ടൂറിസം ഫെസ്റ്റ്: മിച്ചംപിടിച്ച പണംകൊണ്ട് വീട് നിർമിച്ചുനല്‍കി കാല്‍വരിമൗണ്ടിലെ കൂട്ടായ്മ

ചെറുതോണി: ആസൂത്രണ മികവിലൂടെയും സാമ്പത്തിക അച്ചടക്കത്തിലൂടെയും ഫെസ്റ്റ് സംഘടിപ്പിച്ച് മിച്ചംപിടിച്ച പണംകൊണ്ട് വീട് വെച്ചുനല്‍കി മാതൃകയാകുകയാണ് കാല്‍വരിമൗണ്ടിലെ കൂട്ടായ്മ. നയനമനോഹര കാഴ്ചകള്‍കൊണ്ട് അനുഗൃഹീതമായ കാല്‍വരിക്കുന്നിലെ ടൂറിസം സാധ്യതകള്‍ പുറംലോകത്തെ അറിയിക്കാനാണ് കാമാക്ഷി പഞ്ചായത്തിലെ പൊതുപ്രവര്‍ത്തകരും കര്‍ഷകരും ചേര്‍ന്ന് ടൂറിസം ഫെസ്റ്റ് സംഘടിപ്പിച്ചത്. ഫെസ്റ്റ് നടത്തിയതിലൂടെ നാലുലക്ഷം രൂപയാണ് മിച്ചം വരുത്തിയത്. ഈ തുകകൊണ്ട് നിർധനകുടുംബത്തിന് വീട് വെച്ചുനല്‍കാന്‍ ഫെസ്റ്റ് കമ്മിറ്റി തീരുമാനിക്കുകയായിരുന്നു. ഫെസ്റ്റ് നഗരിക്കടുത്ത് തന്നെ ടാര്‍പോളിൻ ഷീറ്റ് വലിച്ചുകെട്ടിയ കൂരയില്‍ കിടന്നുറങ്ങുന്ന അഞ്ചംഗ കുടുംബത്തിന് തലചായ്ക്കാന്‍ വീടൊരുക്കി. കാല്‍വരിമൗണ്ട് അല്‍ഫോൻസ നഗറില്‍ പുളിക്കത്തോട്ടത്തില്‍ ബിനോയി- സാലിദമ്പതികള്‍ക്കാണ് ഫെസ്റ്റ് കമ്മിറ്റി വീട് നിര്‍മിച്ചുനല്‍കിയത്.

ജനറല്‍ കണ്‍വീനർ സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം റോമിയോ സെബാസ്റ്റ്യന്‍, കെ.ജെ. ഷൈന്‍, എം.വി. ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ ഒന്നര ലക്ഷംകൂടി സമാഹരിച്ച് അഞ്ചര ലക്ഷം രൂപയുടെ വീടാണ് നിർമിച്ചത്. വീട്ടിലേക്ക് ആവശ്യമായ ഉപകരണങ്ങളും വാങ്ങി നല്‍കി. എം.എം. മണി എം.എല്‍.എ താക്കോല്‍ ദാനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഷേര്‍ളി ജോസഫ് അധ്യക്ഷത വഹിച്ചു. കാല്‍വരിമൗണ്ട് വികാരി ജോര്‍ജ് മാരിപ്പാട്ട് ആശംസ നേർന്നു.

ഫാ. ജോസഫ് തളിപ്പറമ്പില്‍ സി.പി.എം ജില്ല സെക്രട്ടറി സി.വി. വര്‍ഗീസ്, ജോയി കാട്ടുപാലം, ജോസഫ് ഏറമ്പടം തുടങ്ങിയവരാണ് ഫെസ്റ്റിന് നേതൃത്വം നല്‍കിയത്

Tags:    
News Summary - Tourism Fest: The Calvary Mountain Fellowship builds a house with the money saved

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.