പട്ടയ നി​ഷേ​ധ​ത്തി​ൽ വാ​ത്തി​ക്കു​ടി പ​ഞ്ചാ​യ​ത്തി​ലെ ക​ർ​ഷ​ക​ർ തോ​പ്രാം​കു​ടി പ​ട്ട​യ അ​വ​കാ​ശ സം​ര​ക്ഷ​ണ സ​മി​തിയുടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധി​ക്കു​ന്നു

പട്ടയം കാത്ത് തോപ്രാംകുടി; പട്ടയം ലഭിക്കാനുള്ളത് ആയിരക്കണക്കിന് കുടുംബങ്ങൾക്ക്

ചെറുതോണി: വാത്തിക്കുടി പഞ്ചായത്തിലെ ആദ്യകാല കുടിയേറ്റ ഗ്രാമമായ തോപ്രാംകുടിക്കാരുടെ പട്ടയത്തിനു വേണ്ടിയുള്ള കാത്തിരിപ്പ് തുടരുന്നു. ആയിരക്കണക്കിന് കുടുംബങ്ങൾക്കാണ് ഇനിയും പട്ടയം ലഭിക്കാനുള്ളത്. ഇടുക്കിയിലെ പട്ടയം ഉൾപ്പെടെ എല്ലാ ഭൂപ്രശ്നങ്ങളും ഉടൻ പരിഹരിക്കുമെന്ന സർക്കാർ വാഗ്ദാനങ്ങളെ ഏറെ പ്രതീക്ഷയോടെ കണ്ടിരുന്ന വാത്തിക്കുടി പഞ്ചായത്തിലെ ജനങ്ങൾക്ക് തിരുവനന്തപുരത്ത് നടന്ന കഴിഞ്ഞ ഉന്നതതല യോഗതീരുമാനം ഇരുട്ടടിയായിരിക്കയാണ്.

ലാൻഡ് രജിസ്റ്ററിൽ ചട്ടം രണ്ട് എഫ് പ്രകാരമുള്ള നിബന്ധന പാലിക്കുന്ന കൈവശങ്ങൾക്ക് പട്ടയം അനുവദിക്കാനാണ് ഉന്നതതല യോഗ തീരുമാനം. മുരിക്കാശ്ശേരി ഭൂപതിവ് ഓഫിസിൽ 29 വർഷമായി മാറി മാറിവരുന്ന തഹസിൽദാർമാർ പറയുന്നത് ഇവിടെ ഇനി പട്ടയം ലഭിക്കാനുള്ളവരുടെ കൈവശഭൂമി ചട്ടം രണ്ട് എഫ് നിബന്ധന പാലിക്കാത്തതാണെന്നാണ്. അതുകൊണ്ടുതന്നെ ഇങ്ങനെയുള്ള ഭൂമിക്ക് പട്ടയം കൊടുക്കാൻ പറ്റില്ലെന്നും.

എന്നാൽ, ചട്ടം 1993 രണ്ട് എഫ് നിലവിൽ വരുന്നതിനു മുമ്പ് ഈ പഞ്ചായത്തിലെ കൈവശഭൂമികൾക്ക് പട്ടയംകൊടുത്ത് കൊണ്ടിരുന്നത് 1964ലെ ചട്ടപ്രകാരമായിരുന്നു. ഒരു കാലത്ത് ഒന്നിച്ചു കുടിയേറി ഒന്നിച്ചു കൃഷിയിറക്കിയ ഒട്ടേറെപ്പേർക്ക് ലാൻഡ് രജിസ്റ്ററിൽ ഏലം എന്ന് രേഖപ്പെടുത്തിയ ഭൂമിക്കുപോലും 80 കാലങ്ങളിൽ 1964 ചട്ടപ്രകാരം ഇവിടെ പട്ടയം ലഭിച്ചിരുന്നു. അന്ന് പട്ടയം നേടാൻ ശേഷിയില്ലാതെ പോയവർക്കാണ് ഇപ്പോഴും ഇത് കിട്ടാക്കനിയായിട്ടുള്ളത്. ചുറ്റുപാടുമുള്ള മറ്റ് കർഷകർക്ക് പട്ടയമുണ്ടുതാനും.

1975 കാലത്ത് സർക്കാർ നേരിട്ട് കൂപ്പുവെട്ടി മരങ്ങൾ മുഴുവൻ നീക്കം ചെയ്ത തരിശുഭൂമിക്കാണ് പട്ടയം നിഷേധിച്ചിരിക്കുന്നത്. കർഷകർ 1975ൽ വിള പരിവർത്തനം നടത്തി കുരുമുളക്, കാപ്പി, ജാതി തുടങ്ങിയവ കൃഷി ചെയ്ത് വരുന്ന ഭൂമി കൂടിയാണിത്. മറ്റുള്ളവരെപ്പോലെ 1964 ചട്ടപ്രകാരം പട്ടയം കിട്ടാൻ തങ്ങൾക്കും അവകാശമുണ്ട് എന്നാണ് വാത്തിക്കുടിയിലെ കർഷകരുടെ വാദം. പല മുന്നണികൾ മാറിമാറി അധികാരത്തിൽ വന്നിട്ടും തങ്ങൾക്ക് മാത്രം പട്ടയം കിട്ടാത്തതിൽ നിരാശരായ വാത്തിക്കുടി പഞ്ചായത്തിലെ കർഷകർ കടുത്ത തീരുമാനത്തിലാണ്. ആരും വോട്ടുതേടി ഇങ്ങോട്ട് വരേണ്ടെന്നാണ് പട്ടയ അവകാശ സംരക്ഷണ സമിതിയുടെ മുന്നറിയിപ്പ്.

Tags:    
News Summary - Thousands of families are to get Pattayam in Thopramkudi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.