ചെറുതോണി: വാഹനങ്ങൾ നടുറോഡിൽ പാർക്ക് ചെയ്യുന്നത് പതിവായതോടെ യാത്രക്കാർ പെരുവഴിയിൽ. ടൗണിലെ പുതിയ പാലത്തിലെ അനധികൃത പാർക്കിങ്ങാണ് ‘കെണി’യായത്. ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന പ്രധാന പാതയിലെ പാലത്തിന്റെ ഇരുവശത്തുമാണ് ബസ് ഉൾപ്പെടെ വാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുന്നത്.
ചെറുതോണി പാലത്തിന് സമീപത്തുനിന്ന് ആലിൻചുവട് വരെ ഭാഗത്ത് പാർക്കിങ്ങിന് സ്ഥലമുണ്ടെങ്കിലും ടൗണിൽനിന്ന് പൊട്ടിച്ചുമാറ്റിയ കല്ലും മണ്ണും പാതയോരത്ത് കൂട്ടിയിട്ടിരിക്കുന്നത് തടസ്സമാകുകയാണ്. ട്രാഫിക് മാനദണ്ഡങ്ങൾ ഒന്നും പാലിക്കാതെയുള്ള പാർക്കിങ്ങാണ് ചെറുതോണി ടൗണിൽ ഉടനീളം കാണാനാവുക. പുതിയ പാലത്തിന് മുകളിലെ അനധികൃത പാർക്കിങ് കണ്ടില്ലെന്ന് നടിക്കുകയാണ് അധികൃതർ.
പാലത്തിലെ സിഗ്നൽ ലൈറ്റ് മുതൽ ഇരുവശത്തും ബസ് ഉൾപ്പെടെ വലിയ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ഇതുവഴി കടന്നുപോകുന്ന മറ്റ് വാഹനയാത്രികരുടെ കാഴ്ച മറയ്ക്കുകയാണ്. ടൗൺ മുതൽ ആലിൻചുവടുവരെ ഭാഗത്ത് റോഡിൽ ഒരുവശത്ത് കല്ലും മണ്ണും കൂട്ടിയിട്ടിരിക്കുന്നത് ഒഴിവാക്കിയാൽ ആയിരക്കണക്കിന് വാഹനങ്ങൾ പാർക്ക് ചെയ്യാം. എന്നാൽ, ഓരോ മുടന്തൻ കാരണങ്ങൾ പറഞ്ഞ് കല്ലുമാറ്റാനോ പാർക്കിങ് സൗകര്യങ്ങൾ ഒരുക്കാനോ അധികാരികൾ തയാറായിട്ടില്ല. ഇടുക്കി മെഡിക്കൽ കോളജിലേക്കും കലക്ടറേറ്റിലേക്ക് ഉൾപ്പെടെ പോകുന്നവർക്കും ചെറുതോണി ടൗണിൽ എത്തിയാൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ മറ്റ് വഴിയൊന്നുമില്ല എന്നതാണ് വാസ്തവം.
അടിയന്തരമായി ചെറുതോണി പാലത്തിലെ പാർക്കിങ് ഒഴിവാക്കി കല്ലുകൾ നീക്കം ചെയ്ത് പാർക്കിങ് സൗകര്യം ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.