക്കിമാലിയിലെത്തുമ്പോൾ തുണയായി ചേട്ടൻ അവിവാഹിതനായ ബിജുവും കൂടെയെത്തി. ബുധനാഴ്ച ബിനുവിെൻറ മൃതദേഹം കൂടി കണ്ടെത്തിയെന്ന വാർത്ത പരന്നതോടെ ഒരു ഗ്രാമം മുഴുവൻ സംഭവസ്ഥലത്തേക്ക് ഒഴുകി. പ്രിയപ്പെട്ടവനെ അവസാനമായി ഒരു നോക്കു കാണാൻ സാധിക്കണേ എന്ന പ്രാർഥനയുമായി കാത്തിരുന്ന ഭാര്യ സുധയെയും പറക്കമുറ്റാത്ത പേരക്കുട്ടികളായ അരുണിമയെയും അബിനെയും മാറത്തടുക്കി മക്കളെയോർത്ത് കരയുന്ന അമ്മ തങ്കമ്മയെയും ആശ്വസിപ്പിക്കാനാവാതെ അയൽക്കാരും ബന്ധുക്കളും തേങ്ങലമർത്തി.
ബിജുവിെൻറ ചേതനയറ്റ ശരീരം കഴിഞ്ഞദിവസം വീട്ടിലെത്തിയപ്പോഴും സുധ പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു. മക്കൾ രണ്ടുപേരും മടങ്ങിയെത്തണേ എന്ന പ്രാർഥനയിലായിരുന്നു അമ്മ തങ്കമ്മയും. ഇൗ മാസം 21ന് പുലർച്ച അഞ്ചരക്കാണ് ബിജുവും അനുജൻ ബിനുവും മീൻ പിടിക്കുന്നതിനായി കെട്ടിയ വല അഴിച്ചെടുക്കാൻ അണക്കെട്ടിലേക്ക് പോയത്. ഉൾനാടൻ മത്സ്യത്തൊഴിലാളി യൂനിയൻ അംഗങ്ങളാണ് ഇരുവരും. മീൻ പിടിച്ച് വിറ്റും കൂലിപ്പണിയെടുത്തുമാണ് ബിനു കുടുംബം പുലർത്തിയിരുന്നത്. ഇരുവരും ഉച്ചയായിട്ടും തിരിച്ചെത്താതെ വന്നതിനെത്തുടർന്നാണ് അന്വേഷണം തുടങ്ങിയത്.
നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് നടത്തിയ തിരച്ചിലിൽ കഴിഞ്ഞ വ്യാഴാഴ്ച കണ്ണങ്കയം ഭാഗത്തുനിന്ന് വള്ളം, വല, മൊബൈൽ ഫോൺ എന്നിവ കണ്ടെടുത്തിരുന്നു.
വല കെട്ടിയ സ്ഥലത്തുനിന്ന് അര കിലോമീറ്റർ താഴെ മാറിയാണ് ബിജുവിെൻറ മൃതദേഹം കണ്ടെത്തിയത്. ഇതിനോട് ചേർന്നു തന്നെയായിരുന്നു ബിനുവിെൻറ മൃതദേഹവും. 90 മീറ്റർ ആഴത്തിൽ വരെ പരിശോധന നടത്താൻ കഴിയുന്ന കാമറ ഉപയോഗിച്ചായിരുന്നു എട്ട് ദിവസം നീണ്ട തിരച്ചിൽ. ഇവരെ കാണാതായ കഴിഞ്ഞ ബുധനാഴ്ച മുതൽ ചക്കിമാലി ഗ്രാമം ഉറങ്ങിയിട്ടില്ല. കനത്ത മഴയും മഞ്ഞും വീശിയടിക്കുന്ന മരം കോച്ചുന്ന തണുപ്പും അവഗണിച്ച് നാടൊന്നാകെ തിരച്ചിൽ നടത്തിയെങ്കിലും ഒടുവിൽ പ്രതീക്ഷകൾ അസ്ഥാനത്തായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.